Wednesday, March 15, 2017

വേനൽ മഴ

മഴയൊരു പ്രത്യാശയാണ്
പ്രതേകിച്ചു വേനലിലെ മഴ
ചക്രവാളച്ചെരുവുകളിൽ പഞ്ഞിക്കെട്ടുകൾ ,
ചിരിക്കാൻ പോലുമറിയാതെ
മുഖം വീർപ്പിച്ചു ഭൂമിയും വാനവും

പിന്നെ എവിടെ നിന്നെന്നറിയാതെ
തണുത്തൊരു കാറ്റ് വന്നു
ഇലക്കമ്പുകളെ ഇക്കിളി കാട്ടുന്നതും
മാനത്തിന്റെ മുഖം കറുക്കുന്നതും,
കൊച്ചു കൊച്ചു മിന്നലുകളും
ചെറു മുഴക്കങ്ങളും ,
വെള്ളിമേഘങ്ങൾ കറുപ്പണിയുന്നതും
ഇര തേടിപ്പോയ പക്ഷികൾ
 ഇരുട്ടും മുമ്പേ കൂടണയുന്നതും ,
,,
ചാറ്റൽ മഴയിൽ മണ്ണിന്റെ മണമുയരുന്നതും
പിന്നെ മഴ കനത്തപ്പോൾ
വീട്ടിനു മുന്പിലെ ചെമ്മണ്‍ പാതയിലൂടെ
ചുവന്ന നീർചാലുകളൊഴുകുന്നതും,,,,

ഇപ്പോൾ വേവും ചൂടുമൊഴിഞ്ഞു
ഉറക്കമെന്റെ കണ്‍പോളകളിൽ
കൂടു കെട്ടുന്നുണ്ട് ....
മൂന്നാമത്തെ വേനൽ മഴയിൽ
ഉള്ളിലൊരു കിനാവ്‌ മുള പൊട്ടുന്നുണ്ട്
 ശുഭരാത്രിയോതി ,
ഉറങ്ങാൻ കിടക്കുകയായി
ഞാനും എൻറെ ഭൂമിയും 

No comments:

Post a Comment