Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ muzhumikkaatha paattu

പോയൊരുന്മാദത്തിന്‍ നിഴലില്‍,
പാതിനിര്‍ത്തിയൊരീ ഗാനശകലം
മുഴുമിച്ചോട്ടെ !
ഒരു ജന്മത്തിന്‍ ദു:ഖങ്ങളൊക്കെയും
ഒരു ചുംബനത്തിലലിയിച്ചൊന്നുണര്‍ന്നാറെ,
ഒരു ജന്മത്തിന്‍ പാപങ്ങളൊക്കെയും
ഒരു സംഗമത്തിലലിയിച്ചൊന്നെണീറ്റാറെ.
പിന്നെ,
പകലന്തിയോളമെന്‍ പതിതചിത്തത്തിന്റെ വിളികളും,
ഇടനെഞ്ചു പൊട്ടിക്കുമാറുതിര്‍ന്നുയരുന്ന വിളികളും,
പിന്നെ,
ഞാന്‍ നടന്നെത്തിയ,
ഞാന്‍ തിരിഞ്ഞോടിയ,
വഴികളിലിട്ടേച്ചു പോയൊരെന്‍ മോഹവും ഗര്‍വ്വവും.
ഇതു സത്യം
(സത്യമല്ലെന്റെ ദു:ഖം)
ഞാനന്നാ ദു:ഖാര്‍ദ്രിയില്‍
വാനവും ഭൂവും പോലും മറന്നും
സ്വന്തം നാദത്തെ മൌനത്തീയിലെരിച്ചും,
ഒരിയ്യാംപാറ്റ പോലെന്റെ കബന്ധത്തെ
താരാട്ടിയുറക്കിയും, നാളുകള്‍ കഴിച്ചതും
ഇരുട്ടിന്‍ തുരുത്തിലെന്‍ ഗാനത്തെയൊളിപ്പിച്ച-
ന്നുണരാതിരുന്നതും..........
നേരമായ്,
ഇനിയങ്ങോട്ടുറക്കം മതിയാക്കാം
നാളത്തെ പ്രഭാതത്തില്‍
തുകില്‍കൊട്ടിടാനായി-
പ്പാതിനിര്‍ത്തിയൊരീഗാനശകലം....മുഴുമിച്ചോട്ടെ !!





നിങ്ങളുടെ അഭിപ്രായം

No comments:

Post a Comment