Sunday, August 9, 2015

കാതോർത്തു നോക്കൂ ....

കാതോർത്തു നോക്കൂ ....
-------------------------------------------

എവിടെയോ കേട്ടു മറന്ന ശബ്ദങ്ങൾ -
ങ്ഹാ....ഞാനോർക്കുന്നു...
മഗ്ദലനയിലെ 'വിശുദ്ധ ' പാപിയുടെ പിറകെ
കയ്യിൽ കല്ലേന്തി പായുന്ന പരീഷന്മാർക്കു നേരെ
'ദൈവപുത്രന്റെ ' വചനങ്ങൾ?

ചിതൽ പുറ്റിൽ നിന്ന് ഉയിർത്തെഴുന്നേറ്റ
മഹാതാപസന്റെ ഉണർത്തു പാട്ട് ?

അടിമത്ത നുകം
മുതുകിൽ നിന്ന് എടുത്തു മാറ്റാൻ വിധിയനുഗ്രഹിച്ച
ബിലാലിന്റെ ബാങ്കൊലി ?

അതൊന്നുമല്ലെങ്കിൽ അത് പോലൊന്ന്
അറുനൂറു രാജാക്കൾക്കും
അവരെയൊക്കെ അടക്കി വാണ ' മാറ്റാനും'
പകരം
നാം സ്വയം തിരഞ്ഞെടുത്ത
നാട്ടു രാജാക്കന്മാരുടെ
പതം പറച്ചിലുകൾ ?

അവർക്കായി പണിത പുതിയ കൊട്ടാരങ്ങളിൽ
അവർക്കും നമുക്കും പരസ്പരം കാണാനാവാതെ
ചുറ്റിനും കോട്ട മതിലുകൾ തീർത്ത് പാറാവുകാരെ നിർത്തി
വെടിയുണ്ടയേല്ക്കാത്ത വേദികളിൽ നിന്ന്
ജനാധിപത്യം പ്രസംഗിക്കുമ്പോൾ
നമ്മുടെയുള്ളിൽ നിന്നുയരുന്ന മുറുമുറുപ്പ്?

ജനത്തിൽ നിന്നും 'രക്ഷപ്പെടാനുള്ള' മരണപ്പാച്ചിലിൽ
അവരിരിക്കുന്ന 'രാജരഥങ്ങളുടെ 'മുന്നിലെ ചുവന്ന വെളിച്ചം ?
അകമ്പടിക്കാരുടെ കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ
കാണുന്നവരുടെ വായിൽ നിന്ന് വരുന്ന
കാർക്കിച്ചു തുപ്പലുകൾ?

കറുപ്പും വെളുപ്പും നിറമുള്ള യജമാനന്മാർ
അവർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ജനനേതാക്കന്മാർ!
ഉടുത്തിരിക്കുന്ന ഉടുപ്പുകളുടെ നിറത്തിൽ മാത്രമേയുള്ളൂ വ്യത്യാസം!!

ഇടക്കെപ്പോഴെങ്കിലും കണ്ണാടി നോക്കുന്നത് നല്ലതാണ്
ആത്മ പരിശോധനകൾ
മെറ്റമോർഫോസിസ് - രൂപ പരിണാമം -
വരുന്നുണ്ടോ തങ്ങൾക്കെന്നു !,

ചെവികളുടെ സ്ഥാനത്ത് കഴുതച്ചെവി
പല്ലുകൾക്ക് പകരം ദ്രംഷ്ടങ്ങൾ
നാവുകൾ പുറത്തേക്കു താഴ്ന്നു വരുന്നുണ്ടോ
വാലുകൾ കിളിർക്കുന്നുണ്ടോ
നട്ടെല്ല് വളഞ്ഞു പോവുന്നോ
നാലുകാലിൽ നടക്കാറായോ എന്ന്

No comments:

Post a Comment