Saturday, August 8, 2015

പേടിക്കേണ്ടത് ഇരയല്ല - വേട്ടക്കാരനാണ്

മൌനത്തെ പേടിക്കണം
ഇരയുടെ മൌനത്തെ ...,
ഉള്ളിലെ കനലുകൾ ,
നിസ്സഹായനെന്ന തോന്നൽ
'മൌനം സമ്മതമെന്നു ' കരുതി 
വേട്ടക്കാരൻ നടത്തുന്ന മൃഗയാവിനോദങ്ങൾ
എല്ലാം ഒരു അലർച്ചയ്ക്ക് ,
പൊട്ടിത്തെറിക്കു, കൊടുങ്കാറ്റിനു
മുന്പുള്ള ശാന്തതയായിരിക്കും .
നോക്കൂ ,
നിങ്ങളുടെ അവകാശങ്ങൾ
അന്യന്റെ മൂക്കിൻ തുമ്പത്ത് വരെയെയുള്ളൂ
അവന്റെ ശരീരം , സമ്പത്ത് , അഭിമാനം
അതൊക്കെ അവന്റെതാണെന്നും
കയ്യൂക്ക് കൊണ്ട് തനിക്കു
കശക്കിയെറിയാനുള്ളതല്ലെന്നും ,
മുൻകൂട്ടി മനസ്സിലാക്കുന്നതാണ് വിവേകം .
എല്ലാം നഷ്ടപ്പെട്ടവന് ഒന്നും നഷ്ടപ്പെടാനില്ലല്ലോ
ചുട്ടെരിക്കപ്പെട്ട മകന്റെ , അച്ഛന്റെ കബന്ധങ്ങൾ
പിച്ചിച്ചീന്തി എറിയപ്പെട്ട ഉടപ്പിറന്നവളുടെ ചാരിത്ര്യം
സ്വന്തം മണ്ണ് , അന്യാധീനമായല്ലോ എന്ന വേദന
എല്ലാം അവനെ
ആർക്കും പിടിച്ചു കെട്ടാനാവാത്തൊരു ഭ്രാന്തനാക്കിയേക്കും
ചരിത്രം .........
ഭൂതകാലവും , വർത്തമാന കാലവും
ഇതൊക്കെയും നേര് തന്നെയെന്നു സാക്ഷ്യപ്പെടുത്തുമ്പോൾ
പേടിക്കേണ്ടത് ഒരിക്കലും ഇരയല്ല - വേട്ടക്കാരനാണ്

No comments:

Post a Comment