Sunday, September 25, 2016

നിന്ന് കാലു കോഴയ്ണല്ലോ തമ്പ്രാക്കന്മാരേ

പെരുമനെന്നായിരുന്നോ അയാളുടെ പേര് ?
അമ്പതു വർഷങ്ങളായി ഞാൻ കാണുന്നുണ്ട്
ഒമ്പതാം വളവും കഴിഞ്ഞു ലക്കിടിയിലെത്തുമ്പോൾ
പേരറിയാത്തൊരു മരത്തിന്റെ
ഉച്ചിയിൽ കൊളുത്തിയ ഇരട്ടച്ചങ്ങലയിൽ തളച്ച നിലയിൽ

അടിവാരത്ത് നിന്ന് ലക്കിടിയിലേക്ക്
ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള ദൂരമുണ്ടായിരുന്നു .
മലകൾ കയറിച്ചെന്നാൽ കരിമണ്ണും
മണ്ണിന്റെ നിറമുള്ള മനുഷ്യരും
മലനിരകളിൽ നിബിഡവനങ്ങളും
ചെരിവുകളിൽ പുൽമൈതാനങ്ങളും
താഴ്‌വരകളിൽ വയലേലകളും
നിലക്കാത്ത ഉറവകളും തണുത്ത കാറ്റും .!

കേട്ടറിവുകളായിരുന്നു നാട്ടുമക്കൾക്കതൊക്കെ
കാഴ്ചകളിൽ ഭീതി പടർത്തുന്ന ഗിരിശ്രുംഗങ്ങൾ
ഒരിക്കലും എത്തിപ്പെടാനാവാത്ത ലോകം
മുളംകുറ്റികളിൽ കാട്ടുതേനും വനവിഭവങ്ങളുമായി
കാടും മലയുമിറങ്ങി വരുന്ന 'പെരുമൻ' മാർ
'കാട്ടു'മലയാളത്തിൽ പറഞ്ഞു തന്ന കഥകൾ!

പിന്നെയായിരുന്നല്ലോ
കറുത്ത മനസ്സും വെളുത്ത തൊലിയുമുള്ളവർ,
പെരുമനോട് വഴി ചോദിച്ചറിഞ്ഞത് !
ദുർഘടം പിടിച്ച കാട്ടുവഴികളിലൂടെ
മലയുടെ ഉച്ചിയിലെത്താനൊരു എളുപ്പവഴി!

ഊടു വഴികളിൽ വെട്ടിയെടുത്ത പാതകളിലൂടെ
ആദ്യം ചുരം കയറിയെത്തിയ വില്ലീസു വണ്ടിയിൽ
പെരുമനെ തളച്ചിടാനുള്ള ചങ്ങലുകളുണ്ടായിരുന്നു.

പിന്നിങ്ങോട്ട് ,
ചുരമിറങ്ങി വരുന്ന ലോറികളിൽ കരിങ്കാതൽ മരങ്ങൾ
വെട്ടി വെളുപ്പിച്ച മലയിടങ്ങളിൽ തേയിലത്തോട്ടങ്ങൾ
കാപ്പിയും കൊക്കോയും വിളയുന്ന എസ്റ്റെയ്റ്റുകൾ.

കാട് നാടായതും
കാട്ടു മക്കൾക്ക് കാടും നാടും ഇല്ലാണ്ടായതും
എങ്ങടെ വിധിയാണെന്റെ തമ്പ്രാക്കളേ
നിന്ന് കാലു കോഴയ്ണല്ലോ  തമ്പ്രാക്കന്മാരേ