Tuesday, February 14, 2017

നക്ഷത്രങ്ങളുടെ ലോകം ഇതല്ല ,

സ്വപ്നത്തില്‍ ഞാനവളെ കണ്ടതാണ് -
കുഞ്ഞിക്കൈകള്‍ മാനത്തേക്ക് ചൂണ്ടി
അവള്‍ പറഞ്ഞു ,
''ചിറകുള്ള മാലാഖമാര്‍,
എനിക്ക് കയറാന്‍ കൊച്ചൊരു വെള്ളക്കുതിര ''
കുന്തിരിക്കത്തിന്റെയും സാമ്പ്രാണിയുടെയും ഗന്ധമില്ല
പിച്ചിചീന്തിയ പനിനീര്‍പ്പൂവിന്റെ
വേദനിപ്പിക്കുന്ന സുഗന്ധം
ചവിട്ടി അരക്കപ്പെടുന്ന
കൊച്ചു പൂവിന്റെ വിലാപം
ഞാനെന്തിനു കരയണം ?
അവള്‍ പോവുന്നതില്‍ ആര്‍ക്കാണ് ദു:ഖം?
അല്ലെങ്കിലും നക്ഷത്രങ്ങളുടെ ലോകം ഇതല്ല ,
മഴമേഘങ്ങളും ,
മഞ്ഞും നിലാവും
നിന്റെ വരവും കാത്തിരിക്കുന്നു !
അവിടെ ഉള്ളവരോട് നീ പറയണം ,
കാല്‍ തെറ്റി വീണതല്ലായിരുന്നെന്നു
നക്ഷത്രക്കുഞ്ഞിനെ
ചൂണ്ടയിട്ടു പിടിക്കുന്ന തമ്പുരാക്കള്‍
ഭൂമിയിലുന്ടെന്നു !
കൊല്ലാനും വിധിക്കാനും അധികാരമുള്ളവര്‍ ,
തെറ്റും ശരിയും തീരുമാനിക്കുന്നവര്‍!!

No comments:

Post a Comment