Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...narayanan mesthri

സത്യം വളച്ചു കെട്ടില്ലാതെ പറയുന്നത് 'കഥ'യാവുമോ? ഇത്തിരി പൊടിപ്പും തൊങ്ങലും സ്വന്തം ഭാവനയില്‍ കുരുത്തെടുത്ത ചമയങ്ങളും ചമല്‍ക്കാരങ്ങളും കഥാകാരന്റെ പണിപ്പുരയില്‍ ഉരുവപ്പെട്ടു വരണം. ജീവിതത്തില്‍ ഇന്നേ വരെ കഥയെഴുതിയിട്ടില്ല ....ഈ എഴുതുന്നത്‌ കഥയുമല്ല , 40 വര്ഷം കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മാഞ്ഞു പോവാന്‍ മടിക്കുന്ന ഒരനുഭവം........... 1972 , സ്ഥിരം ജോലിയൊന്നും കിട്ടിയിട്ടില്ല. ഒന്നി
ന് പോന്ന ഒരു വാല്യക്കാരന്‍ പണിയൊന്നും ഇല്ലാതെ വീട്ടില്‍ നിന്നാല്‍ നാട്ടുകാര്‍ക്ക് 'സഹിക്കില്ലല്ലോ '! കാണുന്നവരൊക്കെ ചോദിക്കും ....അല്ല , പണി ഒന്നുമായില്ലേ ? ഇങ്ങനെ വീട്ടില്‍ നിന്നാല്‍ മതിയോ ? ...പോരെന്നു എനിക്ക് തന്നെ അറിയാം , പക്ഷെ എവിടെപ്പോവും? വെറും പത്താം ക്ലാസ്സ് കഴിഞ്ഞവന് അന്ന് ശ്രമിച്ചു നോക്കാവുന്ന ഒരേ ഒരു പണി കണക്കെഴുത്ത് , ഏതെങ്കിലും മുതലാളിമാരുടെ അടുത്ത് .അങ്ങനെയൊരു മുതലാളി പുഴക്കക്കരെ കാരശേരിയില്‍ ഉണ്ട് , അങ്ങോര്‍ക്ക് കര്‍ണ്ണാടകയില്‍ , മംഗലാപുരത്തിന് അടുത്ത് കുന്താപുരത്ത് ചായത്തോട്ടവും കൂപ്പും ടിമ്പര്‍ മില്ലും ഒക്കെയുണ്ട് . ആളെ കണ്ടാല്‍ ചിലപ്പോള്‍ റൈറ്റര്‍ പണി കിട്ടിയേക്കും ...............കയ്യില്‍ നൂറ്റില്‍ ചില്വാനം ഉറുപ്പിക. മംഗലാപുരത്ത് വണ്ടിയിറങ്ങി , ചോദിച്ചറിഞ്ഞു കുന്താപുരത്ത് അങ്ങോരുടെ ആപ്പീസില്‍ എത്തിയപ്പോള്‍ മുതലാളി സ്ഥലത്തില്ല , എന്ന് വരുമെന്ന് അറിയില്ല , തല്ക്കാലം ഇവിടെ റൈറ്റര് പണിക്കു ആളെ ആവശ്യമില്ല ........എന്ത് ചെയ്യണം ?തിരിച്ചു പോയാല്‍ നാട്ടുകാരോട് 'സമാധാനം' പറയണം .......അപ്പോഴാണ്‌ നല്ല വെളുത്ത മുണ്ടും ഹാഫ് ഷര്‍ട്ടും ഇട്ട ഒരു മാന്യന്‍ , അടുത്ത് വരുന്നു , വിവരങ്ങള്‍ അന്യേഷിക്കുന്നു - ആനപ്പാപ്പാനാണ് , കുന്താപുരത്ത് നിന്നും അമ്പത് നാഴിക ദൂരെ നേരിയ എന്ന സ്ഥലത്ത് , വലിയൊരു മുതലാളിയുടെ അടുത്താണ് ആനയും പണിയും. പെട്ടെന്ന് നാട്ടിലൊന്നു പോവേണ്ടി വന്നു , '' മാഷ്‌ വിഷമിക്കേണ്ട , ഞാനൊരു കത്ത് തരാം , അത് എന്റെ മുതലാളിയുടെ റൈറ്റര്‍ , മലയാളി , അച്യുതന്‍ സാറിനു കൊടുത്താല്‍ പണി ഉറപ്പു '' . രാവിലെ ഇവിടുന്നു പോവുന്ന ലോറിയില്‍ പോയാല്‍ മതി , ഞാന്‍ നേരത്തെ പോവും '' , ലോരിക്കാരനെ പരിചയപ്പെടുത്തി , പിന്നെ ഇത്തിരി 'മടിയോടെ ' മാഷിന്റെ കയ്യില്‍ കാശുണ്ടെങ്കില്‍ .... എന്തായാലും എനിക്ക് ജോലി ശരിയാക്കാന്‍ സഹായിച്ച മനുഷ്യന്‍ അല്ലെ , അഞ്ചു രൂപ കയ്യില്‍ വെച്ച് ബാക്കി അയാള്‍ക്ക്‌ കൊടുത്തു .....................നേരം വെളുത്തു . ലോറിയില്‍ നെരിയ എന്ന സ്ഥലത്തെത്തി , അച്യുതന്‍ റൈറ്റര്‍ കുടുംബമായി താമസിക്കുന്ന വീട്ടില്‍ എത്തി , കത്ത് കൈമാറി.കത്ത് വായിക്കുമ്പോള്‍ മൂപ്പരുടെ മുഖത്ത് എനിക്ക് പിടികിട്ടാത്ത എന്തൊക്കെയോ ഭാവങ്ങള്‍.!(ഇങ്ങനെയൊരു സാധുവായിപ്പോയല്ലോ എന്നാവാം ).വീട്ടുകാരി ചായ കൊണ്ട് വരുന്നു .അത് കുടിച്ചു കഴിയും വരെ മൌനം. പിന്നെ ചോദിച്ചു -'' നിങ്ങള്‍ അയാള്‍ക്ക്‌ കാശൊന്നും കൊടുത്തിട്ടില്ലല്ലോ ''?.... കൊടുത്തു , അഞ്ചു രൂപ എന്റെ കയ്യില്‍ വെച്ച് ബാക്കി മുഴുവന്‍ .... മുഖവുരകള്‍ ഇല്ലാതെ അങ്ങൊരു കാര്യം പറഞ്ഞു '' നിങ്ങള്‍ കണ്ടയാള് ഇവിടെ പാപ്പാന്‍‌ ആയിരുന്നു , പലവട്ടം പറഞ്ഞിട്ടും മനസ്സിലാവാത്ത ഒടുക്കത്തെ കള്ളുകുടി കാരണം പറഞ്ഞു വിട്ടു ''...മാഷക്ക് പറ്റിയ പണിയൊന്നും ഇവിടെയില്ല , ഇവിടെ അടുത്ത് റോഡ്പണിക്കാര്‍ താമസിക്കുന്ന ഊട്ടുപുരയില്‍ ഉറങ്ങി നാളെ രാവിലെ തിരിച്ചു പൊയ്ക്കോള്ളൂ , കോഴിക്കോട്ടു എത്താനുള്ള വണ്ടിക്കൂലിയും തന്നു ആ നല്ല മനുഷ്യന്‍ ............... കോഴിക്കോട്ടെത്തി നാട്ടില്‍ പോവും മുന്പ് എനിക്ക് അയാളെ കാണണം , കൊടുത്ത കാശ് തിരിച്ചു വാങ്ങി പുളിച്ച നാല് ചീത്ത പറയണം ......നാരായണന്‍ മേസിരി തന്ന വിലാസം കയ്യിലുണ്ട് . നഗരത്തിന്റെ അതിര്‍ത്തിയില്‍ . സിറ്റി ബസ്സില്‍ കയറി അയാളുടെ നാട്ടില്‍ എത്തുന്നു .അവിടുത്തെ റേഷന്‍ കടക്കാരന്‍ കാണിച്ചു തന്നു - അതാ അവിടെയാണ് അയാളുടെ വീട് , അത് പക്ഷെ ഭാര്യ വീടാണെന്നു തോന്നുന്നു ''......കേറിച്ചെന്നു , ദൈന്യത തളം കെട്ടിയ മുഖത്തോടെ മൂന്നു കൊച്ചു കുട്ടികള്‍ , മുഷിഞ്ഞ മുണ്ടും ബ്ലൌസും ധരിച്ച ആ സ്ത്രീ അയാളുടെ ഭാര്യയായിരിക്കും ....''ഇത് മേസിരിയുടെ ........? ചോദ്യം മുഴുമിപ്പിക്കും മുന്പ് ആ സ്ത്രീ തന്റെ സങ്കടങ്ങളുടെ ഭാണ്ഡം അഴിക്കുകയാണ് '' അയാള് നിങ്ങളെയും പറ്റിച്ചു കാണും !ഇവിടെ എന്നെയും മക്കളെയും തിരിഞ്ഞു നോക്കാറില്ല , ഇവിടെ വന്നിട്ട് ആറു മാസം കഴിഞ്ഞു ,റേഷന്‍ വാങ്ങാനുള്ള കാശുണ്ടെങ്കില്‍ ...........'' ഒടുക്കം , ഞാനെന്റെ കീശ തപ്പി നോക്കി , ഉണ്ട് , നാട്ടിലേക്കുള്ള ബസ്സുകൂലി കഴിഞ്ഞാലും അവര്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ വാങ്ങിക്കാം .......... തിരിച്ചു നടന്നു ഒരുപാട് പാഠങ്ങള്‍ പഠിച്ച മുതിര്‍ന്നൊരു മനുഷ്യനെപ്പോലെ .....ആ കുഞ്ഞുങ്ങളുടെ മനസ്സിന്റെ നന്മ കൊണ്ടാവും , ഏറെ വൈകാതെ ഞാനുമൊരു സര്‍ക്കാര്‍ ജോലിക്കാരനായി !!......................

No comments:

Post a Comment