Friday, August 14, 2015

ഇപ്പോൾ താഴ്വരകളിൽ വസന്തം വിരുന്നു വന്നിരിക്കും

ഒരു സിംഹത്തിന്റെ ജീവചരിത്രമാണിത്
ചിലന്തി വലകൾ മൂടിയ ഗുഹാമുഖത്തിലൂടെ
പുറത്തേക്കു വന്ന ,
തോറ്റവന്റെ നെടുവീർപ്പുകളിലൂടെ ,
ഞാൻ വായിച്ചെടുത്തത്
ഒരിക്കൽ
അവനീ കൊടിയ വനത്തിന്റെയധിപൻ
മലയിറങ്ങി താഴ്വാരത്തിലെത്തുമ്പോൾ
മയിലുകളുടെ നൃത്തച്ചുവടുകൾ പിഴക്കും
കുയിലിന്റെ പാട്ടും.
പുൽമേടുകളിലെ ഇളം നാമ്പുകളിൽ
പേടമാനിന്റെ ചുടു ചോര പുരളും
അഹന്തയുടെ ഗർജ്ജനത്തിൽ
ദിഗന്തങ്ങൾ നടുങ്ങും
ഭീതിയുടെ ജഡത്തത്തിൽ
ഇരകളുടെ വിലാപങ്ങൾ
അമർന്നൊടുങ്ങും
ഒടുക്കം
ജരാനരകൾ ബാധിച്ചു ഏകനായി
മനസ്സെത്തുന്നിടത്ത് ശരീരമെത്താതായി
(എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ!)
വെളിച്ചം പോലും കടന്നു വരാത്ത ഈ ഗുഹയ്ക്കകത്തായിരിക്കും
മരണം
ഇപ്പോൾ താഴ്വരകളിൽ
വസന്തം വിരുന്നു വന്നിരിക്കും
മഴമേഘങ്ങൾക്ക് കാത്തു നിൽക്കാതെ
മയിലുകൾ നൃത്തം ചെയ്യുന്നുണ്ടാവും
ഋതു സംക്രമണങ്ങൾക്ക് അവധി കൊടുത്ത്
പുൽക്കൊടികൾക്ക് പുതുനാമ്പുകളും
ഓരോ പുൽതുമ്പത്തും മഞ്ഞുതുള്ളികളും
അവിടെയൊക്കെ ഒരായിരം സൂര്യന്മാരും !!

ചിലത് ദഹിക്കില്ല .

ദോഷൈക ദൃക്കിന്റെ
കറുത്ത കണ്ണടയിലൂടെയാണല്ലോ
കാര്യങ്ങൾ നോക്കിക്കാണുന്നത് മുഴുവൻ
ചുവപ്പ് മങ്ങിയാലും കാവിയാവില്ല 
ആവില്ല എന്നല്ല ആവരുത് .
മറ്റൊന്നു കൊണ്ടുമല്ല ,
ഹൃദയം എപ്പോഴും ചുവപ്പായവർ
ഒരു പാട് പേരുണ്ട് അവരോടൊപ്പം
ആര്യാവർത്തത്തിൽ
ജനിച്ചു മരിച്ചു പോയ
മുഴുവൻ പുണ്യാത്മാക്കളെയും -
നാലായി പകുത്തപ്പെട്ടവരെയും
നാലിലും പെടാത്തവരെയും
ഉടലോടെ വിഴുങ്ങിക്കഴിഞ്ഞില്ലേ?
ചിലത് ദഹിക്കില്ല .
കാൽപ്പാദത്തിൽ ഉരവം കൊണ്ട്
കാൽക്കീഴിൽ ഞെരിഞ്ഞമർന്ന് മടുത്ത ,
മേലാക്കന്മാരുടെ ജാതകദോഷം കൊണ്ട്
രാജ്യത്തിന്റെ ജാതകക്കുറിപ്പെഴുതാൻ
നിയോഗം ലഭിച്ചയാളുടെ കഥയറിഞ്ഞില്ലേ ?
ദഹിക്കാതായാൽ
വിഴുങ്ങിയതൊക്കെ തുപ്പിക്കളയും
മ്ലേച്ചനായാലും വരേണ്യനായാലും

പഴംപറമ്പ്

പഴംപറമ്പ് , ചെറുവാടി നിന്ന് കീഴ്പറമ്പ് വരെ പരന്നു കിടക്കുന്ന മൊട്ടക്കുന്നു .ഇരുമ്പ് തോൽക്കുന്ന ചെങ്കല്ലിന്റെ മല . മഴു കൊണ്ട് വെട്ടിയെടുക്കാൻ ഒരിക്കലും സാധിക്കാത്തത്ര ഉറപ്പു .യന്ത്രവാളുകൾ കൊണ്ട് ചെങ്കല്ലു പാറകളുടെ നെഞ്ചു കീറിത്തുടങ്ങും വരെ അതങ്ങനെ തന്നെ കിടന്നു .കന്യകയായി . പിന്നീടിന്നു വരെ അവിടുന്ന് വണ്ടി കയറിപ്പോയ ചെങ്കല്ലുകളുടെ എണ്ണം കോടികളിൽ ഒതുങ്ങില്ല .
തൃക്കളയൂർ ദേവസ്വം വകയായിരുന്നു അതെന്നു തോന്നുന്നു . കോഴിക്കോട് എയർപോർട്ട് പണിയാൻ ആദ്യം കണ്ടു വെച്ച സ്ഥലം അതായിരുന്നെന്നു കേട്ടിട്ടുണ്ട്.പുല്ലു പോലും കിളിർക്കാത്ത സ്ഥലമായിരുന്നു പണ്ട് .
പാറക്കൂട്ടങ്ങളുടെ ഇത്തിരി കനിവിൽ ഇടയ്ക്കിടെ കാണാമായിരുന്നു പേരറിയാത്ത ഒരു തരം പുല്ലുകൾ .പകൽ നേരങ്ങളിൽ കുനിയിൽ നിന്നും ചെറുവാടിയിലേക്കു കുറുക്കുവഴി തേടുന്ന ആളുകൾ വല്ലപ്പോഴും പോക്ക് വരവുണ്ടാവും .നടന്നു നടന്നുണ്ടാവുന്ന നാട്ടുവഴികൾ മുറിച്ചു കളയുന്ന പാറക്കൂട്ടങ്ങൾ വഴിയാത്ര ഭാഗ്യപരീക്ഷണമാക്കും . പലപ്പോഴും ഒരിക്കൽ പിന്നിട്ട അതേ വഴിയിലൂടെ വീണ്ടും തിരിച്ചു നടക്കേണ്ടി വരും .
പകലൊക്കെ ഇതാണവസ്ഥ . രാത്രിയിലാണെങ്കിൽ ആരും ആ വഴി നടക്കാറേ ഇല്ല .ഒരിക്കൽ എന്റെ വലിയ ഇക്കാക്ക് നേരിട്ട് അനുഭവമുണ്ടായിട്ടുണ്ട് . സന്ധ്യക്ക്‌ മുൻപേ ചെറുവാടിയെത്താം എന്ന പ്രതീക്ഷയിൽ പഴംപറമ്പ് കയറിയതാണ്. ഒന്ന് രണ്ടു പ്രാവശ്യം വഴിതെറ്റി കുന്നിൻ നെറുകയിൽ എത്തിയതോടെ സൂര്യനസ്തമിച്ചു .പൌർണ്ണമി രാവിലെ നിറനിലാവിൽ പടിഞ്ഞാറേ ചെരിവ് ഇറങ്ങിയാൽ ലക്ഷ്യത്തിലെത്താം .
പക്ഷെ ആ രാത്രി മുഴുവൻ പഴം പറമ്പിൽ ചുറ്റിത്തിരിയാനായിരുന്നു ഇക്കാടെ വിധി . പിറ്റേന്ന് പുലർച്ചെ കുന്നു കയറിയെത്തിയവർ ഇക്കയോട് വിവരം ചോദിച്ചറിഞ്ഞു , വഴി കാണിച്ചു കൊടുത്തു . ഒപ്പം പുതിയൊരറിവും ...മൊട്ടക്കുന്നുകളിലെ ഇത്തിരിപ്പുല്ലിനു മറ്റൊരു പേര് കൂടിയുണ്ട് - ചെകുത്താൻ പുല്ലു . ആ പുല്ലിൽ ചവിട്ടിപ്പോയാൽ പിന്നെ വഴി തെറ്റും , ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല!
ആ പഴം പറമ്പിൽ ഇപ്പോൾ ചെകുത്താൻ പുല്ലില്ല , കുന്നിൻ നെറുകയിൽ നെടുകെ പിളർത്തു കൊണ്ട് മുക്കത്ത് നിന്ന് കരിപ്പൂർ എയർപോർട്ടിലേക്കുള്ള രാജപാതയുണ്ട് . പാതക്കിരുവശത്തും പാറ വെട്ടിയെടുത്ത പാതാളം പോലുള്ള കുഴികളും

കർക്കിടക വാവ്

ഇന്ന് കർക്കിടക വാവ് .എന്റെ സഹോദരന്മാരിൽ പലരും - വിശ്വാസികളല്ലെങ്കിൽ പോലും പിതാക്കന്മാർക്ക് ബലി തർപ്പണത്തിനു പാപനാശിനിയിലേക്കും വരക്കൽ കടപ്പുറത്തേക്കും പുലർച്ചേ പുറപ്പെട്ടു കാണും .

ഞാനും ഓർത്തു ഒരു പാട് , ഇന്നീ പ്രഭാതത്തിൽ എന്റെ ഉപ്പാനെ .

വാർദ്ധക്യത്തിന്റെ വരവൊച്ചകൾ കേട്ടു തുടങ്ങിയതിൽ പിന്നീടായിരുന്നു ബാപ്പക്ക് ഞാനെന്ന അവസാനത്തെ തരി പിറന്നത്‌ .ഒമ്പതാമത്തെയാളായി .പതിനഞ്ചു തികയും മുൻപേ ഞാൻ ബാപ്പ മരിച്ച കുട്ടിയായി . എങ്കിലും ഓർമ്മയിൽ ഇപ്പോഴുമുണ്ട് ആ നെഞ്ചിലെ ചൂടും ഒപ്പം പറമ്പിലെ കാപ്പിച്ചെടിയുടെ ഇളം കമ്പുകൾ കൊണ്ട് മുടങ്ങാതെ കിട്ടിയിരുന്ന എണ്ണമില്ലാത്ത അടികളുടെ ചൂടും .

ഇളയ മോനായിരുന്നത് കൊണ്ടാവും മറ്റു മക്കൾക്കൊന്നും കിട്ടിയിട്ടില്ലാത്ത വാത്സല്യവും സ്വാതന്ത്ര്യവും തന്നു . വാൽസല്യക്കൂടുതൽ കൊണ്ട് മകൻ കുരുത്തം കെട്ടു പോകരുതെന്ന് കരുതി ഓരോ തെറ്റിനും കടുത്ത ശിക്ഷയും

ഓർമ്മയുണ്ട് , ദർസിനും ഇശാ നമസ്കാരത്തിനും ശേഷം നേരെ ഇക്കാക്കമാർക്കൊപ്പം വീട്ടിലെത്താത്ത കുറ്റം ചെയ്ത ആ രാത്രി .അന്ന് പെട്രോമാക്സ് വെളിച്ചത്തിൽ അസൈനാരുടെ ആന പാലിയിൽ നിന്ന് കടവിലേക്ക് മരം വലിക്കുന്നു. (അസൈനാരുടെ ആനയെ പറ്റി ഒരിക്കൽ ഞാനെഴുതിയിരുന്നു . മറ്റാർക്കും വഴങ്ങാത്ത ആ ഒറ്റക്കൊമ്പനെ മുതലാളി അദ്ദേഹത്തിന് 'തീറെഴുതി' കൊടുത്തതായിരുന്നു )
സമയത്ത് വീട്ടിലെത്താൻ മറന്നു ഞാനും ഒരു പറ്റം കുട്ടികൾക്കൊപ്പം സ്ഥല,കാല ബോധമില്ലാതെ നടന്നു .

 .ഇക്കാക്കമാർ വീട്ടിലെത്തിയപ്പോൾ കൂടെ ഞാനില്ല . ഞാൻ വന്നിട്ടേ ഭക്ഷണം വിളമ്പാവൂ എന്ന ഉപ്പാടെ ആജ്ഞ . വിശക്കുന്ന വയറുമായി കയ്യിൽ ഓലച്ചൂട്ടും കൊടുത്തു വിട്ടു ഇക്കാക്കമാരെ . ഒടുക്കം എന്നെയവർ കണ്ടെത്തിയപ്പോഴേക്ക് മണി പന്ത്രണ്ടു കഴിഞ്ഞിരിക്കും .
തിരിച്ചെത്തിയ ഉടൻ ശിക്ഷയുടെ ഒന്നാം ഊഴം .വീട്ടിന്റെ ഉത്തരത്തിൽ നിന്നെടുത്ത കാപ്പിവടി കൊണ്ട് ആസനത്തിൽ കിട്ടിയ അടിക്കു അന്നിത്തിരി ഊക്കു കൂടിയിരുന്നു . പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് കണ്ണു നിറഞ്ഞിട്ടും കരച്ചിൽ തൊണ്ടക്കുഴിയിൽ ഒതുക്കി . ഭക്ഷണം വിളമ്പാൻ ഉമ്മയെ അടുക്കളയിലേക്കു അയച്ചപ്പോഴാണ് ഞാനാ വാചകം കേട്ടത് ''ബാക്കി നാളെ ''.

അതോടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി . ''തരാനുള്ളത്‌ മുഴുവൻ ഇപ്പൊ തന്നെ തന്നാൽ മന:സമാധാനത്തോടെ മനുഷ്യന് ഉറങ്ങാമായിരുന്നു ''.

പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ഉപ്പയും പൊട്ടിക്കരയുകയായിരുന്നു . ഒപ്പം ചേർത്തു പിടിച്ചു ഒരുപാട് ഉമ്മകൾ കൊണ്ടെന്നെ പൊതിഞ്ഞു . പിന്നെ ഭക്ഷണം , പതിമൂന്നു വയസ്സുകാരനെ ഹൃദയത്തോട് ചേർത്തു കിടത്തി ചന്തിയിലെ തിണർത്തു പൊന്തിയ വടിയടയാളങ്ങളിൽ തലോടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നത് ഞാനറിഞ്ഞു .

പിതൃവാത്സല്യത്തിന്റെ ചൂടുള്ള കണ്ണുനീർ... മഴയൊഴിഞ്ഞ ഈ കർക്കിടക വാവ് ദിവസം അതൊക്കെ ഓർക്കുമ്പോൾ എന്റെ മനസ്സിലും കണ്ണീരിന്റെ മഴ പെയ്യുന്നുണ്ട് .മക്കളും പേരക്കുട്ടികളുമായി കഴിയുന്ന എനിക്ക് , ഉപ്പാടെ അന്നത്തെ പ്രായമാണല്ലോ ഇപ്പോൾ !

Tuesday, August 11, 2015

ജന്മ നിയോഗം

ശബ്ദവും മൌനവും വെച്ചു മാറി
ഇപ്പോൾ എന്തൊരു സമധാനം  !

വർണ്ണക്കടലാസിൽ പൊതിഞ്ഞ സ്വപ്ന മിട്ടായികൾ
തന്നവർക്ക് തന്നെ തിരിച്ചു കൊടുത്തു
ഇപ്പോൾ ഉള്ളകം ശൂന്യം 
നെടുവീർപ്പിന്റെ ഓളങ്ങൾ പോലുമില്ലാതെ !

ഓർക്കുകയായിരുന്നു ഞാൻ
ആർക്കോ വേണ്ടി കൊട്ടാരം പണിയുന്ന അടിമകളെ
വെണ്ണക്കല്ലിൽ സ്വപ്ന സൌധങ്ങൾ പണി തീർത്തു
അതിനു ചാരെ സ്വന്തം മോഹങ്ങളെ കുഴിച്ചിട്ടു
സ്വയം എരിഞ്ഞടങ്ങുന്ന നിർഭാഗ്യ ജന്മങ്ങളെ !

എന്തായിരുന്നു ജന്മ നിയോഗം ?
ജീവ ചരിത്രകാരൻ കൊടുക്കാൻ പോകുന്ന ശീർഷകം?
' ത്യാഗിയുടെ ദിനസരിക്കുറിപ്പെന്നോ '?
ജീവിക്കാൻ മറന്നു പോയൊരു വിഡ്ഢിയുടെ കഥയെന്നോ ?

Monday, August 10, 2015

നിങ്ങളിങ്ങു പോര്

കോഴി വെയ്സ്റ്റു ഇടാൻ പറ്റിയ പുഴയില്ല , ആളൊഴിഞ്ഞ വളവുകളില്ല!

നിന്ന് മൂത്രമൊഴിക്കാൻ ഒരു എലെക്ട്രിക്ക് പോസ്റ്റിന്റെ മറവില്ല !

ഉറക്കെയൊന്നു കാർക്കിച്ചു തുപ്പാൻ
 ''ഇവിടെ തുപ്പരുത് ''എന്നെഴുതി വെച്ച ബോഡില്ല !!

ഒന്ന് മാനം നോക്കി തൂറാൻ 
തീവണ്ടിപ്പാതയുടെ അടുത്ത് കുറ്റിക്കാട് പോലുമില്ല -

അങ്ങനത്തെ ഗൾഫിൽ കഴിയാതെ 
നിങ്ങളിങ്ങു പോര് , നമുക്കിവിടെ അടിച്ചു പൊളിക്കാം!!!

ശബ്ദവും മൌനവും വെച്ചു മാറി

ശബ്ദവും മൌനവും വെച്ചു മാറി
ഇപ്പോൾ എന്തൊരു സമാധാനം
വർണ്ണക്കടലാസിൽ പൊതിഞ്ഞ സ്വപ്ന മിട്ടായികൾ
തന്നവർക്ക് തന്നെ തിരിച്ചു കൊടുത്തു
ഇപ്പോൾ ഉള്ളകം ശൂന്യം
നെടുവീർപ്പിന്റെ ഓളങ്ങൾ പോലുമില്ലാതെ

ഓർക്കുകയായിരുന്നു ഞാൻ
ആർക്കോ വേണ്ടി കൊട്ടാരം പണിയുന്ന അടിമകളെ
വെണ്ണക്കല്ലിൽ സ്വപ്ന സൌധങ്ങൾ പണി തീർത്തു
അതിനു ചാരെ സ്വന്തം മോഹങ്ങളെ കുഴിച്ചിട്ടു
സ്വയം എരിഞ്ഞടങ്ങുന്ന നിർഭാഗ്യ ജന്മങ്ങളെ

എന്തായിരുന്നു ജന്മ നിയോഗം ?
ജീവ ചരിത്രകാരൻ കൊടുക്കാൻ പോകുന്ന ശീർഷകം?
' ത്യാഗിയുടെ ദിനസരിക്കുറിപ്പെന്നോ '?
ജീവിക്കാൻ മറന്നു പോയൊരു വിഡ്ഢിയുടെ കഥയെന്നോ ?

കുട്ടിക്കവിതേ

കുട്ടിക്കവിതേ 
നിന്റെ ചട്ടിയ്ക്കകത്തൊരു 
മട്ടൻ ബിരിയാണി !

ഓർമ്മയുടെ ഇഴകൾ പൊട്ടിത്തുടങ്ങിയിരിക്കുന്നു,

ഓർമ്മയുടെ ഇഴകൾ
പൊട്ടിത്തുടങ്ങിയിരിക്കുന്നു,
ഉള്ളിൽ പച്ചച്ചു നിന്നിരുന്ന
വ്യക്തികളും അടുപ്പങ്ങളും ,
നടന്നു വന്ന വഴികളും
ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങളും.
മുഴുവനുമല്ല -
വക്കു പൊട്ടിയൊരോട്ടപ്പാത്രത്തിൽ
ബാക്കിയിരിപ്പുള്ളത് മാത്രം ഇപ്പോഴുമുണ്ട്
നിറം മങ്ങിയ
ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ
മുഖങ്ങൾ പോലെ.!
ഓർമ്മയുണ്ടാവും ഒരു പക്ഷെ നിങ്ങൾക്ക്
ഇറങ്ങിപ്പോരികയായിരുന്നു സ്വയം
ഞാനിരുന്ന കസേരയിൽ നിന്ന് .
അറബിക്കഥയിലെ സ്വപ്ന നഗരം പോലെ
അടിമുടി മാറിപ്പോയ ആ നാട്ടിൽ നിന്നും .
'ആഗമന'ത്തിലെ
ബിസിനസ്സ് വിസ കൌണ്ടറിൽ ഇരിക്കുമ്പോൾ
പലവട്ടം പരിചയപ്പെട്ടവരോട്
'നിങ്ങളാരെന്ന് ' ചോദിക്കുമ്പോൾ
പകച്ചു നിന്നവരാണെന്നെ ഓർമ്മപ്പെടുത്തിയത്‌ -പ്രായമായെന്നു !
പിന്നെയും പതിനാലു കൊല്ലം ഞാൻ ജീവിച്ചു -
ഒരു വനവാസക്കാലം !
'പരിചയപ്പെട്ടത്‌ മതിയെന്നെന്നെ'
സ്നേഹത്തോടെ കളിയാക്കിയ മനുഷ്യൻ ,
പാവം അയാളും ,
നിങ്ങളെപ്പോലെ , ഒരു വിളിപ്പാട് ദൂരെയായിരുന്നു .
പല വട്ടം അദ്ദേഹം നാട്ടിൽ വന്നു പോയിക്കാണും
ഒടുക്കം,
ഞാനയാളെ കണ്ടത് പക്ഷെ
ഒന്നും സംസാരിക്കാനാവാത്ത മുഹൂർത്തത്തിലായിരുന്നു.
ഇനി വരുമ്പോൾ ഇവിടെ വരണം
അല്ലെങ്കിൽ ഞാനിവിടെ നാട്ടിലുണ്ടെന്ന് വിളിച്ചു പറയണം .
പ്രൊഫൈൽ ചിത്രത്തിൽ നിന്ന്
നിങ്ങൾക്കെന്റെ മുഖം തിരിച്ചറിയാനായല്ലോ !
ചിലപ്പോൾ
ചില ഓർമ്മപ്പെടുത്തലുകളിലൂടെ
നമുക്ക് പഴയ കാലത്തെ വീണ്ടെടുക്കാനാവും !
ആദ്യം നാം കണ്ടു മുട്ടിയ ദിവസം ,
ഒരുമിച്ചു കഴിച്ചു കൂട്ടിയ നാളുകൾ
അതുമല്ലെങ്കിൽ
പിരിയുമ്പോൾ പറഞ്ഞ യാത്രാ വചനങ്ങൾ!

മുറിവേറ്റ മനസ്സിന്റെ പായാരം പറച്ചിലുകൾ

മുറിവേറ്റ മനസ്സിന്റെ
പായാരം പറച്ചിലുകൾ ആണല്ലോ ഈയിടെ !
മുനയൊടിഞ്ഞ വാക്കുകളിൽ ക്ഷോഭവും സ്തോഭവും,
സ്വയം ശപിക്കലിനൊപ്പം വ്യംഗ്യമായ കുറ്റപ്പെടുത്തലുകളും !
മനസ്സിലെ കണ്ണാടിക്കൂട്ടിലേക്ക് കല്ലെറിഞ്ഞത്
ഞാനായിരുന്നെന്ന പോലെ!
സ്വപ്നത്തിന്റെ ചില്ല് കൊട്ടാരം
തകർത്തു കളഞ്ഞത് ഞാനാണെന്ന പോലെ?
മായക്കണ്ണാടി ആയിരുന്നു നിന്റേതു -
അതിൽ നീ കണ്ടതൊക്കെയും മായ -
ഒന്നോർത്തു നോക്കൂ ...
ഒരിക്കലെങ്കിലും ഞാൻ പറഞ്ഞിരുന്നോ
നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന് ?
അന്നും ഇന്നും എന്നും എനിക്കറിയാമായിരുന്നു
അസ്തമയ ശേഷം കാണുന്നസ്വപ്‌നങ്ങൾ
അല്പായുസ്സുകൾ ആണെന്ന്
പ്രഭാതത്തിനു ശേഷം അവയൊക്കെ മറന്നു കളയണം എന്ന് ,
സ്വപ്‌നങ്ങൾ വെറും സ്വപ്‌നങ്ങൾ മാത്രമാണെന്ന് ,
സത്യവുമായി ഇഴചേർത്ത് അതിന്റെ മാധുര്യം കളയരുതെന്നു !
സുപ്രഭാതം ..........!

Sunday, August 9, 2015

കാതോർത്തു നോക്കൂ ....

കാതോർത്തു നോക്കൂ ....
-------------------------------------------

എവിടെയോ കേട്ടു മറന്ന ശബ്ദങ്ങൾ -
ങ്ഹാ....ഞാനോർക്കുന്നു...
മഗ്ദലനയിലെ 'വിശുദ്ധ ' പാപിയുടെ പിറകെ
കയ്യിൽ കല്ലേന്തി പായുന്ന പരീഷന്മാർക്കു നേരെ
'ദൈവപുത്രന്റെ ' വചനങ്ങൾ?

ചിതൽ പുറ്റിൽ നിന്ന് ഉയിർത്തെഴുന്നേറ്റ
മഹാതാപസന്റെ ഉണർത്തു പാട്ട് ?

അടിമത്ത നുകം
മുതുകിൽ നിന്ന് എടുത്തു മാറ്റാൻ വിധിയനുഗ്രഹിച്ച
ബിലാലിന്റെ ബാങ്കൊലി ?

അതൊന്നുമല്ലെങ്കിൽ അത് പോലൊന്ന്
അറുനൂറു രാജാക്കൾക്കും
അവരെയൊക്കെ അടക്കി വാണ ' മാറ്റാനും'
പകരം
നാം സ്വയം തിരഞ്ഞെടുത്ത
നാട്ടു രാജാക്കന്മാരുടെ
പതം പറച്ചിലുകൾ ?

അവർക്കായി പണിത പുതിയ കൊട്ടാരങ്ങളിൽ
അവർക്കും നമുക്കും പരസ്പരം കാണാനാവാതെ
ചുറ്റിനും കോട്ട മതിലുകൾ തീർത്ത് പാറാവുകാരെ നിർത്തി
വെടിയുണ്ടയേല്ക്കാത്ത വേദികളിൽ നിന്ന്
ജനാധിപത്യം പ്രസംഗിക്കുമ്പോൾ
നമ്മുടെയുള്ളിൽ നിന്നുയരുന്ന മുറുമുറുപ്പ്?

ജനത്തിൽ നിന്നും 'രക്ഷപ്പെടാനുള്ള' മരണപ്പാച്ചിലിൽ
അവരിരിക്കുന്ന 'രാജരഥങ്ങളുടെ 'മുന്നിലെ ചുവന്ന വെളിച്ചം ?
അകമ്പടിക്കാരുടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ
കാണുന്നവരുടെ വായിൽ നിന്ന് വരുന്ന
കാർക്കിച്ചു തുപ്പലുകൾ?

കറുപ്പും വെളുപ്പും നിറമുള്ള യജമാനന്മാർ
അവർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ജനനേതാക്കന്മാർ!
ഉടുത്തിരിക്കുന്ന ഉടുപ്പുകളുടെ നിറത്തിൽ മാത്രമേയുള്ളൂ വ്യത്യാസം!!

ഇടക്കെപ്പോഴെങ്കിലും കണ്ണാടി നോക്കുന്നത് നല്ലതാണ്
ആത്മ പരിശോധനകൾ
മെറ്റമോർഫോസിസ് - രൂപ പരിണാമം -
വരുന്നുണ്ടോ തങ്ങൾക്കെന്നു !,

ചെവികളുടെ സ്ഥാനത്ത് കഴുതച്ചെവി
പല്ലുകൾക്ക് പകരം ദ്രംഷ്ടങ്ങൾ
നാവുകൾ പുറത്തേക്കു താഴ്ന്നു വരുന്നുണ്ടോ
വാലുകൾ കിളിർക്കുന്നുണ്ടോ
നട്ടെല്ല് വളഞ്ഞു പോവുന്നോ
നാലുകാലിൽ നടക്കാറായോ എന്ന്

ആരും വേദനിപ്പിക്കാതെ തന്നെ എന്റെ മനസ്സ് വേദനിക്കുന്നല്ലോ !

ആരും വേദനിപ്പിക്കാതെ തന്നെ 
എന്റെ മനസ്സ് വേദനിക്കുന്നല്ലോ !

വരികൾക്കിടയിൽ പറയാതെ വിട്ടവ



എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട
സ്വന്തം വിവരമാപിനി കൊണ്ട് വരികള്‍ക്ക് വിലയിടുന്നവരെ ,

എങ്ങനെ ഞാന്‍ ചിന്തിക്കണമെന്നും എന്ത് പറയണമെന്നും
ലക്ഷ്മണ രേഖകള്‍ വരക്കുന്നവരെ ,
അവിടെ അവര്‍ ഉടമകളും ഞാന്‍ അടിമകളും

വരികള്‍ക്കിടയില്‍ പറയാതെ വിട്ടതാണ്
പരമമായ സത്യമെന്ന്
ആളുകള്‍ തിരിച്ചറിയുന്ന നാള് വരും

മൂന്നു ഹൈക്കു കവിതകൾ



1- ആറടി തികച്ചുമുണ്ടായിരുന്ന കവിത
മൂന്നടിയിൽ ഒതുക്കിക്കളഞ്ഞില്ലേ
കണ്ണിൽ ചോരയില്ലാത്ത ഹൈക്കു

2- നിലാവിനെ കൊന്നു കളഞ്ഞല്ലോ
പിറവിയ്ക്ക് മുൻപേ
മഴയും മഴക്കാറും, ഇപ്പോഴിതാ മഞ്ഞും

3- പ്രായത്തെ മറയ്ക്കാൻ കലക്കി വെച്ച കരിക്കൂട്ട്
കരിമഷിയെ തോൽപ്പിച്ചു പുറത്തു കാണുന്ന വെള്ളിനൂലുകൾ
മുഖക്കണ്ണാടിയിലും മനക്കണ്ണാടിയിലും തെളിയുന്നത് സത്യം !

നഷ്ടപ്പെടാൻ പോകുന്നത്

പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ടുവെന്നും
തിരിച്ചു വരണമെങ്കിൽ വല്ല അത്ഭുതങ്ങളും സംഭവിക്കണമെന്നും
വിധിയെഴുതിക്കഴിഞ്ഞ അവസരത്തിലും ,
വെറുതെ പ്രതീക്ഷിക്കാറില്ലേ ,,
നഷ്ടപ്പെടാൻ പോകുന്നത്
നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായത് കൊണ്ടാണ് അത്.
അപൂർവ്വമായെങ്കിലും അത്തരം അത്ഭുതങ്ങൾ
ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടെന്ന അറിവ് ..
ഇവിടെ പക്ഷെ സ്വപ്നം കണ്ടതും പ്രവചിച്ചതും
ആസന്നമരണന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെയല്ല
മരിച്ചു മണ്ണടിഞ്ഞ ഒന്നിന്റെ
ഉയിർത്തെഴുനേൽപ്പിനെയാണ്
ഒരു വേദഗ്രന്ഥത്തിലും
അത്തരമൊരു പുനർജന്മത്തെക്കുറിച്ചുള്ള വെളിപാടുകളില്ല
ആകെ ഉള്ളത് ചരിത്രത്തിന്റെ ഏടുകളിൽ വായിക്കാവുന്ന
സമാന സംഭവങ്ങളാണ്
അവതാരങ്ങൾ - പ്രവാചകർ -
അവർക്കൊപ്പം
പരാശക്തിയുടെ നിർലോഭമായ അനുഗ്രഹാശിസ്സുകൾ
എന്നിട്ട് പോലും അവരുടെ വിജയങ്ങൾ നീണ്ടു നിന്നില്ല
പലായനങ്ങൾ , കുരിശു മരണങ്ങൾ
അവരുടെ വാക്കുകൾ ഉരുവിട്ടുകൊണ്ടും
തിരുശേഷിപ്പുകൾ വില്പ്പനയ്ക്ക് വെച്ചും
മരക്കുരിശുകൾക്കുപകരം സ്വർണ്ണക്കുരിശുകൾ തീര്ത്തും
അജപാലകരുടെ ജനവഞ്ചനകൾ

Saturday, August 8, 2015

മരുഭൂമിയിൽ കവിതകൾ പൂക്കുന്നത്

ഞാനുമോർക്കാറുണ്ട്,
മരുഭൂമിയിൽ
കവിതകൾ പൂക്കുന്നത് എങ്ങിനെയാണെന്ന് ?
അച്ചിലിട്ടു വാർത്ത പോലൊരു ജീവിതമല്ലേയവിടെ 
വെളിച്ചത്തിൽ മുങ്ങി ശ്വാസം മുട്ടുന്ന രാത്രിയറിയാതെ
എവിടെ നിന്നോ ഒരു സൂര്യൻ വന്നെത്തും .
വെന്തുരുകുന്ന പുറംലോകത്തെ അനുഭവിക്കാത്തവർ
അപരാഹ്നം വരേ ശീതീകരിച്ച മുറിയിലിരുന്നു,
അക്ഷരങ്ങളോട് പടവെട്ടും-
ചിലപ്പോൾ അക്കങ്ങളോടും
ആരോ വരച്ചു വെച്ചൊരു ക്യാൻവാസിലെ ചിത്രങ്ങൾ പോലെ
ജീവനില്ലാത്ത പുൽത്തകിടികൾ കാണാം
ആർക്കും തണലേകാതെ പാതയോരത്തെ കൊച്ചുമരങ്ങൾ!
പിന്നെയെപ്പോഴോ സൂര്യനുറങ്ങാൻ പോവും
ചിലപ്പോൾ മരുഭൂമികളെ അടിമേൽ മറിച്ചെടുത്ത
പൊടിപടലങ്ങളുമായി ചുടുകാറ്റു വന്നെത്തും
ഉള്ളും പുറവും വിങ്ങിപ്പൊട്ടുന്ന
നശിച്ച വൈകുന്നേരങ്ങൾ
ഉറക്കമില്ലാത്ത രാത്രികളിൽ മനസ്സ് വേപഥു കൊളളും
കരയാൻ പോലും സമ്മതിക്കാത്ത വിധിയെ പഴിക്കും
തൊട്ടടുത്ത കട്ടിലുകളിൽ തളർന്നുറങ്ങുന്ന
കൂട്ടുകാരെയോർത്തു അസൂയപ്പെടും .
ഇതിനിടയിൽ എവിടെയാണ് ഒരു കവിത പിറവി കൊള്ളുന്നത്‌ ?
എപ്പോഴാണ് ഒരു കവിത 'ജീവിതം' തന്നിട്ടുള്ളത് ?

അവർക്ക് കൊടുക്കാനായിട്ടെങ്കിലും



പിണങ്ങേണ്ടി വരുമ്പോൾ
ഉള്ളു തകരാതിരിക്കാൻ
ഒരിത്തിരി അകലം ബാക്കി വെച്ച് മാത്രം അടുക്കുക !
പിരിഞ്ഞു കഴിയുമ്പോൾ
ഹൃദയം തകർന്നു പോവാതിരിക്കാൻ
സ്നേഹത്തിന്റെ ഒരൽപം ബാക്കി വെച്ചേക്കുക ...
ചിലപ്പോൾ , മുറിവുണക്കാൻ മറ്റൊരാൾ വരുമ്പോൾ
അവർക്ക് കൊടുക്കാനായിട്ടെങ്കിലും

പേടിക്കേണ്ടത് ഇരയല്ല - വേട്ടക്കാരനാണ്

മൌനത്തെ പേടിക്കണം
ഇരയുടെ മൌനത്തെ ...,
ഉള്ളിലെ കനലുകൾ ,
നിസ്സഹായനെന്ന തോന്നൽ
'മൌനം സമ്മതമെന്നു ' കരുതി 
വേട്ടക്കാരൻ നടത്തുന്ന മൃഗയാവിനോദങ്ങൾ
എല്ലാം ഒരു അലർച്ചയ്ക്ക് ,
പൊട്ടിത്തെറിക്കു, കൊടുങ്കാറ്റിനു
മുന്പുള്ള ശാന്തതയായിരിക്കും .
നോക്കൂ ,
നിങ്ങളുടെ അവകാശങ്ങൾ
അന്യന്റെ മൂക്കിൻ തുമ്പത്ത് വരെയെയുള്ളൂ
അവന്റെ ശരീരം , സമ്പത്ത് , അഭിമാനം
അതൊക്കെ അവന്റെതാണെന്നും
കയ്യൂക്ക് കൊണ്ട് തനിക്കു
കശക്കിയെറിയാനുള്ളതല്ലെന്നും ,
മുൻകൂട്ടി മനസ്സിലാക്കുന്നതാണ് വിവേകം .
എല്ലാം നഷ്ടപ്പെട്ടവന് ഒന്നും നഷ്ടപ്പെടാനില്ലല്ലോ
ചുട്ടെരിക്കപ്പെട്ട മകന്റെ , അച്ഛന്റെ കബന്ധങ്ങൾ
പിച്ചിച്ചീന്തി എറിയപ്പെട്ട ഉടപ്പിറന്നവളുടെ ചാരിത്ര്യം
സ്വന്തം മണ്ണ് , അന്യാധീനമായല്ലോ എന്ന വേദന
എല്ലാം അവനെ
ആർക്കും പിടിച്ചു കെട്ടാനാവാത്തൊരു ഭ്രാന്തനാക്കിയേക്കും
ചരിത്രം .........
ഭൂതകാലവും , വർത്തമാന കാലവും
ഇതൊക്കെയും നേര് തന്നെയെന്നു സാക്ഷ്യപ്പെടുത്തുമ്പോൾ
പേടിക്കേണ്ടത് ഒരിക്കലും ഇരയല്ല - വേട്ടക്കാരനാണ്

നിന്നോടെനിക്ക് ഇഷ്ടം തോന്നുന്നത്

നിന്നോടെനിക്ക് ഇഷ്ടം തോന്നുന്നത് 
എന്നെങ്കിലും ഞാനെന്റെ പൂമുഖവാതിൽ തുറക്കുമെന്ന് കരുതി 
ക്ഷമയോടെ നീ കാത്തിരിക്കുന്നത് കണ്ടാണ്‌ ,

നിനക്ക് മുൻപിൽ ഞാൻ വാതിൽ അടയ്കാതെ വെക്കുന്നത്
നിന്റെ ഉമ്മറക്കോലായിൽ കയറിയിരിക്കുന്ന ,
എനിക്കിഷ്ടമില്ലാതവരൊക്കെ പോയിട്ട് ,
നമുക്കൊരുമിച്ചു പങ്കിടാവുന്ന സ്വപ്‌നങ്ങൾ പങ്കിടാനായിട്ടാണ്


(എനിക്കുറപ്പാണ് , നീയവരെ പറഞ്ഞു വിടും
അല്ലെങ്കിൽ അവർ നിന്നെ)
ചെകുത്താനും മനുഷ്യനും ഒരുമിച്ചു കഴിയാനാവില്ലല്ലോ!


രാവ് പോയി പകൽ വരാനും
കൊള്ളിമീനുകൾ പൊലിഞ്ഞടങ്ങി
നേരും വെളിച്ചവും കൊണ്ട് പകലോൻ വിരുന്നു വരാനും
യാമങ്ങളുടെ സമയ ദൈർഘ്യം മതിയല്ലോ!


എനിക്കുറപ്പാണ്
ഒരു പുതിയ സൂര്യന്റെ പിറവിക്കു സമയമായെന്ന് !

(ഒരു വെറും പാഴ്വാക്ക് )

വരുമായിരുന്നു ഞാൻ
തിരികെ വിളിച്ചെങ്കിൽ

ഒരു ചെറു പുഞ്ചിരി
ചൊടികളിൽ കരുതിയാ
പടിവാതിലോളം വന്നൊരു കയ്യുയർത്തി
,
''വരണം , വരാതിരിക്കല്ലേ '' എന്നുരിയാടിയെങ്കിൽ!
ഹൃദയം തകർന്നു ഞാൻ കട പുഴകി വീണപ്പോൾ
അരികിലിരുന്നെന്റെ കൈകൾ പിടിച്ചും ,

'സുഖമല്ലെ നിങ്ങൾക്ക്, തളരരുത് , ഞാനുണ്ട്
അരികിലെന്നൊരു വാക്ക്
(ഒരു വെറും പാഴ്വാക്ക് )കരളിൽ പകർന്നെങ്കിൽ !

അവസാനയാത്രക്ക് ദിവസം കുറിച്ചു പോയ്‌
ഇനി വയ്യ , നന്മകൾ നേരുന്നു ,
ഇല്ലില്ല , പരിഭവമൊട്ടും,
മനസ്സിന്റെയന്തരാളങ്ങളിൽ മുഴങ്ങുന്നതെപ്പോഴും
(നിൻ )പ്രണയഗീതത്തിന്റെ തുടിയുമീണങ്ങളും

ജീവിതം വല്ലാത്തൊരു അതിശയം തന്നെയാണ്

ഈ ജീവിതം തന്നെ അതിശയമല്ലേ
ആസക്തി പൂണ്ടു പുറകെ പായുന്നവനെ
ആരോ കൊക്കയിട്ടു -
(നിങ്ങളെന്താണതിന് പറയാറുള്ളത് ?)
വീഴ്ത്തുന്നത് !
പിറകിൽ നിന്ന് പൊട്ടിച്ചിരികൾ കേട്ട് തിരിഞ്ഞു നോക്കുമ്പോൾ
യാത്രയിൽ ഒപ്പമുണ്ടായിരുന്നവരുടെ മുഖങ്ങളിൽ
പുച്ഛം നിറഞ്ഞു നിൽക്കുന്നത്!
മരണം വിലയ്ക്ക് വാങ്ങാൻ കൊതിച്ചവന് മുൻപിൽ
വാതിലുകൾ കൊട്ടിയടക്കപ്പെടുന്നത് ,
കാർഡിയാക്ക് അറസ്റ്റു വന്നു വെന്റിലേറ്ററിൽ കിടന്നിരുന്നവൻ
ഗ്യാസ്ട്രബിളെന്നു വെളുക്കേ ചിരിച്ചു പടി കയറി വരുന്നത് !!,
കാരണവൻ താനെന്നുപറഞ്ഞു
ചാരുകസേരയിൽ ഇരുന്നവൻ
ദേഷ്യവും സങ്കടവും കൊണ്ട് പല്ലിറുമ്മുന്നതു കണ്ടു
മുറിച്ചിട്ട മൂവാണ്ടൻ മാവിന് ചിരിക്കാൻ തോന്നുന്നത് .!!!
ജീവിതം ഒരതിശയം തന്നെയാണ്
ആരും തിരിഞ്ഞു നോക്കാനില്ലാതെ
(മരണത്തിനും ജീവിതത്തിനും വേണ്ടാതെ )
ഉമ്മറക്കോലായിലെ മച്ചും നോക്കി കിടക്കുന്നവന് മുൻപിൽ
എന്നും ശത്രുവെന്ന് കരുതിയവൻ
പ്രത്യക്ഷപ്പെടുന്നത് !
തലയല്പം പിടിച്ചുയർത്തി ഭക്ഷണം വായിൽ വെച്ചു തന്ന്
കുടിക്കാൻ വെള്ളവും കിടക്കാൻ വാട്ടർ ബെഡും ,
ഒന്നും ആലോചിക്കരുതെന്നും
എന്നും ഒപ്പമുണ്ടാവുമെന്നും
സ്നേഹവും കാരുണ്യവും ചേർന്നൊരു ആശ്വാസവചനവും!! .
ജീവിതം വല്ലാത്തൊരു അതിശയം തന്നെയാണ്

'കിഞ്ചന വർത്തമാനങ്ങൾ '

ദില്ലിയിൽ ഒരുപാട് തൂണുകളുള്ള കെട്ടിടത്തിന്റെ 
മോന്തായത്തിനു വളവാണെന്നും ,

തിരുവനന്തപുരം കാഴ്ച ബംഗ്ലാവിൽ കാണ്ടാമൃഗങ്ങൾ 
നാണക്കേട്‌ കൊണ്ട് പുറത്തിറങ്ങുന്നില്ലെന്നും ,

പശ്ചിമഘട്ടത്തിൽ കൊമ്പില്ലാത്ത 'കൊമ്പനാനകൾ' 
മേഞ്ഞു നടക്കുന്നുവെന്നും
കുറെയെണ്ണം ആത്മഹത്യ ചെയ്തുവെന്നും,,,


കേൾക്കുന്നുണ്ട് 'കിഞ്ചന വർത്തമാനങ്ങൾ '

(എന്റെ നെഞ്ചിനുള്ളെന്നപോലെ.)

കൌമാരപ്രായം ചെന്ന
കര്‍ക്കിടകക്കന്യ
വിണ്ണിന്റെ മേലാപ്പില്‍ നിന്നൊളിച്ചു ചിരിച്ചപ്പോള്‍,,

കണ്ണീരു തൂവിത്തോറ്റ
ഖിന്നയാം നിശീഥിനി-
ക്കെന്തൊരാമോദം !
(എന്റെ നെഞ്ചിനുള്ളെന്നപോലെ.)
ഞാനുമെന്‍ യാമങ്ങളും,
പകലും സായാഹ്നവും,
ചേതന പൊട്ടിപ്പോയോരിന്നത്തെ പ്രഭാതവും
തൂവിയ കണ്ണീരിന്റെ നിലക്കാത്തുറവകള്‍
ഹാവൂ, ചോദിക്കട്ടെ,
ഇന്നെവിടേയ്ക്കലിഞ്ഞു പോയ്?
കാതരയാണീ രാത്രി,
പുതിയൊരപ്സരസ്സിന്‍ താളങ്ങള്‍ പോലെ,
മണിച്ചിലങ്ക ധ്വനിപോലെ,
ആടകളഴിച്ചുടുത്തീടുന്നോരിക്കന്യക്കും
ആഹ്ളാദത്തിമര്‍പ്പാണെന്‍ നെഞ്ചിനുള്ളെന്നപോലെ

നിലാവിന്റെ പെയ്ത്ത്

മഴയൊഴിഞ്ഞ മാനത്ത് നിന്ന് നിലാവിന്റെ പെയ്ത്ത്

ഒരു പിറന്നാളിന്റെ കനവു കൂടി.

പടിയിറങ്ങാനുള്ള സമയമായ് , വരികെന്നു
പടിവാതിൽ മുട്ടിയോരാൾ വിളിപ്പൂ
അറുപത്തി അഞ്ചാണ്ട് സ്നേഹിച്ച ഭൂമിയോ -
ടരുതെന്നു പറയാനെനിക്ക് വയ്യ ,
.
..അളവറ്റു സ്നേഹം പകർന്നു തന്നോർ, പിന്നെ
അറിയാത്ത വഴികളിൽ വേർപിരിഞ്ഞോർ
ഒരുമിച്ചു യാത്രയിൽ കൂടെ നിന്നോർ ,എന്റെ
ഹൃദയത്തുടിപ്പിന്നു സാക്ഷിയായോർ.
ഒരു പിറന്നാളിന്റെ മധുരം നിവേദിച്ച
ഇത് വരേ കാണാത്ത സ്നേഹിതന്മാർ
ആറുപത്തിയഞ്ചി ന്റെ നിറവിലും കാണുന്നു
ഒരു പിറന്നാളിന്റെ കനവു കൂടി....@ 65

എല്ലാ ആശംസകളും മനസ്സിന് കരുത്തു തരുന്നു ..

ബാല്യത്തില്‍ 
ഓരോ പിറന്നാളുകളും 
കൌമാരത്തിന്റെ വരവറിയിക്കലുകള്‍ ആയിരുന്നു.

കൌമാരത്തില്‍ യൌവനത്തിന്റെ തുടി കൊട്ടലുകളും .... 
യൌവനത്തിന് അവ സ്വപ്നങ്ങളുടെ പെരുമ്പറ മുഴക്കങ്ങളും ! .

പിന്നീടങ്ങോട്ട് 
മധ്യ വസ്സിന്റെ നെടുവീര്‍പ്പുകളും 
വാര്‍ധക്യത്തിന്റെ (മരണത്തിന്റെ )മണി മുഴക്കങ്ങളും! ....

ബാല്യ-കൌമാരങ്ങളും 
യൌവന സൌഭാഗ്യങ്ങളും 
ഒരിക്കലും തിരിച്ചു കിട്ടില്ല .
പിന്നെ പ്രാര്‍ഥനകള്‍ മാത്രം തുണ ....

ജരാനരകള്‍ മനസ്സിനെ ബാധിക്കരുതേ എന്ന്...
വാര്‍ധക്യം തളര്‍ത്താതിരിക്കട്ടെയെന്നു , 
മരണത്തോടെ എല്ലാം അവസാനിക്കരുതേ എന്ന്, 
നന്മയുടെ മാത്രമായൊരു ലോകത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം കിട്ടണമെന്നും !....

എല്ലാ ആശംസകളും മനസ്സിന് കരുത്തു തരുന്നു ....
നന്ദി - എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

അഗ്നിച്ചിറകുള്ള സ്വപ്നങ്ങളുമായി

ഉണർന്നിരിക്കുമ്പോൾ ഒക്കെയും
സ്വപ്‌നങ്ങൾ കണ്ടിരുന്നൊരു മനുഷ്യനുണ്ടായിരുന്നു

ഉറങ്ങുകയാണിപ്പോൾ -
തണുത്ത ശരീരത്തിനുള്ളിൽ അഗ്നിച്ചിറകുള്ള സ്വപ്നങ്ങളുമായി ,

നാളെ , 
മണ്ണിനടിയിലെ ഇരുട്ട് മുറിയിൽ , 

നിത്യനിദ്രയിലും സ്വപ്നം കാണുകയായിരിക്കും ,
ദൈവമേ ,
സ്വപ്നങ്ങളിലെ സ്വർഗ്ഗം പുലർന്നു കാണാൻ ഭാഗ്യം നൽകണമേ
അദ്ദേഹത്തിനും ,
സ്നേഹിക്കുകയും സ്നേഹം തിരിച്ചു കൊടുക്കുകയും ചെയ്ത
മനുഷ്യർക്കും .
എനിക്ക് നീ അയച്ചു തന്നത് നിന്റെ ജീവിതത്തിന്റെ തുണ്ടാണെന്നും 
ആരും കാണാതെ ഹൃദയത്തിൽ ഞാനത് സൂക്ഷിക്കുമെന്നും 
വീണ്ടുമത് തിരിച്ചു ചോദിക്കുമ്പോൾ 
ഹൃദയം കൂടി ഒപ്പം വെയ്ക്കുമെന്നും
നിനക്കറിയാമായിരുന്നു അല്ലേ ?
നിന്നെ കണ്ടു മുട്ടിയതിൽ പിന്നീടാണ്
കവിതയെന്നോട് കലഹിച്ചു പോയത് .
അക്ഷരങ്ങൾ കൊണ്ട്
നീ വരച്ച ചിത്രങ്ങൾ കണ്ടാണ്‌
മഴവില്ലിന്റെ നിറങ്ങൾ പോലും 
പിന്നീട് ഞാൻ കാണാതെ പോയത്
ഉദയാസ്തമയങ്ങളുടെ നിറവിന്യാസങ്ങളും
ഋതു സംക്രമണത്തിന്റെ തപ്പും തുടികളും
കുയിലിന്റെ പാട്ടും മയിലിന്റെ നൃത്തവും
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല .
കാലം അന്ന് സ്തംഭിച്ചു പോയതാണ്
മൌനം ശബ്ദങ്ങളെ ഞെരിച്ചു കൊന്നതാണ്
ഓർക്കുന്നുണ്ടോ കണ്ടു മുട്ടിയ ദിവസം
നിന്റെയുള്ളിലെ മുറിപ്പാട്
എന്റെ മുൻപിൽ അനാവരണം ചെയ്യപ്പെട്ടത്!
ചെയ്യാത്ത തെറ്റിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട
അവധൂതന്റെ മുഖമായിരുന്നു നിന്റേതു .
എന്റെ പ്രാർത്ഥനകളിൽ
അന്ന് മുതൽ നീയുമുണ്ടായിരുന്നു
അഗ്നിശുദ്ധി തെളിയിച്ചു
ആൾക്കൂട്ടത്തിനു മുൻപിൽ
ഒരിക്കൽ കൂടി അവതരിക്കും വരെ
കാത്തിരിക്കും -
വെറുതെ - വെറും വെറുതെ !

ഓർമ്മകളില്ലാത്തത്

പടിഞ്ഞാറ് നിന്നൊരു കാറ്റ് വീശുന്നുണ്ട്,
പിണങ്ങിപ്പോയ മഴമേഘങ്ങൾ തിരിച്ചു വരുന്നുണ്ട്

ആഴ്ചയൊന്നായി ആകാശം നിറഞ്ഞു നിന്ന
പഞ്ഞിക്കെട്ടുകളിൽ കരി പുരണ്ടിട്ടുണ്ട് ,
തന്നു തീർക്കാനുള്ള കുടിശ്ശിക ബാക്കിയെ പറ്റി 
കാല വർഷത്തെ ആരോ ഓർമ്മിപ്പിച്ചിട്ടുണ്ട്


നന്ദിയില്ലാത്തവരെങ്കിലും 
സ്വന്തം മക്കള് കഷ്ടപ്പെടരുതെന്നു
ഭൂമിയ്ക്കുമാകാശത്തിനും തിരിച്ചറിവുണ്ട് -


ഓർമ്മകളില്ലാത്തത്
എല്ലാം പെട്ടെന്ന് മറന്നു പോവുന്നത്
മനുഷ്യർക്കാണ്!

വെന്തുരുകിയ ദിനരാത്രങ്ങളിൽ
വീണു കിട്ടിയ ഇടമഴകൾ
നൊന്തു പ്രസവിച്ച അമ്മമാരുടെ
നെഞ്ചു പൊട്ടിയ വിലാപങ്ങൾ ,
വേരോടെ പിഴുതെറിയുന്ന യന്ത്രക്കൈകളിൽ ,
മാനവും അഭിമാനവും പിച്ചിച്ചീന്തപ്പെടുമ്പോൾ
ഉള്ളുരുകി ശപിക്കാത്ത മണ്ണും കാടും പുഴകളും .

കണക്കു കൂട്ടുന്ന ,
കണക്കു തീർക്കുന്ന
തിരക്കിലാണ് നാം
എനിക്കെത്ര കിട്ടി ? നിനക്കോ ?
എല്ലാറ്റിനും ഉത്തരം കിട്ടാൻ നാളെ നമ്മളുണ്ടാവുമോ ?