Tuesday, March 7, 2017

ജീവിതപ്പുസ്തകത്തിലെ ഏടുകൾ

വെറുതെയിരിക്കുമ്പോൾ
തൊട്ടു വിളിച്ച
കുളിർ കാറ്റിനോടാണെന്റെ പരിഭവം
ഉറക്കത്തിൽ നിന്നെന്നെ തട്ടിയുണർത്തിയ 
അഴകുള്ളൊരു സ്വപ്നത്തോടും
ആകാശം നിറഞ്ഞു നിന്നൊരു
പാരിജാതപ്പൂവിന്റെ വശ്യഗന്ധത്തോടും
അകവും പുറവും നീറിപ്പുകയുമ്പോഴും
കരളിലൊരു മരുപ്പച്ച കാത്തു വെച്ചിരുന്നു
വിലയ്ക്ക് വാങ്ങുന്ന ഉറക്കത്തിനു
കിനാവിന്റെ അപശ്രുതി പോലുമില്ലായിരുന്നു
ആകാശത്തിന് എന്നുമൊരു
വീർപ്പു മുട്ടലിന്റെ മടുപ്പിക്കുന്ന ഗന്ധമായിരുന്നു
കാലം തെറ്റിയാണ് എല്ലാറ്റിന്റെയും വരവ് -
ഋതുക്കളുടെ ,
സ്വപ്നങ്ങളുടെ ,
സുഗന്ധങ്ങളുടെ !
കൂട്ടിയും കിഴിച്ചും
ഹരിച്ചും ഗുണിച്ചും വെച്ച
ജീവിതപ്പുസ്തകത്തിലെ
ഏടുകൾ പോലെ !

No comments:

Post a Comment