Sunday, February 5, 2017

എനിക്കിനി വയ്യ


എനിക്കിനി വയ്യ
സ്വപ്‌നങ്ങൾ കാണാനും ,
കിടക്കയിൽ മൂത്രമൊഴിക്കാനും !

ഞാൻ താങ്ങിയില്ലെങ്കിലും
ഉത്തരം ഇങ്ങനെത്തന്നെ നില്ക്കും
ചിലപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീണെന്നും വരാം

(ഉത്തരം വീണു മയ്യത്തായ ഒരൊറ്റ ഗൌളിയെയും
ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല )
ചിലപ്പോൾ മോന്തായം വീഴുന്ന ബേജാറിൽ
വാല് മാത്രം മുറിഞ്ഞെന്നും  വരാം
ഒരിക്കലെങ്കിലും വാല് മുറിഞ്ഞിട്ടില്ലാത്ത
ഒരൊറ്റ ഗൌളിയും ഈ ഭൂമുഖത്തുണ്ടാവില്ല

ചിലപ്പോൾ തോന്നും
ചേരയെ തിന്നുന്നവരുടെ നാട്ടിൽ
തിന്നേണ്ടത്‌ നടുക്കഷ്ണം തന്നെയെന്നു !

സർവ്വാണി സദ്യക്ക് കാത്തിരിക്കുന്നവരെപ്പോലെ
പാത്തും പതുങ്ങിയും ,
മിണ്ടാതെ അനങ്ങാതെ
ദാ .. ഇതുപോലെ ഇരിക്കണം
ഒരു കണ്ണെപ്പോഴും ഇലയിലായിരിക്കണം !

വിളമ്പാൻ തുടങ്ങിയാൽ പിന്നൊന്നും നോക്കേണ്ട
നാണവും മാനവുമൊന്നും ഭക്ഷണക്കാര്യത്തിൽ വേണ്ടല്ലോ
ഇടിച്ചു കയറി ഇരിക്കുക
നടുക്കഷ്ണം ....ങ്ഹാ , അത് മാത്രം മറക്കരുത്

ഇപ്പൊ ഒരു ടെൻഷനും ഇല്ല
എന്തേ ദാസാ നമുക്കീ ബുദ്ധി ആദ്യം തോന്നാഞ്ഞത് ?

Wednesday, February 1, 2017

ഉദയമില്ലാത്ത അസ്തമയങ്ങൾ

ഒരു വസന്തം യാത്ര പറയുന്നത്  ഞാനറിയുന്നു
അസ്തമയത്തോടിപ്പോൾ  വെറുപ്പാണ് .
ഉദിച്ചതൊക്കെയും അസ്തമിക്കുമെന്നു അറിയാം -
എന്നാലും ,
വീണ്ടുമൊരു ഉദയമില്ലാത്ത അസ്തമയം
ഓർക്കാനാവുന്നില്ല

സമാന്തരങ്ങൾ പോലുമല്ലാത്ത വഴികളിലൂടെ
പരസ്പരം കണ്ടു മുട്ടാതെ യാത്ര ചെയ്യുമ്പോഴാണ്
ചക്രവാള സീമയിലാ  ശോണിമ കണ്ടത്
മാറ്റൊലി പോലുള്ള  ശബ്ദത്തിന് കാതോർത്തത്‌

പിന്നെ ഒന്നിച്ചായിരുന്നു യാത്ര
ഒരിക്കലും നേരിൽ കാണാതെ !
ഒരുവട്ടം പോലും സംസാരിക്കാതെ
ഒരിടത്തേക്കാണ് യാത്രയെന്ന അറിവോടെ!

ആരോ എയ്തു വിട്ട ശരങ്ങളിൽ
വ്രണിത ഹൃദയയായി കേഴുമ്പോഴും
പുതിയൊരു ഉദയം സ്വപ്നം കണ്ടിരുന്നല്ലോ
അത് കൊണ്ടാണല്ലോ ,
സ്വപ്‌നങ്ങൾ ഒക്കെയും  വരച്ചു വെച്ചത് ,
പ്രണയമായും കവിതയായും നിലാവായും!

ഉദയമില്ലാത്തൊരു അസ്തമയത്തെ പറ്റി
സൂചിപ്പിച്ചത് പോലുമില്ലല്ലോ അന്നൊന്നും

Friday, January 6, 2017

വാക്കുകളാണ് നമ്മുടെ ശത്രുക്കളെന്നു അറിയുക

ഒടുക്കം നിങ്ങളാ സമവാക്യം കണ്ടെത്തുന്നു
മൌനമാണ് ഏറ്റവും നല്ല രാജ്യതന്ത്രം
കനപ്പെട്ടതൊന്നും മൊഴിയാതിരിക്കുക
വാക്കുകളാണ് നമ്മുടെ ശത്രുക്കളെന്നു അറിയുക
നിനക്കൊരു വിഡ്ഢിയെപ്പോലെ പെരുമാറാനറിയുമോ
ചിരി വരാതെ ചിരിക്കാനും
കരച്ചിൽ വന്നില്ലെങ്കിലും കരയാനും ?
അല്ലെങ്കിലും നീയാരാണ്‌?
ഭൂമിയെ എടുത്തിട്ടു കുലുക്കുന്ന കുണ്ടികുലുക്കി പ്പക്ഷിയോ
ആകാശത്തിന്റെ ഭാരം പേറിത്തളർന്ന അതികായനോ??
നീയില്ലെങ്കിലും നാളെ സൂര്യൻ കിഴക്ക് തന്നെ ഉദിക്കും
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലക്കാട്ട് നിന്നും വരും
പ്രായോഗിക ജീവിതം പഠിക്കാൻ
പാഴൂർ പടിപ്പുര വരെയൊന്നും പോവേണ്ട
അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാം
അഞ്ചു നാൾ കൊണ്ട് അയ്യായിരം തികയ്ക്കാം
 പിന്നെയുമൊരായിരം നിന്നെയനുഗമിയ്ക്കാൻ വരി നിൽക്കും
ഒഴുക്കിനൊപ്പം നീന്താൻ പഠിക്കുക
ഒഴുക്ക് നിലച്ചാലും ശവം പോലെ പൊന്തിക്കിടക്കുക
ഒരിക്കലും നിനക്കൊരു മോക്ഷമില്ലെന്ന തിരിച്ചറിവുണ്ടാവുക
ഇപ്പോൾ ഒരു ഭാരക്കുറവ് അനുഭവപ്പെടുന്നില്ലേ
നേരിന്റെ ഭാരം പോയതോടെ 'ജീവിക്കാൻ' യോഗ്യനായില്ലേ
നിനക്ക് വേണ്ടി കാര്യങ്ങൾ തീരുമാനിക്കാൻ ആളായി
അപ്പൂപ്പൻതാടി പോലെ കാറ്റിലൊഴുകി നടക്കാം ഇനി നിനക്കും !

Tuesday, January 3, 2017

തെരുവുകളിൽ അഗ്നി പൂക്കുന്നത്

ആകാശം നോക്കി മലർന്നു കിടന്നാൽ
നക്ഷത്രങ്ങളും മേഘങ്ങളും കാണാം
പനിമതി വെളുക്കെ ചിരിക്കുന്ന ദിവസങ്ങളിൽ
നിലാവിന്റെ കുളിരേറ്റുറങ്ങാം
ഭാരങ്ങളില്ലാത്തൊരു പഞ്ഞിക്കെട്ടു പോലെ
ആകാശ സീമകളിൽ പറന്നു നടക്കാം
ഭൂമിയിൽ നടക്കുന്നതൊന്നും അറിയേണ്ട
തെരുവുകളിൽ അഗ്നി പൂക്കുന്നത് കാണേണ്ട
എല്ലാം നഷ്ടപ്പെട്ടവന്റെ നെടുവീർപ്പുകൾ കേൾക്കേണ്ട
അതൊക്കെ മനസ്സിലാക്കണമെങ്കിൽ
ഭൂമിയിൽ നഗ്ന പാദനായി നടക്കണം
കണ്ണും മനസ്സും തുറന്നു തന്നെയിരിക്കണം
ചുറ്റിലുമുയരുന്ന ആരവങ്ങൾ കേൾക്കാൻ
കാത് കൂർപ്പിച്ചിരിക്കണം
പാദങ്ങൾ മണ്ണിൽ ഉറപ്പിച്ചു നിർത്തണം
കാൽക്കീഴിൽ നിന്ന് മണ്ണൊലിച്ചു പോവുന്നത് ശ്രദ്ധിക്കണം
സാർത്ഥവാഹക സംഘം യാത്ര തുടങ്ങുമ്പോൾ
കൂടെയുണ്ടായിരുന്നവരെ ഓർത്തു വെക്കണം
ഏതൊക്കെ നാൽകവലകളിൽ വെച്ച്
അവർ നമ്മെയുപേക്ഷിച്ചു പോയെന്നറിയണം
എപ്പോഴെന്നും എങ്ങിനെയെന്നും
പുതിയ സഹയാത്രികരുടെ പഴയ മുഖം മറക്കരുത്
വെളുത്ത ചിരിക്കു പിന്നിലെ കറുത്ത മനസ്സ് ,
കയ്യിലെ ചോരപ്പാടുകൾ,
തേൻ പുരട്ടിയ വാക്കുകളിലെ വിഷം ,
ഒന്നുമൊന്നും കണ്ടില്ലെന്നു നടിക്കരുതു
തിരിച്ചറിവിന്റെ സത്യവാക്മൊഴികൾ നിന്റെ വചനങ്ങളിൽ ഉണ്ട്
മന:സാക്ഷിയുടെ വിചാരണക്കൂട്ടിൽ വിളറിയ മുഖമാണ് നിന്റേതു
പേടിയാണ് നിനക്ക് -
പ്രത്യാശയുടെ പുതിയ വെളിച്ചം പരീക്ഷിച്ചു നോക്കാൻ
എന്തൊക്കെ പറഞ്ഞാലും ഉള്ളിലെ നന്മകൾ മരിച്ചിട്ടില്ല
നിനക്ക് നിന്റെ വഴി കണ്ടെത്താതിരിക്കാൻ കഴിയില്ല

Sunday, December 18, 2016

ആകയാൽ എപ്പോഴും ശുഭാപ്തിവിശ്വാസിയായിരിക്കാം

എത്ര പെട്ടെന്നാണ്
കറുത്തവർ വെളുത്തവരാകുന്നതും
വെറുക്കപ്പെട്ടവർ വാഴ്ത്തപ്പെട്ടവരാകുന്നതും!
ഒരിക്കൽ
മാന്യന്മാരുടെ സദസ്സുകളിൽ ,
അകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവർ
ചുവപ്പ് പരവതാനി വിരിച്ചു ആനയിക്കപ്പെടുന്നു
കൂപമണ്ടൂകങ്ങൾ
സ്വപ്നരഥത്തിലേറി സ്വർഗ്ഗയാത്രക്കൊരുങ്ങുന്നു !
കാൽക്കീഴിൽ നിന്ന് ഒഴുകിപ്പോയ മണ്ണും
കരുത്തു പകർന്നിരുന്ന നേരിന്റെ വെളിച്ചവും
കൈമോശം വന്നവർ പകച്ചു നിൽക്കുന്നു
ആശ്വസിക്കാൻ ഒരൊറ്റ കാര്യമേയുള്ളൂ
വാളെടുത്തവരുടെയൊക്കെ അവസാനം
വാള് കൊണ്ട് തന്നെയായിരുന്നു .
വിദ്വേഷത്തിന്റെ അടിത്തറയിൽ
പണിതെടുത്തതൊന്നും
കാലത്തെ അതിജീവിച്ചിട്ടില്ല
ആകയാൽ എപ്പോഴും ശുഭാപ്തിവിശ്വാസിയായിരിക്കാം
രണ്ടായിരത്തി ഇരുപത്തി ഒന്നോടെ
ലോകം അവസാനിക്കുകയൊന്നുമില്ല
ചിലപ്പോൾ നാളെ തന്നെ
ഒരു മഹാ വിസ്പോടനത്തിൽ
പ്രപഞ്ചം തന്നെ ഇല്ലാതായെന്നും വരാം

Wednesday, November 30, 2016

കവിതയെന്നോട് കലഹിച്ചു പോയത് .

നിന്നെ കണ്ടു മുട്ടിയതിൽ പിന്നീടാണ്
കവിതയെന്നോട് കലഹിച്ചു പോയത് .
അക്ഷരങ്ങൾ കൊണ്ട്
നീ വരച്ച ചിത്രങ്ങൾ കണ്ടാണ്‌
മഴവില്ലിന്റെ നിറങ്ങൾ പോലും 
പിന്നീട് ഞാൻ കാണാതെ പോയത്
ഉദയാസ്തമയങ്ങളുടെ നിറവിന്യാസങ്ങളും
ഋതു സംക്രമണത്തിന്റെ തപ്പും തുടികളും
കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല .
കാലം അന്ന് സ്തംഭിച്ചു പോയതാണ്
മൌനം ശബ്ദങ്ങളെ ഞെരിച്ചു കൊന്നതാണ്
ഓർക്കുന്നുണ്ടോ കണ്ടു മുട്ടിയ ദിവസം
നിന്റെയുള്ളിലെ മുറിപ്പാട്
എന്റെ മുൻപിൽ അനാവരണം ചെയ്യപ്പെട്ടത്!
ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട
അവധൂതന്റെ മുഖമായിരുന്നു നിന്റേതു .
എന്റെ പ്രാർത്ഥനകളിൽ
അന്ന് മുതൽ നീയുമുണ്ടായിരുന്നു
അഗ്നിശുദ്ധി തെളിയിച്ചു
ആൾക്കൂട്ടത്തിനു മുൻപിൽ
ഒരിക്കൽ കൂടി അവതരിക്കും വരെ
കാത്തിരിക്കും - വെറുതെ - വെറും വെറുതെ !

Wednesday, October 12, 2016

നിഴലുകളെ കാണുന്നത് പോലും ഭയമാകും

'അപരനി'ൽ ശത്രുവിനെ സങ്കൽപ്പിക്കുമ്പോൾ
സ്വാസ്ഥ്യം നഷ്ട്ടപ്പെടുന്നത് സ്വയം തന്നെയാണ്,
സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്ന മനസ്
വിദ്വേഷം കൊണ്ട് മലീമസമാകും . 
പ്രാർത്ഥനകൾ ശാന്തിയേകിയ ഹൃത്തടത്തിൽ
വെറുപ്പിന്റെ കൂത്താടികൾ പെറ്റു പെരുകും .
നിഴലുകളെ കാണുന്നത് പോലും ഭയമാകും .
മുഖങ്ങൾ നഷ്ടപ്പെടുന്നിടത്ത്
പ്രതീകങ്ങൾ പ്രതിഷ്ടിക്കപ്പെടും
ഒരിക്കൽ ഉരുവിട്ട വചനങ്ങളുടെ
നിരർത്ഥകതയോർക്കുമ്പോൾ
സ്വയം പുച്ഛം തോന്നും
എന്തേ തനിക്കു പറ്റിയതെന്നു ആലോചിച്ചു
അന്തം വിടും .
നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ
ആത്മ വിചാരണ വേണ്ടി വരും
എന്തിനു , ആർക്കു വേണ്ടിയായിരുന്നു
മന:സാക്ഷിയെ വിൽപ്പന നടത്തിയതെന്ന്,
ആശംസകൾ നൽകിയവന് മുൻപാകെ
ആന്ധ്യം നടിച്ചതെന്തിനെന്നു
വെറുപ്പിന്റെ വേതാളങ്ങളുടെ കയ്യിലൊരു
കളിപ്പാവയായതെങ്ങിനെയെന്നു .
അപരനെ - 'അജാത' ശത്രുവിനെ -
തോൽപ്പിക്കാൻ ആവില്ല .
അവൻ ഇതൊന്നും അറിയുന്നു പോലുമില്ല
ശാപ വചനങ്ങളും കുടില ചിന്തകളും
ഭ്രാന്തു പിടിപ്പിച്ച നിങ്ങളുടെ മനസ്സിനെ പറ്റി
.
അരുതാത്തതൊന്നും വരുത്തല്ലേ നിങ്ങൾക്കെന്നു
കരളുരുകി പ്രാർഥിക്കുന്നുണ്ടാവും അയാൾ
കന്മഷമില്ലാത്ത ഹൃദയത്തോടെ