Friday, March 17, 2017

''ഘർ വാപ്പസി ''


വീട്ടിലേക്കുള്ള തിരിച്ചു പോക്ക്
ഗൃഹാതുരത്തത്തിന്റെ ഓർമ്മകളുണർത്തുന്നു
പക്ഷെ എവിടെയായിരുന്നുഎന്റെ വീട് ?
ഏതോ അഗ്രഹാരത്തിൽ ? നാലുകെട്ടിൽ ?
അതോ ആരും തിരിഞ്ഞു നോക്കാനില്ലാത്ത
ഏതെങ്കിലും ചെറ്റക്കുടിലിലോ ?

ചരിത്രം
ആരൊക്കെയോ കുറിച്ചു വെച്ച
കള്ളക്കഥകളാണ്.
നിറം പിടിപ്പിച്ച നുണകളും വെള്ള പൂശലുകളും

ചിലർക്ക് പച്ച , അല്ലെങ്കിൽ കത്തി....
കറുത്ത താടി , ചുവന്ന താടി ,
വെളുപ്പ്‌ ആഡ്യത്തത്തിന്റെ പ്രതീകം !

തിരികെ വിളിക്കുന്നവരോട് ചോദിക്കാം
പല്ലക്കിലാണോ യാത്ര ?
അതോ ,
പല്ലക്ക്  ചുമന്നു വരുന്നവരുടെ
ഹുങ്കാര ശബ്ദം കേൾക്കുമ്പോൾ
കാണാമറയത്ത് ഒളിക്കണോ ?...

ഒപ്പം തന്നെയിരുത്തുമോ
അതോ തീണ്ടാപ്പാട് ദൂരെ
വീട്ടിൽ വിളിച്ചിരുത്തിയിട്ട്
പടിവരെ ഒപ്പം വന്നിട്ട്
തിരിച്ചു ചെന്ന് ഞങ്ങളിരുന്നിടം
പുണ്യാഹം തെളിച്ചു ശുദ്ധീകരിക്കുമോ ?
ഒന്ന് തുറന്നു പറയെന്റെ മാളോരെ !

No comments:

Post a Comment