Saturday, August 8, 2015

ഓർമ്മകളില്ലാത്തത്

പടിഞ്ഞാറ് നിന്നൊരു കാറ്റ് വീശുന്നുണ്ട്,
പിണങ്ങിപ്പോയ മഴമേഘങ്ങൾ തിരിച്ചു വരുന്നുണ്ട്

ആഴ്ചയൊന്നായി ആകാശം നിറഞ്ഞു നിന്ന
പഞ്ഞിക്കെട്ടുകളിൽ കരി പുരണ്ടിട്ടുണ്ട് ,
തന്നു തീർക്കാനുള്ള കുടിശ്ശിക ബാക്കിയെ പറ്റി 
കാല വർഷത്തെ ആരോ ഓർമ്മിപ്പിച്ചിട്ടുണ്ട്


നന്ദിയില്ലാത്തവരെങ്കിലും 
സ്വന്തം മക്കള് കഷ്ടപ്പെടരുതെന്നു
ഭൂമിയ്ക്കുമാകാശത്തിനും തിരിച്ചറിവുണ്ട് -


ഓർമ്മകളില്ലാത്തത്
എല്ലാം പെട്ടെന്ന് മറന്നു പോവുന്നത്
മനുഷ്യർക്കാണ്!

വെന്തുരുകിയ ദിനരാത്രങ്ങളിൽ
വീണു കിട്ടിയ ഇടമഴകൾ
നൊന്തു പ്രസവിച്ച അമ്മമാരുടെ
നെഞ്ചു പൊട്ടിയ വിലാപങ്ങൾ ,
വേരോടെ പിഴുതെറിയുന്ന യന്ത്രക്കൈകളിൽ ,
മാനവും അഭിമാനവും പിച്ചിച്ചീന്തപ്പെടുമ്പോൾ
ഉള്ളുരുകി ശപിക്കാത്ത മണ്ണും കാടും പുഴകളും .

കണക്കു കൂട്ടുന്ന ,
കണക്കു തീർക്കുന്ന
തിരക്കിലാണ് നാം
എനിക്കെത്ര കിട്ടി ? നിനക്കോ ?
എല്ലാറ്റിനും ഉത്തരം കിട്ടാൻ നാളെ നമ്മളുണ്ടാവുമോ ?

No comments:

Post a Comment