Monday, March 20, 2017

വാക്കുകളുടെ കൊട്ടാരം

നമുക്കിനി
വാക്കുകളുടെ കൊട്ടാരം പൊളിച്ചു പണിയാം
കാലഹരണപ്പെട്ടതും
കാലത്തിനു ചേരാത്തതും
വക്കടരാതെ
വല്ല മ്യൂസിയത്തിലേക്കും ദാനം നല്കാം
സത്യസന്ധത ,
ആത്മാർഥത ,
സാഹോദര്യം ,
അഹിംസ,
മതേതരത്തം,
സഹിഷ്ണുത.... .
അലങ്കരിച്ച അലമാരകളിൽ
പ്രദർശനത്തിനു വെയ്ക്കാം
വരും കാല ജന്മങ്ങൾക്ക്
കണ്ടു പഠിക്കാനല്ല -
ഓർത്തു ചിരിക്കാൻ !
പുതിയ കൊട്ടാരത്തിന് മേൽക്കൂര വേണ്ട
സ്വപ്‌നങ്ങൾ പോലെ
ആകാശമാവട്ടെ പരിധി
ചുമരുകളാണ്‌ പ്രധാനം
ചുമരുകൾക്കിടയിൽ ഓരോ ലോകങ്ങൾ
അവിടെ സ്വന്തം നീതികൾ , നിയമങ്ങൾ
കാശും കയ്യൂക്കുമുള്ളവൻ
കാണാച്ചരടുകൾ കൊണ്ട്
മുഴുലോകത്തെയും ഭരിക്കട്ടെ
അതു തന്നെയാണല്ലോ പ്രപഞ്ചനീതി
കാട്ടുമനുഷ്യൻ നാട്ടിലിറങ്ങിയപ്പോൾ
ഒപ്പം കൂട്ടിയതാവും കാട്ടുനീതിയും
ബലവാന് ദുർബ്ബലനു മേൽ ആധിപത്യം
വേട്ടക്കാരന് ഇരകളുടെ മേൽ അധീശത്തം
ഒന്നുകിൽ ശക്തി കൊണ്ട് ,
അല്ലെങ്കിൽ ബുദ്ധി കൊണ്ട്
അർഹതയുള്ളവർ അതിജീവിക്കുന്നു .
അനിമൽ ചാനലിൽ
മൃഗയാവിനോദങ്ങൾ കാണാറില്ലേ
വേട്ടയാടുന്ന കടുവകൾ മുഴുവൻ ഭക്ഷിക്കാറില്ല
മൃഷ്ടാന്നം കഴിച്ചു അവ സ്ഥലം വിടുമ്പോൾ
ഉച്ചിഷ്ട്ടം തിന്നാനായി ഓടിയെത്തും
ചെന്നായ്ക്കൾ , കുറുനരികൾ , കഴുകന്മാർ
ഇപ്പോൾ
കാടിറങ്ങി വരാറുണ്ട്
കടുവകളും കാട്ടു പന്നികളും
നാട് കാടായത് അറിഞ്ഞിട്ടെന്ന പോലെ !
LikeShow More Reactions
Comment

No comments:

Post a Comment