Saturday, August 8, 2015

നിലാവിന്റെ പെയ്ത്ത്

മഴയൊഴിഞ്ഞ മാനത്ത് നിന്ന് നിലാവിന്റെ പെയ്ത്ത്

ഒരു പിറന്നാളിന്റെ കനവു കൂടി.

പടിയിറങ്ങാനുള്ള സമയമായ് , വരികെന്നു
പടിവാതിൽ മുട്ടിയോരാൾ വിളിപ്പൂ
അറുപത്തി അഞ്ചാണ്ട് സ്നേഹിച്ച ഭൂമിയോ -
ടരുതെന്നു പറയാനെനിക്ക് വയ്യ ,
.
..അളവറ്റു സ്നേഹം പകർന്നു തന്നോർ, പിന്നെ
അറിയാത്ത വഴികളിൽ വേർപിരിഞ്ഞോർ
ഒരുമിച്ചു യാത്രയിൽ കൂടെ നിന്നോർ ,എന്റെ
ഹൃദയത്തുടിപ്പിന്നു സാക്ഷിയായോർ.
ഒരു പിറന്നാളിന്റെ മധുരം നിവേദിച്ച
ഇത് വരേ കാണാത്ത സ്നേഹിതന്മാർ
ആറുപത്തിയഞ്ചി ന്റെ നിറവിലും കാണുന്നു
ഒരു പിറന്നാളിന്റെ കനവു കൂടി....@ 65

എല്ലാ ആശംസകളും മനസ്സിന് കരുത്തു തരുന്നു ..

ബാല്യത്തില്‍ 
ഓരോ പിറന്നാളുകളും 
കൌമാരത്തിന്റെ വരവറിയിക്കലുകള്‍ ആയിരുന്നു.

കൌമാരത്തില്‍ യൌവനത്തിന്റെ തുടി കൊട്ടലുകളും .... 
യൌവനത്തിന് അവ സ്വപ്നങ്ങളുടെ പെരുമ്പറ മുഴക്കങ്ങളും ! .

പിന്നീടങ്ങോട്ട് 
മധ്യ വസ്സിന്റെ നെടുവീര്‍പ്പുകളും 
വാര്‍ധക്യത്തിന്റെ (മരണത്തിന്റെ )മണി മുഴക്കങ്ങളും! ....

ബാല്യ-കൌമാരങ്ങളും 
യൌവന സൌഭാഗ്യങ്ങളും 
ഒരിക്കലും തിരിച്ചു കിട്ടില്ല .
പിന്നെ പ്രാര്‍ഥനകള്‍ മാത്രം തുണ ....

ജരാനരകള്‍ മനസ്സിനെ ബാധിക്കരുതേ എന്ന്...
വാര്‍ധക്യം തളര്‍ത്താതിരിക്കട്ടെയെന്നു , 
മരണത്തോടെ എല്ലാം അവസാനിക്കരുതേ എന്ന്, 
നന്മയുടെ മാത്രമായൊരു ലോകത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം കിട്ടണമെന്നും !....

എല്ലാ ആശംസകളും മനസ്സിന് കരുത്തു തരുന്നു ....
നന്ദി - എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

അഗ്നിച്ചിറകുള്ള സ്വപ്നങ്ങളുമായി

ഉണർന്നിരിക്കുമ്പോൾ ഒക്കെയും
സ്വപ്‌നങ്ങൾ കണ്ടിരുന്നൊരു മനുഷ്യനുണ്ടായിരുന്നു

ഉറങ്ങുകയാണിപ്പോൾ -
തണുത്ത ശരീരത്തിനുള്ളിൽ അഗ്നിച്ചിറകുള്ള സ്വപ്നങ്ങളുമായി ,

നാളെ , 
മണ്ണിനടിയിലെ ഇരുട്ട് മുറിയിൽ , 

നിത്യനിദ്രയിലും സ്വപ്നം കാണുകയായിരിക്കും ,
ദൈവമേ ,
സ്വപ്നങ്ങളിലെ സ്വർഗ്ഗം പുലർന്നു കാണാൻ ഭാഗ്യം നൽകണമേ
അദ്ദേഹത്തിനും ,
സ്നേഹിക്കുകയും സ്നേഹം തിരിച്ചു കൊടുക്കുകയും ചെയ്ത
മനുഷ്യർക്കും .
എനിക്ക് നീ അയച്ചു തന്നത് നിന്റെ ജീവിതത്തിന്റെ തുണ്ടാണെന്നും 
ആരും കാണാതെ ഹൃദയത്തിൽ ഞാനത് സൂക്ഷിക്കുമെന്നും 
വീണ്ടുമത് തിരിച്ചു ചോദിക്കുമ്പോൾ 
ഹൃദയം കൂടി ഒപ്പം വെയ്ക്കുമെന്നും
നിനക്കറിയാമായിരുന്നു അല്ലേ ?
നിന്നെ കണ്ടു മുട്ടിയതിൽ പിന്നീടാണ്
കവിതയെന്നോട് കലഹിച്ചു പോയത് .
അക്ഷരങ്ങൾ കൊണ്ട്
നീ വരച്ച ചിത്രങ്ങൾ കണ്ടാണ്‌
മഴവില്ലിന്റെ നിറങ്ങൾ പോലും 
പിന്നീട് ഞാൻ കാണാതെ പോയത്
ഉദയാസ്തമയങ്ങളുടെ നിറവിന്യാസങ്ങളും
ഋതു സംക്രമണത്തിന്റെ തപ്പും തുടികളും
കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല .
കാലം അന്ന് സ്തംഭിച്ചു പോയതാണ്
മൌനം ശബ്ദങ്ങളെ ഞെരിച്ചു കൊന്നതാണ്
ഓർക്കുന്നുണ്ടോ കണ്ടു മുട്ടിയ ദിവസം
നിന്റെയുള്ളിലെ മുറിപ്പാട്
എന്റെ മുൻപിൽ അനാവരണം ചെയ്യപ്പെട്ടത്!
ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട
അവധൂതന്റെ മുഖമായിരുന്നു നിന്റേതു .
എന്റെ പ്രാർത്ഥനകളിൽ
അന്ന് മുതൽ നീയുമുണ്ടായിരുന്നു
അഗ്നിശുദ്ധി തെളിയിച്ചു
ആൾക്കൂട്ടത്തിനു മുൻപിൽ
ഒരിക്കൽ കൂടി അവതരിക്കും വരെ
കാത്തിരിക്കും -
വെറുതെ - വെറും വെറുതെ !

ഓർമ്മകളില്ലാത്തത്

പടിഞ്ഞാറ് നിന്നൊരു കാറ്റ് വീശുന്നുണ്ട്,
പിണങ്ങിപ്പോയ മഴമേഘങ്ങൾ തിരിച്ചു വരുന്നുണ്ട്

ആഴ്ചയൊന്നായി ആകാശം നിറഞ്ഞു നിന്ന
പഞ്ഞിക്കെട്ടുകളിൽ കരി പുരണ്ടിട്ടുണ്ട് ,
തന്നു തീർക്കാനുള്ള കുടിശ്ശിക ബാക്കിയെ പറ്റി 
കാല വർഷത്തെ ആരോ ഓർമ്മിപ്പിച്ചിട്ടുണ്ട്


നന്ദിയില്ലാത്തവരെങ്കിലും 
സ്വന്തം മക്കള് കഷ്ടപ്പെടരുതെന്നു
ഭൂമിയ്ക്കുമാകാശത്തിനും തിരിച്ചറിവുണ്ട് -


ഓർമ്മകളില്ലാത്തത്
എല്ലാം പെട്ടെന്ന് മറന്നു പോവുന്നത്
മനുഷ്യർക്കാണ്!

വെന്തുരുകിയ ദിനരാത്രങ്ങളിൽ
വീണു കിട്ടിയ ഇടമഴകൾ
നൊന്തു പ്രസവിച്ച അമ്മമാരുടെ
നെഞ്ചു പൊട്ടിയ വിലാപങ്ങൾ ,
വേരോടെ പിഴുതെറിയുന്ന യന്ത്രക്കൈകളിൽ ,
മാനവും അഭിമാനവും പിച്ചിച്ചീന്തപ്പെടുമ്പോൾ
ഉള്ളുരുകി ശപിക്കാത്ത മണ്ണും കാടും പുഴകളും .

കണക്കു കൂട്ടുന്ന ,
കണക്കു തീർക്കുന്ന
തിരക്കിലാണ് നാം
എനിക്കെത്ര കിട്ടി ? നിനക്കോ ?
എല്ലാറ്റിനും ഉത്തരം കിട്ടാൻ നാളെ നമ്മളുണ്ടാവുമോ ?