Monday, March 27, 2017

കവി....കവിത

സ്വയം തീർത്ത തുരുത്തിൽ ഇരുന്നു കൊണ്ട് 
വിശ്വസാഹോദര്യത്തെ പറ്റി 
പ്രസംഗിക്കുന്നുണ്ട് ഒരു കവി

മൂന്നാം നിലയിൽ - മട്ടുപ്പാവിൽ
മൂന്നു ദിശയിലും കണ്ണോടിച്ചിട്ടും
'പച്ചപ്പൊ'ന്നും കാണാതെ ദു:ഖിക്കുന്നുണ്ടയാൾ


 മുറിക്കുള്ളിലെ
ബോണ്‍സായ് മരങ്ങൾ നോക്കി
ചെറുതായിപ്പോയ ലോകത്തെ പറ്റി
നെടുവീർപ്പിടുന്നുന്നുണ്ടയാൾ !


'എനിക്കിത്തിരി ദു:ഖങ്ങൾ തരാമോ -
കാവ്യദേവതക്കു കാണിയ്ക്ക വെക്കാനെന്നു
വിലപിക്കുന്നുണ്ടയാൾ !


ദാരിദ്ര്യം , രോഗം , വിരഹം , ആഘാതങ്ങൾ ഒന്നും
അനുഭവിക്കാൻ അവസരം കിട്ടാഞ്ഞത് കൊണ്ടാണ്
മോഹഭംഗങ്ങളെ പറ്റി
ഹൃദയസ്പർശിയായൊരു കവിത എഴുതിയത് .


ഇന്ന് വൈകീട്ട് ടൌണ്‍ ഹാളിൽ
ആരാധകരൊരുക്കുന്ന സ്വീകരണ ചടങ്ങിൽ
അവാർഡ് ലഭിച്ച തന്റെയാ കവിത ചൊല്ലുമ്പോൾ
ഏതുടുപ്പ് ധരിക്കണമെന്ന ആശയക്കുഴപ്പത്തിൽ
ആണെന്റെ പ്രിയപ്പെട്ട കവി !

Saturday, March 25, 2017

എനിക്ക് പേടിയാവുന്നു !

ഇതു വരെ കാണാത്ത ജനങ്ങൾ
കേട്ടിട്ടില്ലാത്ത വിധത്തിലുള്ള സംസാരങ്ങൾ
പേടിയാവുന്നു എനിക്ക്
എന്നെ പറ്റി ഓർത്ത്തിട്ടല്ല.
എനിക്കെന്തു സംഭവിച്ചാലെന്ത് ?
ഞാൻ മരിച്ചാലെന്ത് , ജീവിച്ചാലെന്ത് ?
എന്താണ് ഈ മനുഷ്യരെ
ഇത്ര വേഗം പ്രകോപിപ്പിക്കുന്നത്
ദൈവവും ദൈവത്തിന്റെ പ്രതിപുരുഷന്മാരും
കരുണാവാരിധികളാണെന്നല്ലേ
സ്തോത്ര ഗീതങ്ങളിൽ നാം പാടിക്കേട്ടത്
എന്നിട്ട് ,
ദൈവത്തിന്റെ പേരിൽ തന്നെയാണല്ലോ
വെല്ലുവിളികളും ആക്രോശങ്ങളും!
പിറന്നു വീഴുന്ന കുഞ്ഞിന്റെ മുഖത്ത് മാത്രമുണ്ട്
കളങ്കമിയലാത്ത നിഷ്കളങ്കതയുടെ മന്ദസ്മിതം
പിന്നെയവരുടെ കാതുകളിൽ ചൊല്ലിക്കൊടുക്കുന്നത്
എങ്ങനെ വെറുക്കണമെന്നും
ആരാണ് ശത്രുവെന്നുമുള്ള ബാലപാഠങ്ങൾ!
കൌമാരങ്ങളുടെ മുഖത്തെ മാറ്റങ്ങൾ കാണുന്നില്ലേ
സ്വപ്‌നങ്ങൾ കാണേണ്ട കാലത്ത്
ആരാണവരുടെ മനസ്സുകളിൽ
വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നത് ?
ശാലീനത തളം കെട്ടിയിരുന്ന നീലക്കണ്ണുകളിൽ
സംശയത്തിന്റെ കൂത്താടികൾ പെറ്റു പെരുകുന്നത്
നാവുകളിൽ വിഷം പുരട്ടിയ കൂരമ്പുകൾ
'നീ' അല്ലാത്തവരൊക്കെ നിന്റെ ശത്രുക്കൾ
പരസ്പരം പക വെയ്ക്കണമെന്നും
ആരും ആരെയും വിശ്വസിക്കരുതെന്നും ....
ഈശ്വരാ ....എനിക്ക് പേടിയാവുന്നു !

Monday, March 20, 2017

ഇരുവഴിഞ്ഞിക്കൊരു ചരമഗീതം


ഇന്നലെ ഞാന്‍ ഉറങ്ങിയില്ല .
മനസ്സ് നിറയെ, 
എന്റെ ഇരുവഴിഞ്ഞിപ്പെണ്ണിന്റെ ദു;ഖങ്ങളായിരുന്നു.
 സായാഹ്നത്തില്‍ ഞാനാ തീരത്ത് -
 ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ..
ബാല്യത്തില്‍ ഞാനുമെന്റെ കൂട്ടുകാരും
 കളിച്ചു മദിക്കാറുള്ള പഞ്ചാര മണല്‍ തീരം .
(യൌവനത്തില്‍ -
എനിക്ക് മാത്രം സ്വന്തമായ നിറക്കൂട്ടുള്ള കുറേ സ്വപ്നങ്ങളും ).
ഒഴിവു ദിനങ്ങളില്‍ ,
 മതിവരുവോളം കുളിച്ചു
 ഈറന്‍ പോലും മാറ്റാതെ ,
 തരി മണലില്‍ പൂത്താം കീരി കളിച്ചും ,
വെയിലേറ്റു രസിച്ചും നിന്ന തീരമിന്നെവിടെ?
കുളിയ്ക്കാനിറങ്ങിയപ്പോള്‍ കാലൂന്നിയത് മുട്ടറ്റം ചെളിയില്‍ .
 ഒഴുക്ക് നിലച്ച പുഴ!
കര്‍ക്കിടകത്തില്‍ ക്രൌദ്ധ ഭാവം പൂണ്ടു,
നുരയും പതയും നിറഞ്ഞു ,
കൂലം കുത്തിയൊഴുകിയ അരിശത്തിന്റെ നാളുകളും
അവള്‍ മറന്നു പോയിരിക്കുന്നു ! .
അവളായിട്ടു ഒന്നും.ചെയ്തില്ല .
ഇടിഞ്ഞു തൂര്‍ന്ന കരകള്‍
അവളെ വസ്ത്രാക്ഷേപം ചെയ്തു ,
മാറിടം വാരി പിളര്‍ന്ന
 മണല്‍ കൊള്ളയുടെ ബാക്കിപത്രം .
അവള്‍ക്കു ജീവജലം പകര്‍ന്ന നീരുറവകള്‍
ഒക്കെയും വരണ്ടു തുടങ്ങി ..
കവണക്കല്ലില്‍ , അവളെയും സഹോദരിമാരെയും
പിടിച്ചു ബന്ധിച്ച്ചിട്ടിരിക്കുന്നു !.
ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍
അവളെങ്ങനെ ജീവിതം കൊടുക്കും ?
 അവളുടെ ദു;ഖങ്ങള്‍ കണ്ടുകൊണ്ടു
 എനിക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? .
അവളെന്നോട് ചോദിച്ചല്ലോ -
എന്റെ മക്കളെവിടെയെന്നു ?
 കോണ്ക്രീറ്റ് കൂടാരത്തില്‍ ,
ഷവറിന് ചുവട്ടില്‍
ഞാനവര്‍ക്ക് കുളിപ്പുര ഉണ്ടാക്കിക്കൊടുത്തു .
സായിപ്പിന്റെ കുറ്റിയും കോലും കളി കണ്ടു
 വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍
അവര്‍ , അവരുടെ ഒഴിവു ദിനങ്ങളെ
കൊന്നു തീര്‍ക്കുന്നു .
കുളിക്കാനും കളിക്കാനും പറ്റാത്ത വിധം
 നീയും നിന്റെ തീരങ്ങളും !.
എനിക്കിത്രയേ പറ്റൂ ,
 നിനക്കായൊരു ചരമഗീതം രചിക്കാം ,
 നിന്റെ ദുര്‍ഗതി ഓര്‍ത്തു ,
ദു;ഖങ്ങളോര്‍ത്തു,
 ഒരു രാത്രി ഉറങ്ങാതിരിക്കാം .
ഒരു രാത്രി , ഒരൊറ്റ രാത്രി മാത്രം !..

വാക്കുകളുടെ കൊട്ടാരം

നമുക്കിനി
വാക്കുകളുടെ കൊട്ടാരം പൊളിച്ചു പണിയാം
കാലഹരണപ്പെട്ടതും
കാലത്തിനു ചേരാത്തതും
വക്കടരാതെ
വല്ല മ്യൂസിയത്തിലേക്കും ദാനം നല്കാം
സത്യസന്ധത ,
ആത്മാർഥത ,
സാഹോദര്യം ,
അഹിംസ,
മതേതരത്തം,
സഹിഷ്ണുത.... .
അലങ്കരിച്ച അലമാരകളിൽ
പ്രദർശനത്തിനു വെയ്ക്കാം
വരും കാല ജന്മങ്ങൾക്ക്
കണ്ടു പഠിക്കാനല്ല -
ഓർത്തു ചിരിക്കാൻ !
പുതിയ കൊട്ടാരത്തിന് മേൽക്കൂര വേണ്ട
സ്വപ്‌നങ്ങൾ പോലെ
ആകാശമാവട്ടെ പരിധി
ചുമരുകളാണ്‌ പ്രധാനം
ചുമരുകൾക്കിടയിൽ ഓരോ ലോകങ്ങൾ
അവിടെ സ്വന്തം നീതികൾ , നിയമങ്ങൾ
കാശും കയ്യൂക്കുമുള്ളവൻ
കാണാച്ചരടുകൾ കൊണ്ട്
മുഴുലോകത്തെയും ഭരിക്കട്ടെ
അതു തന്നെയാണല്ലോ പ്രപഞ്ചനീതി
കാട്ടുമനുഷ്യൻ നാട്ടിലിറങ്ങിയപ്പോൾ
ഒപ്പം കൂട്ടിയതാവും കാട്ടുനീതിയും
ബലവാന് ദുർബ്ബലനു മേൽ ആധിപത്യം
വേട്ടക്കാരന് ഇരകളുടെ മേൽ അധീശത്തം
ഒന്നുകിൽ ശക്തി കൊണ്ട് ,
അല്ലെങ്കിൽ ബുദ്ധി കൊണ്ട്
അർഹതയുള്ളവർ അതിജീവിക്കുന്നു .
അനിമൽ ചാനലിൽ
മൃഗയാവിനോദങ്ങൾ കാണാറില്ലേ
വേട്ടയാടുന്ന കടുവകൾ മുഴുവൻ ഭക്ഷിക്കാറില്ല
മൃഷ്ടാന്നം കഴിച്ചു അവ സ്ഥലം വിടുമ്പോൾ
ഉച്ചിഷ്ട്ടം തിന്നാനായി ഓടിയെത്തും
ചെന്നായ്ക്കൾ , കുറുനരികൾ , കഴുകന്മാർ
ഇപ്പോൾ
കാടിറങ്ങി വരാറുണ്ട്
കടുവകളും കാട്ടു പന്നികളും
നാട് കാടായത് അറിഞ്ഞിട്ടെന്ന പോലെ !
LikeShow More Reactions
Comment

Friday, March 17, 2017

''ഘർ വാപ്പസി ''


വീട്ടിലേക്കുള്ള തിരിച്ചു പോക്ക്
ഗൃഹാതുരത്തത്തിന്റെ ഓർമ്മകളുണർത്തുന്നു
പക്ഷെ എവിടെയായിരുന്നുഎന്റെ വീട് ?
ഏതോ അഗ്രഹാരത്തിൽ ? നാലുകെട്ടിൽ ?
അതോ ആരും തിരിഞ്ഞു നോക്കാനില്ലാത്ത
ഏതെങ്കിലും ചെറ്റക്കുടിലിലോ ?

ചരിത്രം
ആരൊക്കെയോ കുറിച്ചു വെച്ച
കള്ളക്കഥകളാണ്.
നിറം പിടിപ്പിച്ച നുണകളും വെള്ള പൂശലുകളും

ചിലർക്ക് പച്ച , അല്ലെങ്കിൽ കത്തി....
കറുത്ത താടി , ചുവന്ന താടി ,
വെളുപ്പ്‌ ആഡ്യത്തത്തിന്റെ പ്രതീകം !

തിരികെ വിളിക്കുന്നവരോട് ചോദിക്കാം
പല്ലക്കിലാണോ യാത്ര ?
അതോ ,
പല്ലക്ക്  ചുമന്നു വരുന്നവരുടെ
ഹുങ്കാര ശബ്ദം കേൾക്കുമ്പോൾ
കാണാമറയത്ത് ഒളിക്കണോ ?...

ഒപ്പം തന്നെയിരുത്തുമോ
അതോ തീണ്ടാപ്പാട് ദൂരെ
വീട്ടിൽ വിളിച്ചിരുത്തിയിട്ട്
പടിവരെ ഒപ്പം വന്നിട്ട്
തിരിച്ചു ചെന്ന് ഞങ്ങളിരുന്നിടം
പുണ്യാഹം തെളിച്ചു ശുദ്ധീകരിക്കുമോ ?
ഒന്ന് തുറന്നു പറയെന്റെ മാളോരെ !

Wednesday, March 15, 2017

നിനച്ചിരിക്കാത്ത സമയത്തൊരു വസന്തം പടി കയറിയെത്തുന്നു

എന്റെ നിശ്വാസങ്ങൾ ചെന്നെത്തുന്നിടത്തെവിടെയോ
നിന്റെ സാന്നിധ്യം ഞാൻ അനുഭവിച്ചറിയുന്നു .
സൂര്യന് വയസ്സാവുന്നു ,
അസ്തമയത്തിനു മുൻപേ നക്ഷത്രങ്ങൾ ചേക്കേറാനെത്തുന്നു
ഇലകൾ മുഴുവൻ കൊഴിച്ചു കളഞ്ഞൊരു മരം
തളിരിലത്തട്ടം കൊണ്ട് തല മറയ്ക്കാൻ തുടങ്ങുന്നു
കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട്
മരണവും പിന്നെയൊരു ജനനവും!
ഋതുസംക്രമണത്തിന്റെ നാൾവഴികൾ അറിയില്ല
ആദ്യാവസാനങ്ങളില്ല
നിനച്ചിരിക്കാത്ത സമയത്തൊരു
വസന്തം പടി കയറിയെത്തുന്നു
യാത്രാമൊഴി പോലും പറയാതെ
എവിടേക്കോ അപ്രത്യക്ഷമാവുന്നു !

വേനൽ മഴ

മഴയൊരു പ്രത്യാശയാണ്
പ്രതേകിച്ചു വേനലിലെ മഴ
ചക്രവാളച്ചെരുവുകളിൽ പഞ്ഞിക്കെട്ടുകൾ ,
ചിരിക്കാൻ പോലുമറിയാതെ
മുഖം വീർപ്പിച്ചു ഭൂമിയും വാനവും

പിന്നെ എവിടെ നിന്നെന്നറിയാതെ
തണുത്തൊരു കാറ്റ് വന്നു
ഇലക്കമ്പുകളെ ഇക്കിളി കാട്ടുന്നതും
മാനത്തിന്റെ മുഖം കറുക്കുന്നതും,
കൊച്ചു കൊച്ചു മിന്നലുകളും
ചെറു മുഴക്കങ്ങളും ,
വെള്ളിമേഘങ്ങൾ കറുപ്പണിയുന്നതും
ഇര തേടിപ്പോയ പക്ഷികൾ
 ഇരുട്ടും മുമ്പേ കൂടണയുന്നതും ,
,,
ചാറ്റൽ മഴയിൽ മണ്ണിന്റെ മണമുയരുന്നതും
പിന്നെ മഴ കനത്തപ്പോൾ
വീട്ടിനു മുന്പിലെ ചെമ്മണ്‍ പാതയിലൂടെ
ചുവന്ന നീർചാലുകളൊഴുകുന്നതും,,,,

ഇപ്പോൾ വേവും ചൂടുമൊഴിഞ്ഞു
ഉറക്കമെന്റെ കണ്‍പോളകളിൽ
കൂടു കെട്ടുന്നുണ്ട് ....
മൂന്നാമത്തെ വേനൽ മഴയിൽ
ഉള്ളിലൊരു കിനാവ്‌ മുള പൊട്ടുന്നുണ്ട്
 ശുഭരാത്രിയോതി ,
ഉറങ്ങാൻ കിടക്കുകയായി
ഞാനും എൻറെ ഭൂമിയും 

Tuesday, March 7, 2017

ജീവിതപ്പുസ്തകത്തിലെ ഏടുകൾ

വെറുതെയിരിക്കുമ്പോൾ
തൊട്ടു വിളിച്ച
കുളിർ കാറ്റിനോടാണെന്റെ പരിഭവം
ഉറക്കത്തിൽ നിന്നെന്നെ തട്ടിയുണർത്തിയ 
അഴകുള്ളൊരു സ്വപ്നത്തോടും
ആകാശം നിറഞ്ഞു നിന്നൊരു
പാരിജാതപ്പൂവിന്റെ വശ്യഗന്ധത്തോടും
അകവും പുറവും നീറിപ്പുകയുമ്പോഴും
കരളിലൊരു മരുപ്പച്ച കാത്തു വെച്ചിരുന്നു
വിലയ്ക്ക് വാങ്ങുന്ന ഉറക്കത്തിനു
കിനാവിന്റെ അപശ്രുതി പോലുമില്ലായിരുന്നു
ആകാശത്തിന് എന്നുമൊരു
വീർപ്പു മുട്ടലിന്റെ മടുപ്പിക്കുന്ന ഗന്ധമായിരുന്നു
കാലം തെറ്റിയാണ് എല്ലാറ്റിന്റെയും വരവ് -
ഋതുക്കളുടെ ,
സ്വപ്നങ്ങളുടെ ,
സുഗന്ധങ്ങളുടെ !
കൂട്ടിയും കിഴിച്ചും
ഹരിച്ചും ഗുണിച്ചും വെച്ച
ജീവിതപ്പുസ്തകത്തിലെ
ഏടുകൾ പോലെ !