Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ..thattathin marayath

എന്നാണു അവസാനമായി ഞാനൊരു സിനിമ കണ്ടത് ....തിയേറ്ററില്‍ വെച്ച് ....എനിക്കോര്‍മ്മയില്ല . ഏതായാലും ഇന്നലെ ഞാനൊരു ഫിലിം കണ്ടു , കൂടെ , എന്നോളം പ്രായമുള്ള എടക്കരക്കാരന്‍ ഒരു ചേട്ടനും . ചേട്ടന്‍ എന്നത് കൊണ്ട് എന്നെക്കാള്‍ മൂത്ത ആള്‍ എന്നൊന്നും അര്‍ഥം കൊടുക്കേണ്ട എന്നെക്കാള്‍ ചെറുപ്പം...പേര് ? എന്റെ ഈ നശിച്ച ഓര്‍മ്മക്കുറവു കൊണ്ട് തോറ്റു. വര്‍ഗ്ഗീസോ മത്തായിയോ അങ്ങനെ എന്തോ ആണ് -മഞ്ചേരിയില്‍ ആ
ക്ടീവ സര്‍വീസ് ചെയ്യാന്‍ എത്തിയതാണ് ഞാനും അയാളും. മൂന്നു മണി കഴിയും വണ്ടി കിട്ടാന്‍ - അത് വരെ ....നേരം പോക്കണം .അങ്ങനെ ഓട്ടോ കയറി മലയാളം സിനിമയുള്ള എവിടെയെങ്കിലും ഇറക്കിത്തരാന്‍ പറഞ്ഞു .തിയേറ്ററിനു മുന്‍പില്‍ ചെറുപ്പക്കാരുടെ - ചെറുപ്പക്കാരികളുടെയും പട. സിനിമയുടെ പേര് 'തട്ടത്തിന്‍ മറയത്തു ' ...തോട്ടു മുന്നിലും പിന്നിലും നില്‍ക്കുന്ന പിള്ളാരോട് ഞങ്ങള്‍ രണ്ടു കിഴവമ്മാര്‍ അവിടെ എത്താന്‍ ഇടയായ സാഹചര്യം വിശദീകരിച്ചു കൊടുത്തു - അവര്‍ ചോദിക്കാതെ തന്നെ!.....പടം തുടങ്ങി ....നോക്കുമ്പോള്‍ എനിക്ക് പരിചയമുള്ള തലശ്ശേരി ടൌണും പരിസരവും .ഞാന്‍ അവിടെ ധര്‍മ്മടത്ത് മാഷായി ജോലി ചെയ്തിട്ടുണ്ട് .1974 -75 കാലത്ത്. ഒരു കൊല്ലം മാത്രം. ധര്‍മ്മടം അഴിമുഖത്ത്‌ ഒരു കൊച്ചു വീട്ടില്‍ താമസം..നല്ല ഫ്രഷ്‌ മീന്‍ കിട്ടും. അടുത്ത വീട്ടുകാര്‍ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോവുമ്പോള്‍ ഒഴിവു ദിവസം എന്നെയും കൂട്ടും . പുറം കടലില്‍ വലയിട്ടു കിട്ടിയ ജീവനുള്ള തിരുത മീന്‍ വാലും തലയും ചുമ്മാ വെട്ടിക്കളഞ്ഞു ബോട്ടില്‍ വെച്ച് തന്നെ പാകം ചെയ്തു കഴിച്ചിട്ടുണ്ട് . ഒക്കെ കിട്ടാതാവും , അണ്ടലൂര്‍ കാവില്‍ ഉത്സവക്കാലത്ത് .അന്ന് ആ കരയില്‍ ആരും , ഹിന്ദുവും മുസ്ലിമും ഒന്നും - മീന്‍ പാകം ചെയ്യില്ല. സ്കൂളിലെ പിള്ളാര് വിളിച്ചു കൊണ്ട് പോവും , എല്ലാവരുടെയും സല്‍ക്കാരം ഒന്ന് തന്നെ , അവിലും മലരും പഴവും .......... ആ കാവും , തലശ്ശേരി കടല്‍പ്പാലവും , മുഴുപ്പിലങ്ങാട് ബീച്ചും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന , മതവും ജാതിയും അതിര്‍ വരമ്പുകള്‍ ഇട്ടിട്ടില്ലാത്ത കുറെ നല്ല ചെറുപ്പക്കാരും . ഇടയ്ക്കു മതത്തിന്റെ , പാര്‍ട്ടിയുടെ പേര് പറഞ്ഞു തല്ലു കൂടിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ രംഗത്ത്‌ വരുമ്പോള്‍ , അവര്‍ ഈ പടം കാണാന്‍ എത്തിയ ചെറു വാല്യക്കാര്‍ക്ക് പിടിക്കാത്ത ഡയലോഗ പറയുമ്പോള്‍ എല്ലാരും കൂടി കൂവുന്നു, ഇഷ്ടപ്പെട്ടത് കേള്‍ക്കുമ്പോള്‍ കയ്യടിക്കുന്നു. ....ഞാന്‍ ആലോചിക്കുകയായിരുന്നു , ഇല്ല നമ്മുടെ നാട് തമ്മില്‍ തല്ലി നശിക്കില്ല, സ്വന്തം സമുദായത്തിലെ പെണ്ണിനെ മറ്റേ സമുദായത്തിലെ ചെറുപ്പക്കാരന്‍ സ്നേഹിക്കുന്നതിനു ഇല്ലാത്ത അര്‍ഥങ്ങള്‍ കാണുന്ന , വല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍ക്കുന്ന സമൂഹത്തിലെ വിഷജീവികളെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും - ആരൊക്കെ എന്തൊക്കെ ചെയ്താലും ഈ കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവെക്കാന്‍ അവര്‍ക്ക്ക ഴിയില്ല , മഞ്ചേരിയിലെ , തട്ടമിട്ട കുട്ടികളും പൊട്ടു തൊട്ട കുട്ടികളും പടം കണ്ടു തൊട്ടുരുമ്മി പുറത്തേക്കു വരുമ്പോള്‍ ഞാന്‍ അവരെ ശ്രദ്ധിക്കുകയായിരുന്നു , പറയാതെ പറയുന്നുണ്ടായിരുന്നു പലതും അവരുടെ മുഖഭാവങ്ങള്‍ !

No comments:

Post a Comment