Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...payyoli angadi

പയ്യോളി കണ്ടിട്ടുണ്ടോ നിങ്ങള്‍? വടക്കോട്ട്‌ തീവണ്ടിയില്‍ പോകുമ്പോള്‍ കാണുന്ന പയ്യോളി സ്റ്റേഷനും ബസ്സിലിരുന്നു കാണുന്ന പയ്യോളി ഹയര്‍ സെക്കണ്ടറി സ്കൂളും കാണുകയും പയ്യോളി എക്സ്പ്രസ്സ് പി.ടി. ഉഷയെ മനസ്സില്‍ ഓര്‍മ്മിക്കുകയും ചെയ്തിട്ട് ' അതെ ' എന്ന് മറുപടി പറയാന്‍ വരട്ടെ ...അതല്ല പയ്യോളി , ആ സ്ഥലത്തിന്റെ പേര് പുതിയ നിരത്ത് .. സാക്ഷാല്‍ പയ്യോളി അങ്ങാടി അവിടുന്ന് പേരാമ്പ്രക്ക് പോകുമ്പ
ോള്‍ തച്ചന്‍ കുന്നും കീഴൂരും - തൃക്കൊട്ടൂരിന്റെ കഥാകാരന്റെ പൂവെടിത്തറയും കഴിഞ്ഞുള്ള പയ്യോളി ചീപ്പ് നില്‍ക്കുന്നെടം , അകലാപ്പുഴയും കുറ്റിയാടിപ്പുഴയും സന്ധിക്കുന്ന മനോഹര ദേശം ............... ഞാനുണ്ടായിരുന്നു അവിടെ ആറു മാസം , മറക്കില്ല ഞാന്‍ അവിടുത്തെ ഓര്‍മ്മകളെ . അതെന്റെ യൌവനത്തിന്റെ ഓര്‍മ്മകള്‍ ആണ് , വാര്‍ധക്യത്തില്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ ചുണ്ടില്‍ പുഞ്ചിരി വരും - പക്ഷെ ചിരിക്കില്ല , ആരെങ്കിലും കാണുമ്പോള്‍ പറയില്ലേ ' വയസ്സാം കാലത്ത് കിളവന്റെ '..... ഇല്ല മുഴുവനും പറയില്ല ................ മാഷായിരുന്നു. താല്‍ക്കാലിക ജോലിക്ക്..... ചീപ്പിനടുത്തു നിന്ന് അകലാപ്പുഴയുടെ തീരത്ത് കൂടെ അര കിലോമീറ്റര്‍ പോയാല്‍ തുറയൂര്‍ സ്കൂള്‍ ആയി . വഴി പറഞ്ഞു തന്നത് ഞാന്‍ ജീവിതത്തില്‍ ആദ്യം കണ്ട ശുജായി , അബ്ദുല്ലക്ക . ടെര്‍ലിന്‍ ഷര്‍ട്ടും റെയ്ബന്‍ കൂളിംഗ് ഗ്ലാസും കൈത്തണ്ടയില്‍ റാഡോ വാച്ചും സ്പ്രേയുടെയും ത്രീ ഫൈവ് സിഗരറ്റിന്റെയും സമ്മിശ്ര മണവും ഉള്ള ഒത്തൊരു മനുഷ്യന്‍ .അയാളെ കാണുമ്പോള്‍ പെണ്ണുങ്ങള്‍ ഒഴിഞ്ഞു മാറി നടക്കും , പേടിച്ചിട്ടല്ല ബഹുമാനിച്ചു . എനിക്കും ബഹുമാനം തോന്നി . സ്കൂളില്‍ ജോയിന്‍ ചെയ്തു വൈകുന്നേരം അങ്ങാടിയില്‍ എത്തിയ എനിക്ക് റൂം ശരിയാക്കി തന്നതും മൂപ്പരാണ്‌....ഇപ്പോഴദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ആവോ ....? ....................അങ്ങാടിയുടെ അവസാനത്തില്‍ അന്നത്തെ ഏറ്റവും വലിയ ഇരുനില പീടികക്കെട്ടിടം. റോഡിനു എതിര്‍ വശത്ത് വെറും അമ്പത് മീറ്റര്‍ അടുത്ത് പുഴയോഴുകുന്നു . തൊട്ടടുത്ത്‌ ചെരിച്ചില്‍ പള്ളിയുടെ എതിര്‍ വശത്ത് പുഴ തന്നെ കക്കൂസ്സ് . വലിയ തെങ്ങിന്‍ തടികള്‍ പുഴയില്‍ നാട്ടി , തെങ്ങ് തടി കൊണ്ട് തന്നെ പാലമിട്ട ആ കക്കൂസ്സില്‍ കാര്യം സാധിക്കുമ്പോള്‍ വെറുതെ താഴോട്ട് നോക്കിയാല്‍ ....പടച്ചോനേ....ഒരു പതിനായിരം മീനുകള്‍ !!!. ഇരുവഴിഞ്ഞിയെന്ന എന്റെ കൊച്ചു പുഴയിലെ മീനെവിടെ ? അവിടെ പയ്യോളി അങ്ങാടിയില്‍ വില്‍പ്പനക്ക് വരുന്ന മീനിന്റെ പേരുകള്‍ തന്നെ ആദ്യം കേള്‍ക്കുകയാണ് . മാലാനും ചിറ്റാനും കണ്ണിക്കാനും .....................................................................പുഴ കണ്ടാല്‍ എനിക്ക് ഊളിയിടണം , അക്കരയ്ക്കു നീന്തണം . രണ്ടിലോന്നിന്റെ (അതും ഒരു കഥ - പെറ്റ ഉമ്മാക്ക് പോലും കാഴ്ചയില്‍ മാറിപ്പോവുന്ന രണ്ടു ഇരട്ട സഹോദരംമാര്‍ , പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? അവര്‍ ഇട്ട പേരാണ് 'രണ്ടിലൊന്ന് ') വീട്ടിന്റെ മുറ്റത്തൂടെ പുഴയിലേക്ക് ഇറങ്ങും ,പെരും വെള്ളത്തില്‍ അക്കരയ്ക്കു നീന്തി പരിചയമുണ്ട് എനിക്ക് , അതും ഇരുവഴിഞ്ഞിപ്പുഴക്ക്‌ ഭാന്തു പിടിക്കുന്ന കര്‍ക്കിടക മാസത്തില്‍ . ഇവിടെ അത്രക്കൊന്നും ഒഴുക്കില്ല , പിന്നെ നീന്തി തളരുമ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുത്തു വെള്ളത്തിന്റെ മര്‍ദ്ദത്തില്‍ പൊങ്ങിക്കിടന്നു ക്ഷീണം മാറ്റുന്ന വിദ്യയും എനിക്കറിയാം . അത് കൊണ്ട് ഒരാഴ്ചയോളം ആ കലാപരിപാടി തുടര്‍ന്ന് ....................................................................ഒരാഴ്ച കഴിഞ്ഞു വന്നൊരു ദിവസം . ഇക്കരെ ഞാന്‍ നീന്താന്‍ തുടങ്ങുമ്പോള്‍ ആരുമില്ല. അക്കരെ നിരന്നു കാണുന്ന പാറക്കൂട്ടം . അവിടെയെത്തി ക്ഷീണം മാറ്റി തിരിച്ചും നീന്തി. ഇക്കരെ , ഞാന്‍ മുണ്ടും ഷര്‍ട്ടും അഴിച്ചു വെച്ച സ്ഥലത്ത് പത്തു നൂറു പേര് - ആണുങ്ങളും പെണ്ണുങ്ങളും ... അവര്‍ എന്നെയും കാത്തിരിക്കുകയാണ് , ശ്വാസം അടക്കിപ്പിടിച്ചു ! . ഉടുത്ത തോര്‍ത്ത്‌ വെള്ളത്തില്‍ നിന്ന് കൊണ്ട് തന്നെ അഴിച്ചു തല തോര്‍ത്തി , കരക്ക്‌ കേറിയപ്പോള്‍ .....പടച്ചോനേ.....എല്ലാവരുടെ വകയും ഉപദേശം , പേടിപ്പിക്കല്‍ '' എന്ത് വെവരക്കെടാണ് മാഷേ നിങ്ങളീ ചെയ്തത് ? പേരും കയമാണ് ഇവിടെ , പോരാത്തതിന് അടിയില്‍ ചുഴിയും , എത്രയോ പേര് മുങ്ങി മരിച്ച സ്ഥലമാണിത് ............................. ചുരുക്കത്തില്‍ അന്ന് മുതല്‍ എന്റെ വിസ്തരിച്ചുള്ള കുളി കാക്കക്കുളിയായി മാറി , എന്റെ ഉള്ളില്‍ ഒരു ഭീരു ജനിച്ചു , എന്നാലും എനിക്ക് ഇഷ്ടമാണ് പയ്യോളിയങ്ങാടിക്കാരെ , എന്നോട് , അവര്‍ക്ക് ആരുമല്ലാത്ത , പെണ്ണ് കെട്ടാത്ത ഒരു വാല്യക്കാരനോടുള്ള സ്നേഹം കൊണ്ടല്ലേ ആ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെക്കൂടി എന്നെ ഉപദേശിച്ചത് !!

No comments:

Post a Comment