Monday, August 10, 2015

ഓർമ്മയുടെ ഇഴകൾ പൊട്ടിത്തുടങ്ങിയിരിക്കുന്നു,

ഓർമ്മയുടെ ഇഴകൾ
പൊട്ടിത്തുടങ്ങിയിരിക്കുന്നു,
ഉള്ളിൽ പച്ചച്ചു നിന്നിരുന്ന
വ്യക്തികളും അടുപ്പങ്ങളും ,
നടന്നു വന്ന വഴികളും
ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങളും.
മുഴുവനുമല്ല -
വക്കു പൊട്ടിയൊരോട്ടപ്പാത്രത്തിൽ
ബാക്കിയിരിപ്പുള്ളത് മാത്രം ഇപ്പോഴുമുണ്ട്
നിറം മങ്ങിയ
ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ
മുഖങ്ങൾ പോലെ.!
ഓർമ്മയുണ്ടാവും ഒരു പക്ഷെ നിങ്ങൾക്ക്
ഇറങ്ങിപ്പോരികയായിരുന്നു സ്വയം
ഞാനിരുന്ന കസേരയിൽ നിന്ന് .
അറബിക്കഥയിലെ സ്വപ്ന നഗരം പോലെ
അടിമുടി മാറിപ്പോയ ആ നാട്ടിൽ നിന്നും .
'ആഗമന'ത്തിലെ
ബിസിനസ്സ് വിസ കൌണ്ടറിൽ ഇരിക്കുമ്പോൾ
പലവട്ടം പരിചയപ്പെട്ടവരോട്
'നിങ്ങളാരെന്ന് ' ചോദിക്കുമ്പോൾ
പകച്ചു നിന്നവരാണെന്നെ ഓർമ്മപ്പെടുത്തിയത്‌ -പ്രായമായെന്നു !
പിന്നെയും പതിനാലു കൊല്ലം ഞാൻ ജീവിച്ചു -
ഒരു വനവാസക്കാലം !
'പരിചയപ്പെട്ടത്‌ മതിയെന്നെന്നെ'
സ്നേഹത്തോടെ കളിയാക്കിയ മനുഷ്യൻ ,
പാവം അയാളും ,
നിങ്ങളെപ്പോലെ , ഒരു വിളിപ്പാട് ദൂരെയായിരുന്നു .
പല വട്ടം അദ്ദേഹം നാട്ടിൽ വന്നു പോയിക്കാണും
ഒടുക്കം,
ഞാനയാളെ കണ്ടത് പക്ഷെ
ഒന്നും സംസാരിക്കാനാവാത്ത മുഹൂർത്തത്തിലായിരുന്നു.
ഇനി വരുമ്പോൾ ഇവിടെ വരണം
അല്ലെങ്കിൽ ഞാനിവിടെ നാട്ടിലുണ്ടെന്ന് വിളിച്ചു പറയണം .
പ്രൊഫൈൽ ചിത്രത്തിൽ നിന്ന്
നിങ്ങൾക്കെന്റെ മുഖം തിരിച്ചറിയാനായല്ലോ !
ചിലപ്പോൾ
ചില ഓർമ്മപ്പെടുത്തലുകളിലൂടെ
നമുക്ക് പഴയ കാലത്തെ വീണ്ടെടുക്കാനാവും !
ആദ്യം നാം കണ്ടു മുട്ടിയ ദിവസം ,
ഒരുമിച്ചു കഴിച്ചു കൂട്ടിയ നാളുകൾ
അതുമല്ലെങ്കിൽ
പിരിയുമ്പോൾ പറഞ്ഞ യാത്രാ വചനങ്ങൾ!

No comments:

Post a Comment