Sunday, November 17, 2013

പകുത്തെടുത്തതിന്റെ ബാക്കി വല്ലതുമുണ്ടെങ്കിൽ 
എടുത്തു വെച്ചേക്കണം
ജനിച്ചു വീഴുന്ന ശേഷക്കാർക്കായി !

ഏറെയൊന്നും വേണ്ട 
വലിച്ചു കീറാത്ത മണ്ണിന്റെയൊരു തുണ്ട് 
വെടിമരുന്നു കൊണ്ട്തകർത്തു കളയാത്തൊരു കരിമ്പാറക്കൂട്ടം
തെളിനീരോഴുകുന്നൊരു കൊച്ചു പുഴ 
അരികത്തൊരു പഞ്ചാര മണൽത്തീരം 

കഥകൾ പറയാൻ മുത്തശ്ശിമാരും
ചരിത്രം രചിക്കാൻ മുത്തച്ചന്മാരും
ബാക്കിയുണ്ടാവില്ല
കേൾക്കാൻ കുഞ്ഞുങ്ങൾക്ക്‌ നേരവും

ഐതിഹ്യത്തിലെ ഭാർഗ്ഗവരാമനിൽ തുടങ്ങിയതാണ്‌
ഓഹരി വെപ്പിന്റെ നാറ്റക്കഥകൾ
കാടും മലയും
കടലും കരയും
കരമണ്ണും കരിമണലും

ഇനിയെന്തിനു മലകളുംകാടുകളും ?
ഇടവപ്പാതിയും തുലാവർഷവും ഞാറ്റുവേലയും ?
ആയുസ്സെത്തും മുൻപ് ഒടുങ്ങും അധികപേരും !

ഇനിയൊരമ്പതു കൊല്ലം - കൂടിയാൽ !
പിന്നെ
'ഒരിടത്തൊരിടത്ത് '..........
വിക്കിപീഡിയയിൽ വായിച്ചു പഠിക്കാം മക്കൾക്ക്‌
''ദൈവത്തിന്റെ ഭൂമി പിശാചുക്കൾ പങ്കിട്ടെടുത്ത 'ചരിത്രം '
ഈ ജീവിതം തന്നെ അതിശയമല്ലേ
ആസക്തി പൂണ്ടു പുറകെ പായുന്നവനെ
ആരോ കൊക്കയിട്ടു -
(നിങ്ങളെന്താണതിന് പറയാറുള്ളത് ?)
വീഴ്ത്തുന്നത് !
പിറകിൽ നിന്ന് പൊട്ടിച്ചിരികൾ കേട്ട് തിരിഞ്ഞു നോക്കുമ്പോൾ
യാത്രയിൽ ഒപ്പമുണ്ടായിരുന്നവരുടെ മുഖങ്ങളിൽ
പുച്ഛം നിറഞ്ഞു നിൽക്കുന്നത്!

മരണം വിലയ്ക്ക് വാങ്ങാൻ കൊതിച്ചവന് മുൻപിൽ
വാതിലുകൾ കൊട്ടിയടക്കപ്പെടുന്നത് ,
കാർഡിയാക്ക് അറസ്റ്റു വന്നു വെന്റിലേറ്ററിൽ കിടന്നിരുന്നവൻ
ഗ്യാസ്ട്രബിളെന്നു വെളുക്കേ ചിരിച്ചു പടി കയറി വരുന്നത് ,
കാരണവൻ താനെന്നുപറഞ്ഞു
ചാരുകസേരയിൽ ഇരുന്നവൻ
ദേഷ്യവും സങ്കടവും കൊണ്ട് പല്ലിറുമ്മുന്നതു കണ്ടു
മുറിച്ചിട്ട മൂവാണ്ടൻ മാവിന് ചിരിക്കാൻ തോന്നുന്നത് .

ജീവിതം ഒരതിശയം തന്നെയാണ്
ആരും തിരിഞ്ഞു നോക്കാനില്ലാതെ
(മരണത്തിനും ജീവിതത്തിനും വേണ്ടാതെ )
ഉമ്മറക്കോലായിലെ മച്ചും നോക്കി കിടക്കുന്നവന് മുൻപിൽ
എന്നും ശത്രുവെന്ന് കരുതിയവൻ
പ്രത്യക്ഷപ്പെടുന്നത്
തലയല്പം പിടിച്ചുയർത്തി ഭക്ഷണം വായിൽ വെച്ചു തരുന്നത്
കുടിക്കാൻ വെള്ളവും കിടക്കാൻ വാട്ടർ ബെഡും ,
ഒന്നും ആലോചിക്കരുതെന്നും
എന്നും ഒപ്പമുണ്ടാവുമെന്നും
സ്നേഹവും കാരുണ്യവും ചേർന്നൊരു ആശ്വാസവചനവും .

ജീവിതം വല്ലാത്തൊരു അതിശയം തന്നെയാ
എന്റെ വിളി കേൾക്കുന്നിടത്തെവിടെയോ
നീയിരിപ്പുണ്ടെന്ന അറിവ്
സ്നേഹിക്കുന്നെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും
വെറുക്കാൻ നിനക്കാവില്ലെന്ന ഉറപ്പു
ഇടയ്ക്കിടെ അപ്രത്യക്ഷമാവുമ്പോഴും
മനസ്സിനകത്ത് നീയുണ്ടെന്ന തിരിച്ചറിവ്
ഓരോ ഉദയവും എനിക്ക് കാണാനാണെന്നും
അസ്തമയം എനിക്കും നിനക്കും അസഹ്യമാണെന്നും
ഉള്ളൊരു തോന്നൽ

പ്രണയമല്ലിത്
സമാന മനസ്കർ തമ്മിലുള്ള ഹൃദയ ബന്ധം
ചിലപ്പോൾ നിന്റെയഭാവം
എന്റെ സ്വസ്ഥത തകർക്കും
ഒരിക്കലും കണ്ടു മുട്ടാതിരുന്നെങ്കിൽ
അപരിചിതരുടെ തുരുത്തിൽ
ഞാനും നീയും മുഖമില്ലാത്ത രണ്ടു മനുഷ്യരായിരുന്നുവെങ്കിൽ
നിന്റെ ഓർമ്മ പോലും എന്റെ ഉറക്കം കെടുത്തില്ലായിരുന്നു !

മനസ്സ് പറയുന്നു
നാളെ എനിക്ക് മാത്രം കാണാനാവുന്നൊരു പകൽ നക്ഷത്രമായി
നീ വീണ്ടും ഉദിച്ചേക്കുമെന്ന് ,
പിന്നെ രാവും പകലും നീ എന്റെ നിഴലായി
കൂടെയുണ്ടാവുമെന്നു!!
ഒരു സിംഹത്തിന്റെ ജീവ ചരിത്രമാണിത് 
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ 
പുറത്തേക്കു വന്ന 
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ഞാൻ വായിച്ചെടുത്തത്

ഒരിക്കൽ 
അവനീ കൊടിയ വനത്തിന്റെയധിപൻ 
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ 
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും 

പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും

ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും
മഴത്തുള്ളികളും മഞ്ഞു തുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും