Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...ormma, churam kayariyum irangiyum

1979 ...വയനാട്ടിലേക്ക് പി.എസ.സി നിയമനം കിട്ടി പോവുമ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു . ചുരം കയറി ബത്തേരിക്കുള്ള വഴിയില്‍ , ബത്തേരി നിന്ന് അമ്പലവയലിലെക്കുള്ള വഴിയില്‍ വലതു വശത്തെ വിന്‍ഡോ സീറ്റില്‍ ഇരിക്കണം , വെറുതെ കണ്ണോടിച്ചാല്‍ കാണാം , നീണ്ടു മലര്‍ന്നു കിടക്കുന്ന ഭീമനൊരു സ്ത്രീ രൂപം ..അമ്പുകുത്തി മല....മുലകള്‍ അമ്പ്‌ കൊണ്ട് മുറിച്ച്ചെടുക്കപ്പെട്ട താടകയാണ് അതെന്നു സങ്കല്പം ..... 
ഇടക്കല്‍ ഗുഹകള്‍ കിടക്കുന്നത് ആ മലയുടെ ഗര്ഭത്തിലാണ്. അമ്പു കുത്തിയുടെ സൌന്ദര്യം മുഴുവനറിയാന്‍ ആനപ്പാറ സ്കൂളിന്റെ വരാന്തയില്‍ സന്ധ്യാനേരത്ത് നിന്ന് നോക്കണം ,ജീവിതത്തില്‍ കവിതയെഴുതാത്ത ഞാന്‍ പോലും കവിതയെഴുതി ..........'...താടക ,അമ്പേറ്റു , ഏറെ അംഗഭംഗങ്ങള്‍ വന്നു , പാറയായ് കിടക്കുന്നൂ, 'അമ്പുകുത്തിയായ് , ദൂരെ ! .....ജ്വലിച്ച കാമത്തിന്റെ രക്തസാക്ഷിയാമവള്‍ , വിളിപ്പൂ ...മഞ്ഞിന്‍ വിരി പുതച്ചു മയങ്ങിടാന്‍ ! എന്നെ മദോന്മത്തനാക്കിയോ രിളം കാറ്റില്‍ , എങ്ങനെ തിരിച്ചെത്തീ 'വയല്‍നാടെ ' നിന്‍ ഗന്ധം !! ആയിരം കാപ്പിപ്പൂക്കള്‍ തന്നുയിര്‍ കവര്‍ന്നെടു- ത്താനന്ദ നൃത്തം ചെയ്ത , മന്ദ മാരുത ഗര്‍വ്വം !! ...... .....അന്ന് സ്വല്പം കവിതയുടെ അസ്കിതയുള്ള കാലം . എനിക്ക് മാത്രമല്ല എല്ലാ മലയാളിക്കും , ഏതു അരസികനും , കവിത ഇഷ്ടമായിരുന്ന കാലമായിരുന്നു അത്. അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള നാലഞ്ചു വര്‍ഷങ്ങളും . 1975 മുതല്‍ 1980 കൂടിയുള്ള അഞ്ചാറു വര്‍ഷങ്ങള്‍ ...കടമ്മനിട്ടയും അന്നത്തെ ക്ഷോഭിക്കുന്ന യുവത്വവും പകര്‍ന്നാട്ടം നടത്തുന്ന , കവിത ജനകീയമായിത്തീര്‍ന്ന അത്തരമൊരു കാലഘട്ടം മുന്പ് ഉണ്ടായിട്ടില്ല , ഇനി ഉണ്ടാവുകയുമില്ല ..... വയനാട് ആണെങ്കില്‍ ആസുരകവിതയുടെ സ്വന്തം നാട്. എനിക്ക് മിണ്ടിപ്പറയാന്‍ കിട്ടിയത് അന്നത്തെ - ഇന്നത്തെയും - പ്രതികരിക്കുന്ന മനുഷ്യരുടെ പ്രിയപ്പെട്ട കവി..ഞാന്‍ മന:പാഠമാക്കിയ കവിതകള്‍ - ശാന്തയും കാട്ടാളനും കിരാതവൃത്തവും കുറത്തിയും അദ്ദേഹം ചോല്ലിത്തരുമ്പോള്‍ അത് വരെ കാണാത്ത അര്‍ത്ഥ തലങ്ങള്‍.....വയനാട് സാംസ്കാരിക വേദി അന്ന് മനസ്സില്‍ തീയെരിയുന്ന മനുഷ്യരുടെ കൂട്ടായ്മയായിരുന്നു . പക്ഷെ എന്റെയുള്ളിലെ ' വിശ്വാസി ' അവരെ ഇഷ്ടപ്പെട്ടെങ്കിലും അവരുടെ ആശയങ്ങള്‍ - അങ്ങനെയല്ല - സ്വപ്‌നങ്ങള്‍ - പുലരുമോ എന്ന കാര്യത്തില്‍ സംശയാലു ആയിരുന്നു. ''ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നതും , വിമോചിത മേഖലകള്‍ രൂപം കൊള്ളുന്നതും ജനകീയ ചൈന സഹായത്തിനു വരുന്നതും ഒക്കെ വെറും 'ഉട്ടോപ്യന്‍ സ്വപ്‌നങ്ങള്‍ ' എന്ന് ഞാന്‍ കരുതി. ഞാനത് എന്റെ കവിസുഹൃത്തിനോട് തുറന്നു പറഞ്ഞു ................ആയിടക്കാണ് ഞാന്‍ ഒറ്റയ്ക്ക് കഴിയുന്ന റൂമിലേക്ക്‌ കവി വിളിച്ചു പറഞ്ഞ ആള്‍ രാത്രി വൈകീട്ട് കയറി വരുന്നത്. മുറിയിലെ കട്ടില്‍ ഞാനയാള്‍ക്ക് കൊടുത്തു . താഴെ ഞാനും ....എന്റെ കമ്പിളിപ്പുതപ്പ്‌ ഞാന്‍ കൊടുത്തില്ല .സിമന്റിട്ട നിലത്തു പേപ്പര്‍ വിരിച്ചു കിടക്കുമ്പോള്‍ എനിക്കൊരു ധൈര്യത്തിന് ! .കാലത്ത് അധികമാരും കാണും മുന്പ് എനിക്ക് ഊരും പേരും നാടും അറിയാത്ത ആ മനുഷ്യന്‍ പോവുകയും ചെയ്തു ...........................വര്‍ഷം ഒന്നു കഴിഞ്ഞു. കോഴിക്കോട് നഗരാതിര്‍ത്തിയിലെ ഒരു സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി ഞാന്‍. ഞാന്‍ ലീവിലായിരുന്നു ഒരു ദിവസം . പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ഹെഡ് മാസ്റ്ററും മറ്റു സഹപ്രവര്‍ത്തകരും കാത്തിരിക്കുകയായിരുന്നു എന്നെ. '' മാഷേ .....സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടരുടെ ഓഫീസ്സില്‍ നിന്ന് മഫ്ട്ടിയില്‍ ഒരാള്‍ വന്നിരുന്നു, നിങ്ങളെ അന്യെഷിച്ചിരുന്നു .....'' ഞാന്‍ പോയി , അവിടെ എന്നെ അന്യെഷിച്ചത് എന്തിനെന്നറിയാന്‍ ....പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു ഞാന്‍ , അതിന്റെ വെരിഫിക്കേഷന്‍ ആണോ എന്നറിയാന്‍.......... നോക്കുമ്പോള്‍ സംഗതി ഗൌരവമുള്ളതാണ് . ഇരിക്കാന്‍ പറഞ്ഞു എന്നോട് , പിന്നെ ചോദ്യങ്ങള്‍ ...'' മാഷ്‌ സി.പി.ഐ.ML ആയിട്ട് വല്ല ബന്ധവുമുണ്ടോ ? വയനാട് സാംസ്കാരിക വേദിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ , കവി മാഷ്‌ നിങ്ങളുടെ സുഹൃത്താണോ ? വേണു നിങ്ങളുടെ റൂമില്‍ താമസിച്ചു എന്നാണല്ലോ റിപ്പോര്‍ട്ട് ! '' സത്യമേ എനിക്ക് പറയാനുള്ളൂ..... എനിക്ക് കവിമാഷെ അറിയാം ...സാംസ്കാരികവേദിയുടെ ഒരൊറ്റ യോഗത്തില്‍ , കടമ്മനിട്ട കവിത ചെല്ലുന്നത് കേള്‍ക്കാന്‍ പോയിരുന്നു. ആ കവിതകളിലെ തപ്പും തുടിയും ഈണവും താളവും എനിക്ക് ഇഷ്ടമാണ് , സി.പി.ഐ എം എല്‍ പറയുന്നതിനോട് എനിക്ക് ഒരു യോജിപ്പും ഇല്ല , ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഒരിക്കലും അവരുടെ സ്വപ്‌നങ്ങള്‍ പൂവണിയില്ല എന്നാണു അന്നും ഇന്നും എന്റെ വിശ്വാസം...പിന്നെ ഒരു രാത്രി ഏതോ ഒരാള്‍ എന്റെ മുറിയില്‍ അന്തിയുറങ്ങാന്‍ വന്നിട്ടുണ്ട് .അത് , കവി മാഷോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും അദ്ദേഹം വിളിച്ചു പറഞ്ഞത് കൊണ്ടും മാത്രം ........... .സത്യമാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് ബോധ്യമായിരിക്കും .... പൊയ്ക്കൊള്ളാന്‍ പറഞ്ഞു , ഒപ്പം എല്ലാറ്റിനും ഒരു സൂക്ഷ്മത വേണ്ടതാണെന്ന് ഉപദേശവും തന്നു ആ നല്ല മനുഷ്യന്‍.

No comments:

Post a Comment