Friday, August 14, 2015

കർക്കിടക വാവ്

ഇന്ന് കർക്കിടക വാവ് .എന്റെ സഹോദരന്മാരിൽ പലരും - വിശ്വാസികളല്ലെങ്കിൽ പോലും പിതാക്കന്മാർക്ക് ബലി തർപ്പണത്തിനു പാപനാശിനിയിലേക്കും വരക്കൽ കടപ്പുറത്തേക്കും പുലർച്ചേ പുറപ്പെട്ടു കാണും .

ഞാനും ഓർത്തു ഒരു പാട് , ഇന്നീ പ്രഭാതത്തിൽ എന്റെ ഉപ്പാനെ .

വാർദ്ധക്യത്തിന്റെ വരവൊച്ചകൾ കേട്ടു തുടങ്ങിയതിൽ പിന്നീടായിരുന്നു ബാപ്പക്ക് ഞാനെന്ന അവസാനത്തെ തരി പിറന്നത്‌ .ഒമ്പതാമത്തെയാളായി .പതിനഞ്ചു തികയും മുൻപേ ഞാൻ ബാപ്പ മരിച്ച കുട്ടിയായി . എങ്കിലും ഓർമ്മയിൽ ഇപ്പോഴുമുണ്ട് ആ നെഞ്ചിലെ ചൂടും ഒപ്പം പറമ്പിലെ കാപ്പിച്ചെടിയുടെ ഇളം കമ്പുകൾ കൊണ്ട് മുടങ്ങാതെ കിട്ടിയിരുന്ന എണ്ണമില്ലാത്ത അടികളുടെ ചൂടും .

ഇളയ മോനായിരുന്നത് കൊണ്ടാവും മറ്റു മക്കൾക്കൊന്നും കിട്ടിയിട്ടില്ലാത്ത വാത്സല്യവും സ്വാതന്ത്ര്യവും തന്നു . വാൽസല്യക്കൂടുതൽ കൊണ്ട് മകൻ കുരുത്തം കെട്ടു പോകരുതെന്ന് കരുതി ഓരോ തെറ്റിനും കടുത്ത ശിക്ഷയും

ഓർമ്മയുണ്ട് , ദർസിനും ഇശാ നമസ്കാരത്തിനും ശേഷം നേരെ ഇക്കാക്കമാർക്കൊപ്പം വീട്ടിലെത്താത്ത കുറ്റം ചെയ്ത ആ രാത്രി .അന്ന് പെട്രോമാക്സ് വെളിച്ചത്തിൽ അസൈനാരുടെ ആന പാലിയിൽ നിന്ന് കടവിലേക്ക് മരം വലിക്കുന്നു. (അസൈനാരുടെ ആനയെ പറ്റി ഒരിക്കൽ ഞാനെഴുതിയിരുന്നു . മറ്റാർക്കും വഴങ്ങാത്ത ആ ഒറ്റക്കൊമ്പനെ മുതലാളി അദ്ദേഹത്തിന് 'തീറെഴുതി' കൊടുത്തതായിരുന്നു )
സമയത്ത് വീട്ടിലെത്താൻ മറന്നു ഞാനും ഒരു പറ്റം കുട്ടികൾക്കൊപ്പം സ്ഥല,കാല ബോധമില്ലാതെ നടന്നു .

 .ഇക്കാക്കമാർ വീട്ടിലെത്തിയപ്പോൾ കൂടെ ഞാനില്ല . ഞാൻ വന്നിട്ടേ ഭക്ഷണം വിളമ്പാവൂ എന്ന ഉപ്പാടെ ആജ്ഞ . വിശക്കുന്ന വയറുമായി കയ്യിൽ ഓലച്ചൂട്ടും കൊടുത്തു വിട്ടു ഇക്കാക്കമാരെ . ഒടുക്കം എന്നെയവർ കണ്ടെത്തിയപ്പോഴേക്ക് മണി പന്ത്രണ്ടു കഴിഞ്ഞിരിക്കും .
തിരിച്ചെത്തിയ ഉടൻ ശിക്ഷയുടെ ഒന്നാം ഊഴം .വീട്ടിന്റെ ഉത്തരത്തിൽ നിന്നെടുത്ത കാപ്പിവടി കൊണ്ട് ആസനത്തിൽ കിട്ടിയ അടിക്കു അന്നിത്തിരി ഊക്കു കൂടിയിരുന്നു . പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് കണ്ണു നിറഞ്ഞിട്ടും കരച്ചിൽ തൊണ്ടക്കുഴിയിൽ ഒതുക്കി . ഭക്ഷണം വിളമ്പാൻ ഉമ്മയെ അടുക്കളയിലേക്കു അയച്ചപ്പോഴാണ് ഞാനാ വാചകം കേട്ടത് ''ബാക്കി നാളെ ''.

അതോടെ വിതുമ്പൽ പൊട്ടിക്കരച്ചിലായി . ''തരാനുള്ളത്‌ മുഴുവൻ ഇപ്പൊ തന്നെ തന്നാൽ മന:സമാധാനത്തോടെ മനുഷ്യന് ഉറങ്ങാമായിരുന്നു ''.

പറഞ്ഞു മുഴുമിപ്പിക്കും മുൻപ് ഉപ്പയും പൊട്ടിക്കരയുകയായിരുന്നു . ഒപ്പം ചേർത്തു പിടിച്ചു ഒരുപാട് ഉമ്മകൾ കൊണ്ടെന്നെ പൊതിഞ്ഞു . പിന്നെ ഭക്ഷണം , പതിമൂന്നു വയസ്സുകാരനെ ഹൃദയത്തോട് ചേർത്തു കിടത്തി ചന്തിയിലെ തിണർത്തു പൊന്തിയ വടിയടയാളങ്ങളിൽ തലോടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നത് ഞാനറിഞ്ഞു .

പിതൃവാത്സല്യത്തിന്റെ ചൂടുള്ള കണ്ണുനീർ... മഴയൊഴിഞ്ഞ ഈ കർക്കിടക വാവ് ദിവസം അതൊക്കെ ഓർക്കുമ്പോൾ എന്റെ മനസ്സിലും കണ്ണീരിന്റെ മഴ പെയ്യുന്നുണ്ട് .മക്കളും പേരക്കുട്ടികളുമായി കഴിയുന്ന എനിക്ക് , ഉപ്പാടെ അന്നത്തെ പ്രായമാണല്ലോ ഇപ്പോൾ !

No comments:

Post a Comment