Friday, August 14, 2015

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും

ഒരു സിംഹത്തിന്റെ ജീവചരിത്രമാണിത്
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ
പുറത്തേക്കു വന്ന ,
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ,
ഞാൻ വായിച്ചെടുത്തത്
ഒരിക്കൽ
അവനീ കൊടിയ വനത്തിന്റെയധിപൻ
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും.
പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും
ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം
ഇപ്പോൾ താഴ്വരകളിൽ
വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും മഞ്ഞുതുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും !!

ചിലത് ദഹിക്കില്ല .

ദോഷൈക ദൃക്കിന്റെ
കറുത്ത കണ്ണടയിലൂടെയാണല്ലോ
കാര്യങ്ങൾ നോക്കിക്കാണുന്നത് മുഴുവൻ
ചുവപ്പ് മങ്ങിയാലും കാവിയാവില്ല 
ആവില്ല എന്നല്ല ആവരുത് .
മറ്റൊന്നു കൊണ്ടുമല്ല ,
ഹൃദയം എപ്പോഴും ചുവപ്പായവർ
ഒരു പാട് പേരുണ്ട് അവരോടൊപ്പം
ആര്യാവർത്തത്തിൽ
ജനിച്ചു മരിച്ചു പോയ
മുഴുവൻ പുണ്യാത്മാക്കളെയും -
നാലായി പകുത്തപ്പെട്ടവരെയും
നാലിലും പെടാത്തവരെയും
ഉടലോടെ വിഴുങ്ങിക്കഴിഞ്ഞില്ലേ?
ചിലത് ദഹിക്കില്ല .
കാൽപ്പാദത്തിൽ ഉരവം കൊണ്ട്
കാൽക്കീഴിൽ ഞെരിഞ്ഞമർന്ന് മടുത്ത ,
മേലാക്കന്മാരുടെ ജാതകദോഷം കൊണ്ട്
രാജ്യത്തിന്റെ ജാതകക്കുറിപ്പെഴുതാൻ
നിയോഗം ലഭിച്ചയാളുടെ കഥയറിഞ്ഞില്ലേ ?
ദഹിക്കാതായാൽ
വിഴുങ്ങിയതൊക്കെ തുപ്പിക്കളയും
മ്ലേച്ചനായാലും വരേണ്യനായാലും

പഴംപറമ്പ്

പഴംപറമ്പ് , ചെറുവാടി നിന്ന് കീഴ്പറമ്പ് വരെ പരന്നു കിടക്കുന്ന മൊട്ടക്കുന്നു .ഇരുമ്പ് തോൽക്കുന്ന ചെങ്കല്ലിന്റെ മല . മഴു കൊണ്ട് വെട്ടിയെടുക്കാൻ ഒരിക്കലും സാധിക്കാത്തത്ര ഉറപ്പു .യന്ത്രവാളുകൾ കൊണ്ട് ചെങ്കല്ലു പാറകളുടെ നെഞ്ചു കീറിത്തുടങ്ങും വരെ അതങ്ങനെ തന്നെ കിടന്നു .കന്യകയായി . പിന്നീടിന്നു വരെ അവിടുന്ന് വണ്ടി കയറിപ്പോയ ചെങ്കല്ലുകളുടെ എണ്ണം കോടികളിൽ ഒതുങ്ങില്ല .
തൃക്കളയൂർ ദേവസ്വം വകയായിരുന്നു അതെന്നു തോന്നുന്നു . കോഴിക്കോട് എയർപോർട്ട് പണിയാൻ ആദ്യം കണ്ടു വെച്ച സ്ഥലം അതായിരുന്നെന്നു കേട്ടിട്ടുണ്ട്.പുല്ലു പോലും കിളിർക്കാത്ത സ്ഥലമായിരുന്നു പണ്ട് .
പാറക്കൂട്ടങ്ങളുടെ ഇത്തിരി കനിവിൽ ഇടയ്ക്കിടെ കാണാമായിരുന്നു പേരറിയാത്ത ഒരു തരം പുല്ലുകൾ .പകൽ നേരങ്ങളിൽ കുനിയിൽ നിന്നും ചെറുവാടിയിലേക്കു കുറുക്കുവഴി തേടുന്ന ആളുകൾ വല്ലപ്പോഴും പോക്ക് വരവുണ്ടാവും .നടന്നു നടന്നുണ്ടാവുന്ന നാട്ടുവഴികൾ മുറിച്ചു കളയുന്ന പാറക്കൂട്ടങ്ങൾ വഴിയാത്ര ഭാഗ്യപരീക്ഷണമാക്കും . പലപ്പോഴും ഒരിക്കൽ പിന്നിട്ട അതേ വഴിയിലൂടെ വീണ്ടും തിരിച്ചു നടക്കേണ്ടി വരും .
പകലൊക്കെ ഇതാണവസ്ഥ . രാത്രിയിലാണെങ്കിൽ ആരും ആ വഴി നടക്കാറേ ഇല്ല .ഒരിക്കൽ എന്റെ വലിയ ഇക്കാക്ക് നേരിട്ട് അനുഭവമുണ്ടായിട്ടുണ്ട് . സന്ധ്യക്ക്‌ മുൻപേ ചെറുവാടിയെത്താം എന്ന പ്രതീക്ഷയിൽ പഴംപറമ്പ് കയറിയതാണ്. ഒന്ന് രണ്ടു പ്രാവശ്യം വഴിതെറ്റി കുന്നിൻ നെറുകയിൽ എത്തിയതോടെ സൂര്യനസ്തമിച്ചു .പൌർണ്ണമി രാവിലെ നിറനിലാവിൽ പടിഞ്ഞാറേ ചെരിവ് ഇറങ്ങിയാൽ ലക്ഷ്യത്തിലെത്താം .
പക്ഷെ ആ രാത്രി മുഴുവൻ പഴം പറമ്പിൽ ചുറ്റിത്തിരിയാനായിരുന്നു ഇക്കാടെ വിധി . പിറ്റേന്ന് പുലർച്ചെ കുന്നു കയറിയെത്തിയവർ ഇക്കയോട് വിവരം ചോദിച്ചറിഞ്ഞു , വഴി കാണിച്ചു കൊടുത്തു . ഒപ്പം പുതിയൊരറിവും ...മൊട്ടക്കുന്നുകളിലെ ഇത്തിരിപ്പുല്ലിനു മറ്റൊരു പേര് കൂടിയുണ്ട് - ചെകുത്താൻ പുല്ലു . ആ പുല്ലിൽ ചവിട്ടിപ്പോയാൽ പിന്നെ വഴി തെറ്റും , ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല!
ആ പഴം പറമ്പിൽ ഇപ്പോൾ ചെകുത്താൻ പുല്ലില്ല , കുന്നിൻ നെറുകയിൽ നെടുകെ പിളർത്തു കൊണ്ട് മുക്കത്ത് നിന്ന് കരിപ്പൂർ എയർപോർട്ടിലേക്കുള്ള രാജപാതയുണ്ട് . പാതക്കിരുവശത്തും പാറ വെട്ടിയെടുത്ത പാതാളം പോലുള്ള കുഴികളും

കർക്കിടക വാവ്

ഇന്ന് കർക്കിടക വാവ് .എന്റെ സഹോദരന്മാരിൽ പലരും - വിശ്വാസികളല്ലെങ്കിൽ പോലും പിതാക്കന്മാർക്ക് ബലി തർപ്പണത്തിനു പാപനാശിനിയിലേക്കും വരക്കൽ കടപ്പുറത്തേക്കും പുലർച്ചേ പുറപ്പെട്ടു കാണും .

ഞാനും ഓർത്തു ഒരു പാട് , ഇന്നീ പ്രഭാതത്തിൽ എന്റെ ഉപ്പാനെ .

വാർദ്ധക്യത്തിന്റെ വരവൊച്ചകൾ കേട്ടു തുടങ്ങിയതിൽ പിന്നീടായിരുന്നു ബാപ്പക്ക് ഞാനെന്ന അവസാനത്തെ തരി പിറന്നത്‌ .ഒമ്പതാമത്തെയാളായി .പതിനഞ്ചു തികയും മുൻപേ ഞാൻ ബാപ്പ മരിച്ച കുട്ടിയായി . എങ്കിലും ഓർമ്മയിൽ ഇപ്പോഴുമുണ്ട് ആ നെഞ്ചിലെ ചൂടും ഒപ്പം പറമ്പിലെ കാപ്പിച്ചെടിയുടെ ഇളം കമ്പുകൾ കൊണ്ട് മുടങ്ങാതെ കിട്ടിയിരുന്ന എണ്ണമില്ലാത്ത അടികളുടെ ചൂടും .

ഇളയ മോനായിരുന്നത് കൊണ്ടാവും മറ്റു മക്കൾക്കൊന്നും കിട്ടിയിട്ടില്ലാത്ത വാത്സല്യവും സ്വാതന്ത്ര്യവും തന്നു . വാൽസല്യക്കൂടുതൽ കൊണ്ട് മകൻ കുരുത്തം കെട്ടു പോകരുതെന്ന് കരുതി ഓരോ തെറ്റിനും കടുത്ത ശിക്ഷയും

ഓർമ്മയുണ്ട് , ദർസിനും ഇശാ നമസ്കാരത്തിനും ശേഷം നേരെ ഇക്കാക്കമാർക്കൊപ്പം വീട്ടിലെത്താത്ത കുറ്റം ചെയ്ത ആ രാത്രി .അന്ന് പെട്രോമാക്സ് വെളിച്ചത്തിൽ അസൈനാരുടെ ആന പാലിയിൽ നിന്ന് കടവിലേക്ക് മരം വലിക്കുന്നു. (അസൈനാരുടെ ആനയെ പറ്റി ഒരിക്കൽ ഞാനെഴുതിയിരുന്നു . മറ്റാർക്കും വഴങ്ങാത്ത ആ ഒറ്റക്കൊമ്പനെ മുതലാളി അദ്ദേഹത്തിന് 'തീറെഴുതി' കൊടുത്തതായിരുന്നു )
സമയത്ത് വീട്ടിലെത്താൻ മറന്നു ഞാനും ഒരു പറ്റം കുട്ടികൾക്കൊപ്പം സ്ഥല,കാല ബോധമില്ലാതെ നടന്നു .

 .ഇക്കാക്കമാർ വീട്ടിലെത്തിയപ്പോൾ കൂടെ ഞാനില്ല . ഞാൻ വന്നിട്ടേ ഭക്ഷണം വിളമ്പാവൂ എന്ന ഉപ്പാടെ ആജ്ഞ . വിശക്കുന്ന വയറുമായി കയ്യിൽ ഓലച്ചൂട്ടും കൊടുത്തു വിട്ടു ഇക്കാക്കമാരെ . ഒടുക്കം എന്നെയവർ കണ്ടെത്തിയപ്പോഴേക്ക് മണി പന്ത്രണ്ടു കഴിഞ്ഞിരിക്കും .
തിരിച്ചെത്തിയ ഉടൻ ശിക്ഷയുടെ ഒന്നാം ഊഴം .വീട്ടിന്റെ ഉത്തരത്തിൽ നിന്നെടുത്ത കാപ്പിവടി കൊണ്ട് ആസനത്തിൽ കിട്ടിയ അടിക്കു അന്നിത്തിരി ഊക്കു കൂടിയിരുന്നു . പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് കണ്ണു നിറഞ്ഞിട്ടും കരച്ചിൽ തൊണ്ടക്കുഴിയിൽ ഒതുക്കി . ഭക്ഷണം വിളമ്പാൻ ഉമ്മയെ അടുക്കളയിലേക്കു അയച്ചപ്പോഴാണ് ഞാനാ വാചകം കേട്ടത് ''ബാക്കി നാളെ ''.

അതോടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി . ''തരാനുള്ളത്‌ മുഴുവൻ ഇപ്പൊ തന്നെ തന്നാൽ മന:സമാധാനത്തോടെ മനുഷ്യന് ഉറങ്ങാമായിരുന്നു ''.

പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ഉപ്പയും പൊട്ടിക്കരയുകയായിരുന്നു . ഒപ്പം ചേർത്തു പിടിച്ചു ഒരുപാട് ഉമ്മകൾ കൊണ്ടെന്നെ പൊതിഞ്ഞു . പിന്നെ ഭക്ഷണം , പതിമൂന്നു വയസ്സുകാരനെ ഹൃദയത്തോട് ചേർത്തു കിടത്തി ചന്തിയിലെ തിണർത്തു പൊന്തിയ വടിയടയാളങ്ങളിൽ തലോടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നത് ഞാനറിഞ്ഞു .

പിതൃവാത്സല്യത്തിന്റെ ചൂടുള്ള കണ്ണുനീർ... മഴയൊഴിഞ്ഞ ഈ കർക്കിടക വാവ് ദിവസം അതൊക്കെ ഓർക്കുമ്പോൾ എന്റെ മനസ്സിലും കണ്ണീരിന്റെ മഴ പെയ്യുന്നുണ്ട് .മക്കളും പേരക്കുട്ടികളുമായി കഴിയുന്ന എനിക്ക് , ഉപ്പാടെ അന്നത്തെ പ്രായമാണല്ലോ ഇപ്പോൾ !

Tuesday, August 11, 2015

ജന്മ നിയോഗം

ശബ്ദവും മൌനവും വെച്ചു മാറി
ഇപ്പോൾ എന്തൊരു സമധാനം  !

വർണ്ണക്കടലാസിൽ പൊതിഞ്ഞ സ്വപ്ന മിട്ടായികൾ
തന്നവർക്ക് തന്നെ തിരിച്ചു കൊടുത്തു
ഇപ്പോൾ ഉള്ളകം ശൂന്യം 
നെടുവീർപ്പിന്റെ ഓളങ്ങൾ പോലുമില്ലാതെ !

ഓർക്കുകയായിരുന്നു ഞാൻ
ആർക്കോ വേണ്ടി കൊട്ടാരം പണിയുന്ന അടിമകളെ
വെണ്ണക്കല്ലിൽ സ്വപ്ന സൌധങ്ങൾ പണി തീർത്തു
അതിനു ചാരെ സ്വന്തം മോഹങ്ങളെ കുഴിച്ചിട്ടു
സ്വയം എരിഞ്ഞടങ്ങുന്ന നിർഭാഗ്യ ജന്മങ്ങളെ !

എന്തായിരുന്നു ജന്മ നിയോഗം ?
ജീവ ചരിത്രകാരൻ കൊടുക്കാൻ പോകുന്ന ശീർഷകം?
' ത്യാഗിയുടെ ദിനസരിക്കുറിപ്പെന്നോ '?
ജീവിക്കാൻ മറന്നു പോയൊരു വിഡ്ഢിയുടെ കഥയെന്നോ ?

Monday, August 10, 2015

നിങ്ങളിങ്ങു പോര്

കോഴി വെയ്സ്റ്റു ഇടാൻ പറ്റിയ പുഴയില്ല , ആളൊഴിഞ്ഞ വളവുകളില്ല!

നിന്ന് മൂത്രമൊഴിക്കാൻ ഒരു എലെക്ട്രിക്ക് പോസ്റ്റിന്റെ മറവില്ല !

ഉറക്കെയൊന്നു കാർക്കിച്ചു തുപ്പാൻ
 ''ഇവിടെ തുപ്പരുത് ''എന്നെഴുതി വെച്ച ബോഡില്ല !!

ഒന്ന് മാനം നോക്കി തൂറാൻ 
തീവണ്ടിപ്പാതയുടെ അടുത്ത് കുറ്റിക്കാട് പോലുമില്ല -

അങ്ങനത്തെ ഗൾഫിൽ കഴിയാതെ 
നിങ്ങളിങ്ങു പോര് , നമുക്കിവിടെ അടിച്ചു പൊളിക്കാം!!!

ശബ്ദവും മൌനവും വെച്ചു മാറി

ശബ്ദവും മൌനവും വെച്ചു മാറി
ഇപ്പോൾ എന്തൊരു സമാധാനം
വർണ്ണക്കടലാസിൽ പൊതിഞ്ഞ സ്വപ്ന മിട്ടായികൾ
തന്നവർക്ക് തന്നെ തിരിച്ചു കൊടുത്തു
ഇപ്പോൾ ഉള്ളകം ശൂന്യം
നെടുവീർപ്പിന്റെ ഓളങ്ങൾ പോലുമില്ലാതെ

ഓർക്കുകയായിരുന്നു ഞാൻ
ആർക്കോ വേണ്ടി കൊട്ടാരം പണിയുന്ന അടിമകളെ
വെണ്ണക്കല്ലിൽ സ്വപ്ന സൌധങ്ങൾ പണി തീർത്തു
അതിനു ചാരെ സ്വന്തം മോഹങ്ങളെ കുഴിച്ചിട്ടു
സ്വയം എരിഞ്ഞടങ്ങുന്ന നിർഭാഗ്യ ജന്മങ്ങളെ

എന്തായിരുന്നു ജന്മ നിയോഗം ?
ജീവ ചരിത്രകാരൻ കൊടുക്കാൻ പോകുന്ന ശീർഷകം?
' ത്യാഗിയുടെ ദിനസരിക്കുറിപ്പെന്നോ '?
ജീവിക്കാൻ മറന്നു പോയൊരു വിഡ്ഢിയുടെ കഥയെന്നോ ?