Saturday, August 8, 2015

മരുഭൂമിയിൽ കവിതകൾ പൂക്കുന്നത്

ഞാനുമോർക്കാറുണ്ട്,
മരുഭൂമിയിൽ
കവിതകൾ പൂക്കുന്നത് എങ്ങിനെയാണെന്ന് ?
അച്ചിലിട്ടു വാർത്ത പോലൊരു ജീവിതമല്ലേയവിടെ 
വെളിച്ചത്തിൽ മുങ്ങി ശ്വാസം മുട്ടുന്ന രാത്രിയറിയാതെ
എവിടെ നിന്നോ ഒരു സൂര്യൻ വന്നെത്തും .
വെന്തുരുകുന്ന പുറംലോകത്തെ അനുഭവിക്കാത്തവർ
അപരാഹ്നം വരേ ശീതീകരിച്ച മുറിയിലിരുന്നു,
അക്ഷരങ്ങളോട് പടവെട്ടും-
ചിലപ്പോൾ അക്കങ്ങളോടും
ആരോ വരച്ചു വെച്ചൊരു ക്യാൻവാസിലെ ചിത്രങ്ങൾ പോലെ
ജീവനില്ലാത്ത പുൽത്തകിടികൾ കാണാം
ആർക്കും തണലേകാതെ പാതയോരത്തെ കൊച്ചുമരങ്ങൾ!
പിന്നെയെപ്പോഴോ സൂര്യനുറങ്ങാൻ പോവും
ചിലപ്പോൾ മരുഭൂമികളെ അടിമേൽ മറിച്ചെടുത്ത
പൊടിപടലങ്ങളുമായി ചുടുകാറ്റു വന്നെത്തും
ഉള്ളും പുറവും വിങ്ങിപ്പൊട്ടുന്ന
നശിച്ച വൈകുന്നേരങ്ങൾ
ഉറക്കമില്ലാത്ത രാത്രികളിൽ മനസ്സ് വേപഥു കൊളളും
കരയാൻ പോലും സമ്മതിക്കാത്ത വിധിയെ പഴിക്കും
തൊട്ടടുത്ത കട്ടിലുകളിൽ തളർന്നുറങ്ങുന്ന
കൂട്ടുകാരെയോർത്തു അസൂയപ്പെടും .
ഇതിനിടയിൽ എവിടെയാണ് ഒരു കവിത പിറവി കൊള്ളുന്നത്‌ ?
എപ്പോഴാണ് ഒരു കവിത 'ജീവിതം' തന്നിട്ടുള്ളത് ?

No comments:

Post a Comment