Sunday, December 18, 2016

ആകയാൽ എപ്പോഴും ശുഭാപ്തിവിശ്വാസിയായിരിക്കാം

എത്ര പെട്ടെന്നാണ്
കറുത്തവർ വെളുത്തവരാകുന്നതും
വെറുക്കപ്പെട്ടവർ വാഴ്ത്തപ്പെട്ടവരാകുന്നതും!
ഒരിക്കൽ
മാന്യന്മാരുടെ സദസ്സുകളിൽ ,
അകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവർ
ചുവപ്പ് പരവതാനി വിരിച്ചു ആനയിക്കപ്പെടുന്നു
കൂപമണ്ടൂകങ്ങൾ
സ്വപ്നരഥത്തിലേറി സ്വർഗ്ഗയാത്രക്കൊരുങ്ങുന്നു !
കാൽക്കീഴിൽ നിന്ന് ഒഴുകിപ്പോയ മണ്ണും
കരുത്തു പകർന്നിരുന്ന നേരിന്റെ വെളിച്ചവും
കൈമോശം വന്നവർ പകച്ചു നിൽക്കുന്നു
ആശ്വസിക്കാൻ ഒരൊറ്റ കാര്യമേയുള്ളൂ
വാളെടുത്തവരുടെയൊക്കെ അവസാനം
വാള് കൊണ്ട് തന്നെയായിരുന്നു .
വിദ്വേഷത്തിന്റെ അടിത്തറയിൽ
പണിതെടുത്തതൊന്നും
കാലത്തെ അതിജീവിച്ചിട്ടില്ല
ആകയാൽ എപ്പോഴും ശുഭാപ്തിവിശ്വാസിയായിരിക്കാം
രണ്ടായിരത്തി ഇരുപത്തി ഒന്നോടെ
ലോകം അവസാനിക്കുകയൊന്നുമില്ല
ചിലപ്പോൾ നാളെ തന്നെ
ഒരു മഹാ വിസ്പോടനത്തിൽ
പ്രപഞ്ചം തന്നെ ഇല്ലാതായെന്നും വരാം

Wednesday, November 30, 2016

കവിതയെന്നോട് കലഹിച്ചു പോയത് .

നിന്നെ കണ്ടു മുട്ടിയതിൽ പിന്നീടാണ്
കവിതയെന്നോട് കലഹിച്ചു പോയത് .
അക്ഷരങ്ങൾ കൊണ്ട്
നീ വരച്ച ചിത്രങ്ങൾ കണ്ടാണ്‌
മഴവില്ലിന്റെ നിറങ്ങൾ പോലും 
പിന്നീട് ഞാൻ കാണാതെ പോയത്
ഉദയാസ്തമയങ്ങളുടെ നിറവിന്യാസങ്ങളും
ഋതു സംക്രമണത്തിന്റെ തപ്പും തുടികളും
കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല .
കാലം അന്ന് സ്തംഭിച്ചു പോയതാണ്
മൌനം ശബ്ദങ്ങളെ ഞെരിച്ചു കൊന്നതാണ്
ഓർക്കുന്നുണ്ടോ കണ്ടു മുട്ടിയ ദിവസം
നിന്റെയുള്ളിലെ മുറിപ്പാട്
എന്റെ മുൻപിൽ അനാവരണം ചെയ്യപ്പെട്ടത്!
ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട
അവധൂതന്റെ മുഖമായിരുന്നു നിന്റേതു .
എന്റെ പ്രാർത്ഥനകളിൽ
അന്ന് മുതൽ നീയുമുണ്ടായിരുന്നു
അഗ്നിശുദ്ധി തെളിയിച്ചു
ആൾക്കൂട്ടത്തിനു മുൻപിൽ
ഒരിക്കൽ കൂടി അവതരിക്കും വരെ
കാത്തിരിക്കും - വെറുതെ - വെറും വെറുതെ !

Wednesday, October 12, 2016

നിഴലുകളെ കാണുന്നത് പോലും ഭയമാകും

'അപരനി'ൽ ശത്രുവിനെ സങ്കൽപ്പിക്കുമ്പോൾ
സ്വാസ്ഥ്യം നഷ്ട്ടപ്പെടുന്നത് സ്വയം തന്നെയാണ്,
സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്ന മനസ്
വിദ്വേഷം കൊണ്ട് മലീമസമാകും . 
പ്രാർത്ഥനകൾ ശാന്തിയേകിയ ഹൃത്തടത്തിൽ
വെറുപ്പിന്റെ കൂത്താടികൾ പെറ്റു പെരുകും .
നിഴലുകളെ കാണുന്നത് പോലും ഭയമാകും .
മുഖങ്ങൾ നഷ്ടപ്പെടുന്നിടത്ത്
പ്രതീകങ്ങൾ പ്രതിഷ്ടിക്കപ്പെടും
ഒരിക്കൽ ഉരുവിട്ട വചനങ്ങളുടെ
നിരർത്ഥകതയോർക്കുമ്പോൾ
സ്വയം പുച്ഛം തോന്നും
എന്തേ തനിക്കു പറ്റിയതെന്നു ആലോചിച്ചു
അന്തം വിടും .
നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ
ആത്മ വിചാരണ വേണ്ടി വരും
എന്തിനു , ആർക്കു വേണ്ടിയായിരുന്നു
മന:സാക്ഷിയെ വിൽപ്പന നടത്തിയതെന്ന്,
ആശംസകൾ നൽകിയവന് മുൻപാകെ
ആന്ധ്യം നടിച്ചതെന്തിനെന്നു
വെറുപ്പിന്റെ വേതാളങ്ങളുടെ കയ്യിലൊരു
കളിപ്പാവയായതെങ്ങിനെയെന്നു .
അപരനെ - 'അജാത' ശത്രുവിനെ -
തോൽപ്പിക്കാൻ ആവില്ല .
അവൻ ഇതൊന്നും അറിയുന്നു പോലുമില്ല
ശാപ വചനങ്ങളും കുടില ചിന്തകളും
ഭ്രാന്തു പിടിപ്പിച്ച നിങ്ങളുടെ മനസ്സിനെ പറ്റി
.
അരുതാത്തതൊന്നും വരുത്തല്ലേ നിങ്ങൾക്കെന്നു
കരളുരുകി പ്രാർഥിക്കുന്നുണ്ടാവും അയാൾ
കന്മഷമില്ലാത്ത ഹൃദയത്തോടെ

Sunday, September 25, 2016

നിന്ന് കാലു കോഴയ്ണല്ലോ തമ്പ്രാക്കന്മാരേ

പെരുമനെന്നായിരുന്നോ അയാളുടെ പേര് ?
അമ്പതു വർഷങ്ങളായി ഞാൻ കാണുന്നുണ്ട്
ഒമ്പതാം വളവും കഴിഞ്ഞു ലക്കിടിയിലെത്തുമ്പോൾ
പേരറിയാത്തൊരു മരത്തിന്റെ
ഉച്ചിയിൽ കൊളുത്തിയ ഇരട്ടച്ചങ്ങലയിൽ തളച്ച നിലയിൽ

അടിവാരത്ത് നിന്ന് ലക്കിടിയിലേക്ക്
ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കുള്ള ദൂരമുണ്ടായിരുന്നു .
മലകൾ കയറിച്ചെന്നാൽ കരിമണ്ണും
മണ്ണിന്റെ നിറമുള്ള മനുഷ്യരും
മലനിരകളിൽ നിബിഡവനങ്ങളും
ചെരിവുകളിൽ പുൽമൈതാനങ്ങളും
താഴ്‌വരകളിൽ വയലേലകളും
നിലക്കാത്ത ഉറവകളും തണുത്ത കാറ്റും .!

കേട്ടറിവുകളായിരുന്നു നാട്ടുമക്കൾക്കതൊക്കെ
കാഴ്ചകളിൽ ഭീതി പടർത്തുന്ന ഗിരിശ്രുംഗങ്ങൾ
ഒരിക്കലും എത്തിപ്പെടാനാവാത്ത ലോകം
മുളംകുറ്റികളിൽ കാട്ടുതേനും വനവിഭവങ്ങളുമായി
കാടും മലയുമിറങ്ങി വരുന്ന 'പെരുമൻ' മാർ
'കാട്ടു'മലയാളത്തിൽ പറഞ്ഞു തന്ന കഥകൾ!

പിന്നെയായിരുന്നല്ലോ
കറുത്ത മനസ്സും വെളുത്ത തൊലിയുമുള്ളവർ,
പെരുമനോട് വഴി ചോദിച്ചറിഞ്ഞത് !
ദുർഘടം പിടിച്ച കാട്ടുവഴികളിലൂടെ
മലയുടെ ഉച്ചിയിലെത്താനൊരു എളുപ്പവഴി!

ഊടു വഴികളിൽ വെട്ടിയെടുത്ത പാതകളിലൂടെ
ആദ്യം ചുരം കയറിയെത്തിയ വില്ലീസു വണ്ടിയിൽ
പെരുമനെ തളച്ചിടാനുള്ള ചങ്ങലുകളുണ്ടായിരുന്നു.

പിന്നിങ്ങോട്ട് ,
ചുരമിറങ്ങി വരുന്ന ലോറികളിൽ കരിങ്കാതൽ മരങ്ങൾ
വെട്ടി വെളുപ്പിച്ച മലയിടങ്ങളിൽ തേയിലത്തോട്ടങ്ങൾ
കാപ്പിയും കൊക്കോയും വിളയുന്ന എസ്റ്റെയ്റ്റുകൾ.

കാട് നാടായതും
കാട്ടു മക്കൾക്ക് കാടും നാടും ഇല്ലാണ്ടായതും
എങ്ങടെ വിധിയാണെന്റെ തമ്പ്രാക്കളേ
നിന്ന് കാലു കോഴയ്ണല്ലോ  തമ്പ്രാക്കന്മാരേ

Saturday, February 27, 2016

ഏതോ വഴിയാത്രാ കച്ചവടക്കാരനിൽ നിന്ന് വാങ്ങിയൊരു
പേരില്ലാ ചെടിയുണ്ടായിരുന്നു വീട്ടു വളപ്പിൽ
ഒപ്പം വാങ്ങിയ സപ്പോട്ടത്തയ്യും മാവിൻ തൈകളും
കൊല്ലങ്ങൾ കഴിഞ്ഞിട്ടും
ഒന്ന് പൂക്കുക പോലും ചെയ്യാതെ
പാതി വളർച്ചയിൽ മുരടിച്ചു നില്പ്പുണ്ടിപ്പോഴും
നട്ടു നനച്ച കൈകൾ കൊണ്ടത്‌
വെട്ടിക്കളയാൻ മനസ്സില്ലാത്തത് കൊണ്ട് മാത്രം
അവയിപ്പൊഴും ജീവനോടെ നില്ക്കുന്നു .
പേരില്ലാത്തയ്യ്‌
പേരാല് പോലെ വളര്ന്നു
കാട്ടു ചെടിയുടെ കരുത്തോടെ ,
അഹങ്കാരത്തോടെ,
നാലഞ്ചു വർഷം കൊണ്ട്
നിന്നിടം മുഴുവൻ സ്വന്തം സാമ്രാജ്യമാക്കി !
എന്റെ പ്രിയപ്പെട്ട അശോകത്തെച്ചിയും
എവിടുന്നൊക്കെയോ കൊണ്ട് വന്നു നട്ട
എണ്ണമറ്റ ചെമ്പരത്തി വൈവിധ്യങ്ങളും
അതിന്റെ തണലിനടിയിൽ ശ്വാസം മുട്ടി
വിരുന്നു വന്നവരോടും വഴിയെ പോകുന്നവരോടും ചോദിച്ചു
ഇതേതു മരം ?
(അപ്പോഴേക്ക് അതൊരു മരമായിരുന്നു )
ആർക്കു മറിയില്ല - എനിക്കും
പിന്നെ ഒരു വേനലവധിക്ക് ഞാനത് വെട്ടിക്കളഞ്ഞു
അതേ വാരാന്ത്യത്തിൽ
വയനാട്ടിലെ എന്റെ സുഹൃത്തിന്റെ വീട്ടിൽ
അതിഥിയായി ഞാനുറങ്ങിയ രാത്രിയിൽ
അപ്സരസ്സുകളുടെ ലോകത്തിലെന്നെയെത്തിച്ച
പൌർണ്ണമി രാവിലെ സുഗന്ധത്തിന്റെ
പേരന്യേഷിച്ചു ഞാൻ .
ചെമ്പകം പൂത്ത മണം - അതായിരുന്നു അവന്റെ മറുപടി
പിറ്റേന്ന് കാലത്ത്
ഞാനാ ചെമ്പകമരം നേരിൽ കണ്ടു
അവന്റെ മുറ്റം മുഴുവൻ തണല് വിരിച്ച ഒറ്റ മരം
വേദനയോടെ ഞാനോർത്തു ....
വെട്ടിക്കളഞ്ഞ എന്റെ കാട്ടുമരം ഒരു ചെമ്പകമായിരുന്നു !

Monday, February 8, 2016

ദോഹയിൽ നിന്ന് സൗദി അതിർത്തിയിൽ എത്താൻ തന്നെ നൂറിൽ ചില്വാനം കിലോമീറ്റർ താണ്ടണം . അതിർത്തി ചെക്ക് പോസ്റ്റിലെ നടപടികൾ കഴിഞ്ഞു ആദ്യത്തെ നഗരമായ അൽ ഇഹ്സാ (അൽ- ഹുഫൂഫ് )നഗരത്തിൽ എത്തുമ്പോഴേക്കു ഉച്ചയായി .
ഇനിയും 1300 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്യണം മദീനയിലേക്ക് . ഭാര്യയും ഇളയ മകനും  മാത്രം ഉൾപ്പെടുന്ന എന്റെ കൊച്ചു കുടുംബം .
ആദ്യം മദീന - പിന്നെ മക്ക , തിരിച്ചു വരവും (പോക്കും) തലസ്ഥാനമായ റിയാദ് വഴി - നഗരത്തിന്റെ ഹൃദയം തൊടാതെ ..........,കൂട്ടിനു വേറൊരു വണ്ടിയിൽ ഇക്കയും ഇത്തയും മക്കളും  .
റൌണ്ട് അബൗട്ടും ട്രാഫിക് സിഗ്നലും വഴി മുടക്കാനില്ലാത്ത നാലുവരിപ്പാത
അത്ഭുതം തോന്നും സൌദിയുടെ ഭൂപ്രകൃതി . ..ഖത്തറിൽ നഗരത്തിനു പുറത്തു കണ്ടു പരിചയിച്ച വരണ്ട ഭൂമിയില്ലേ - ചെറു പാറക്കൂട്ടങ്ങളും ഇടക്കൊക്കെ മുൾച്ചെടികളും മാത്രമുള്ള പ്രദേശങ്ങൾ ആയിരുന്നു ആദ്യത്തിലൊക്കെ .
പിന്നീടങ്ങോട്ട് പടച്ചവൻ ഈ ഭൂമിയെ പടച്ചപ്പോൾ കാണിച്ച അതിശയങ്ങൾ ഓരോന്നും മാറി മാറി വരുന്നു .
നോക്കെത്താ ദൂരത്തോളം കാണപ്പെടുന്ന വെളുത്ത പഞ്ചാര മണൽക്കടൽ , പിന്നെ കാതങ്ങളോളം ആ മണലിനു മുകളിൽ ഇന്റർ ലോക്ക് പാകിയ പോലെ ഒരേ നിറത്തിലും വലുപ്പത്തിലും കരിങ്കൽ കഷ്ണങ്ങൾ - അബാബീൽ പക്ഷികൾ ആനപ്പടയെ നശിപ്പിച്ചത് ഇത്തരം കല്ലുകൾ കൊണ്ടാണോ ?
പിന്നെയും കുറെ മണിക്കൂറുകൾ നാം സഞ്ചരിക്കുന്നത് കറുത്ത മണ്ണിന്റെ താഴ്വരകളിലൂടെ .ഡക്കാൻ പീഠഭൂമികളിലെ എക്കൽ മണ്ണ് പോലെ. അവിടെ വലിയ ജലധാരകൾ കൊണ്ട് നനച്ചു കൃഷി നടത്തുന്ന ഗോതമ്പ് വയലുകൾ , പച്ചക്കറിത്തോട്ടങ്ങൾ ...
...
സന്ധ്യയോടടുത്തു .അസ്തമയ സൂര്യനെ അല്പം മുൻപേ കണ്ടതാണ് .ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്നത് ചുവന്ന പൊടിമണലിന്റെ നടുക്കടലിലൂടെയാണ്.
പെട്ടെന്നാണ് എവിടുന്നോ ഒരു ചുഴലിക്കാറ്റിന്റെ പിറവി .കാഴ്ചകൾക്ക് വ്യക്തത ഇല്ലാതായി . ഹസാർഡ്‌ ലൈറ്റുകൾ ഇട്ടു കൊണ്ട് മുന്നിൽ പോവുന്ന വാഹനം പോലും കാണാനാവാത്തത്‌ കൊണ്ടാവും എല്ലാ യാത്രികരും സ്വന്തം വാഹനങ്ങൾ പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നു .
ഞങ്ങളും ....ഇനിയൊരടി മുന്നോട്ടു പോവാനാവില്ല .
ഒന്നും ചെയ്യാനില്ല, രാത്രിയാവുന്നു. കാറ്റ് ഇപ്പോഴില്ല .പക്ഷെ അന്തരീക്ഷത്തിലെ ചുവന്ന മണ്ണിന്റെ മൂടൽ മഞ്ഞു മാറാൻ ഇനിയെത്ര കഴിയണം ? മണിക്കൂറുകൾ ? അതോ ദിവസങ്ങൾ തന്നെയോ ?
ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കാനുള്ള യാത്രയാണ് .അവൻ തന്നെ വേണം ഈ സന്നിഗ്ദ ഘട്ടത്തിലും ഞങ്ങൾക്ക് വഴി തുറന്നു തരാൻ - മനസ്സറിഞ്ഞു പ്രാർഥിച്ചു .
ഒരു നാടൻ പ്രയോഗമില്ലേ '' പണ്ടൊക്കെ പടച്ചോൻ പിന്നേക്ക് നീക്കി വെക്കും , ഇപ്പോഴാണെങ്കിൽ അപ്പപ്പോ തന്നെ '' ... ചെയ്ത പ്രവർത്തിക്കു പ്രതിഫലം കൊടുക്കുന്നതിനെ പറ്റിയാണ് , വേണ്ടാതീനം ചെയ്തവർക്ക് ഉടനുടൻ കിട്ടാറുള്ള തിരിച്ചടികളെ പറ്റിയാണ് .
ഇവിടെ പക്ഷെ ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്ത്ഥനക്ക് ഒട്ടും വൈകാതെ മറുപടി ലഭിച്ചു.
പടച്ചവനെ നേരിട്ട് കണ്ടില്ലെങ്കിലും ആ സാന്നിസ്ധ്യം ഞങ്ങൾ അനുഭവിക്കുകയായിരുന്നു .
എവിടുന്നു വന്നു ഈ മഴക്കാറുകൾ ? ഏതു പർവ്വതമാകും ഈ മേഘത്തുണ്ടുകളെ തടുത്തു നിർത്തിയതും തണുപ്പിച്ചെടുത്തതും ? അരമണിക്കൂറോളം നീണ്ടു നിന്നൊരു മഴ. മുന്നിലെ ഗ്ലാസ്സിലൂടെ ഒഴുകിയിറങ്ങുന്നത് രക്തത്തിന്റെ നിറമുള്ള നീർച്ചാലുകൾ
.
ഇപ്പോൾ എല്ലാം വ്യക്തമാണ് .എല്ലാ വാഹനങ്ങൾക്കും ജീവൻ വെയ്ക്കുന്നു , എല്ലാവരും യാത്ര തുടരുന്നു ....ഞങ്ങളും ...
അൽഹംദുലില്ലാഹ് ...ദൈവത്തിനു ആയിരമായിരം സ്തുതികൾ 

തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയങ്ങൾ

തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയങ്ങൾ
കിട്ടാതെ പോയതും കൊടുക്കാൻ മറന്നതും
കനവുകളിലും നിനവുകളിലും മാത്രം
താലോലിക്കുന്ന സായൂജ്യങ്ങളാണ് .
ഏതോ അജ്ഞാത മുഹൂർത്തങ്ങളിൽ
നമുക്കത് അനുഭവ വേദ്യമാവും .
നിലാവും കുളിരുമുള്ള ധനുമാസ രാവുകളിൽ
ചുംബനം പോലെയത് നമ്മെ പുതപ്പിക്കും .
പാലപ്പൂവിന്റെ മണമുള്ള കാറ്റിൽ
ഹൃദയ തന്ത്രികളിൽ സംഗീതമായി നിറയും .
പുനർജ്ജനിയുടെ തുരുത്തുകളിൽ
ഒരിക്കൽ തങ്ങൾ കണ്ടുമുട്ടുമെന്നും
മുജ്ജന്മത്തിന്റെ കെട്ടുപാടുകളും
വിലക്കുകളും ബാധ്യതകളും ഇല്ലാതെ
ലയിച്ചൊന്നാവുമെന്നും ,
അറിയാവുന്നവരെപ്പോലെ
ഈ ജന്മം അനുഭവിച്ചു തീർക്കും
പരാതികളും പരിഭവങ്ങളുമില്ലാതെ
ഒരു നെടുവീർപ്പു പോലുമില്ലാതെ !