Wednesday, February 26, 2014

ഏതോ വഴിയാത്രാ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയൊരു
പേരില്ലാ ചെടിയുണ്ടായിരുന്നു എന്റെ വീട്ടു വളപ്പിൽ
ഒപ്പം വാങ്ങിയ സപ്പോട്ടത്തയ്യും മാവിൻ തൈകളും
കൊല്ലങ്ങൾ ഇത്ര കഴിഞ്ഞിട്ടും
ഒന്ന് പൂക്കുക പോലും ചെയ്യാതെ
പാതി വളർച്ചയിൽ മുരടിച്ചു നില്പ്പുണ്ടിപ്പോഴും
നട്ടു നനച്ച കൈകൾ കൊണ്ടത്‌
വെട്ടിക്കളയാൻ മനസ്സില്ലാത്തത് കൊണ്ട് മാത്രം
അവയിപ്പൊഴും ജീവനോടെ നില്ക്കുന്നു .

പക്ഷെ പേരില്ലാത്തയ്യ്‌
പേരാല് പോലെ വളര്ന്നു
കാട്ടു ചെടിയുടെ കരുത്തോടെ ,
അഹങ്കാരത്തോടെ,
നാലഞ്ചു വർഷം കൊണ്ട്
താൻ നിന്നിടം മുഴുവൻ സ്വന്തം സാമ്രാജ്യമാക്കി !

എന്റെ പ്രിയപ്പെട്ട അശോകത്തെച്ചിയും
എവിടുന്നൊക്കെയോ കൊണ്ട് വന്നു നട്ട
എണ്ണമറ്റ ചെമ്പരത്തി വൈവിധ്യങ്ങളും
അതിന്റെ തണലിനടിയിൽ ശ്വാസം മുട്ടി

വിരുന്നു വന്നവരോടും വഴിയെ പോകുന്നവരോടും ചോദിച്ചു
ഇതേതു മരം ?

(അപ്പോഴേക്ക് അതൊരു മരമായിരുന്നു )

ആർക്കു മറിയില്ല - എനിക്കും

പിന്നെ ഒരു വേനലവധിക്ക് ഞാനത് വെട്ടിക്കളഞ്ഞു
അതേ വാരാന്ത്യത്തിൽ
വയനാട്ടിലെ എന്റെ സുഹൃത്തിന്റെ വീട്ടിൽ
അതിഥിയായി ഞാനുറങ്ങിയ രാത്രിയിൽ
അപ്സരസ്സുകളുടെ ലോകത്തിലെന്നെയെത്തിച്ച
പൌർണ്ണമി രാവിലെ സുഗന്ധത്തിന്റെ
പേരന്യേഷിച്ചു ഞാൻ .
ചെമ്പകം പൂത്ത മണം - അതായിരുന്നു അവന്റെ മറുപടി

പിറ്റേന്ന് കാലത്ത്
ഞാനാ ചെമ്പകമരം നേരിൽ കണ്ടു
അവന്റെ മുറ്റം മുഴുവൻ തണല് വിരിച്ച ഒറ്റ മരം

വേദനയോടെ ഞാനോർത്തു ....
വെട്ടിക്കളഞ്ഞ എന്റെ കാട്ടുമരം ഒരു ചെമ്പകമായിരുന്നു