Monday, March 20, 2017

ഇരുവഴിഞ്ഞിക്കൊരു ചരമഗീതം


ഇന്നലെ ഞാന്‍ ഉറങ്ങിയില്ല .
മനസ്സ് നിറയെ, 
എന്റെ ഇരുവഴിഞ്ഞിപ്പെണ്ണിന്റെ ദു;ഖങ്ങളായിരുന്നു.
 സായാഹ്നത്തില്‍ ഞാനാ തീരത്ത് -
 ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ..
ബാല്യത്തില്‍ ഞാനുമെന്റെ കൂട്ടുകാരും
 കളിച്ചു മദിക്കാറുള്ള പഞ്ചാര മണല്‍ തീരം .
(യൌവനത്തില്‍ -
എനിക്ക് മാത്രം സ്വന്തമായ നിറക്കൂട്ടുള്ള കുറേ സ്വപ്നങ്ങളും ).
ഒഴിവു ദിനങ്ങളില്‍ ,
 മതിവരുവോളം കുളിച്ചു
 ഈറന്‍ പോലും മാറ്റാതെ ,
 തരി മണലില്‍ പൂത്താം കീരി കളിച്ചും ,
വെയിലേറ്റു രസിച്ചും നിന്ന തീരമിന്നെവിടെ?
കുളിയ്ക്കാനിറങ്ങിയപ്പോള്‍ കാലൂന്നിയത് മുട്ടറ്റം ചെളിയില്‍ .
 ഒഴുക്ക് നിലച്ച പുഴ!
കര്‍ക്കിടകത്തില്‍ ക്രൌദ്ധ ഭാവം പൂണ്ടു,
നുരയും പതയും നിറഞ്ഞു ,
കൂലം കുത്തിയൊഴുകിയ അരിശത്തിന്റെ നാളുകളും
അവള്‍ മറന്നു പോയിരിക്കുന്നു ! .
അവളായിട്ടു ഒന്നും.ചെയ്തില്ല .
ഇടിഞ്ഞു തൂര്‍ന്ന കരകള്‍
അവളെ വസ്ത്രാക്ഷേപം ചെയ്തു ,
മാറിടം വാരി പിളര്‍ന്ന
 മണല്‍ കൊള്ളയുടെ ബാക്കിപത്രം .
അവള്‍ക്കു ജീവജലം പകര്‍ന്ന നീരുറവകള്‍
ഒക്കെയും വരണ്ടു തുടങ്ങി ..
കവണക്കല്ലില്‍ , അവളെയും സഹോദരിമാരെയും
പിടിച്ചു ബന്ധിച്ച്ചിട്ടിരിക്കുന്നു !.
ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍
അവളെങ്ങനെ ജീവിതം കൊടുക്കും ?
 അവളുടെ ദു;ഖങ്ങള്‍ കണ്ടുകൊണ്ടു
 എനിക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? .
അവളെന്നോട് ചോദിച്ചല്ലോ -
എന്റെ മക്കളെവിടെയെന്നു ?
 കോണ്ക്രീറ്റ് കൂടാരത്തില്‍ ,
ഷവറിന് ചുവട്ടില്‍
ഞാനവര്‍ക്ക് കുളിപ്പുര ഉണ്ടാക്കിക്കൊടുത്തു .
സായിപ്പിന്റെ കുറ്റിയും കോലും കളി കണ്ടു
 വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍
അവര്‍ , അവരുടെ ഒഴിവു ദിനങ്ങളെ
കൊന്നു തീര്‍ക്കുന്നു .
കുളിക്കാനും കളിക്കാനും പറ്റാത്ത വിധം
 നീയും നിന്റെ തീരങ്ങളും !.
എനിക്കിത്രയേ പറ്റൂ ,
 നിനക്കായൊരു ചരമഗീതം രചിക്കാം ,
 നിന്റെ ദുര്‍ഗതി ഓര്‍ത്തു ,
ദു;ഖങ്ങളോര്‍ത്തു,
 ഒരു രാത്രി ഉറങ്ങാതിരിക്കാം .
ഒരു രാത്രി , ഒരൊറ്റ രാത്രി മാത്രം !..

No comments:

Post a Comment