Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...mezhukuthiriye patti oru kavitha


മെഴുകുതിരിയെപ്പറ്റി
കവിതയെഴുതണമെന്ന്
ഒരു കൂട്ടുകാരന്‍ ആവശ്യപ്പെടുന്നു.
തീപ്പൊരിയെങ്ങനെ
കാട്ടുതീയാവുമെന്ന്
കാണിച്ചുതരാമെന്നൊരു സുഹൃത്ത് അവകാശപ്പെട്ടിരുന്നു
ഒരു വലിയ ജന്മമെങ്ങനെ
വ്യര്‍ഥതയില്‍ ഹോമിക്കാമെന്ന്
അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍
മെഴുകുതിരിയുടേത് പക്ഷേ
അത്തരമൊരു ദുരന്തമല്ല
മെഴുകുതിരിയുടേത് ഒരു ദുരന്തമേയല്ല
ആറാം ക്ലാസില്‍
സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ആറുമുഖന്‍ മാസ്റ്റര്‍
'വനവിഭവങ്ങളുടെ കൂട്ടത്തില്‍ മെഴുകുമുള്‍പ്പെടുന്നെന്ന്‍
പഠിപ്പിച്ചിരുന്നു
(അതുപക്ഷേ മെഴുകുതിരികളുണ്ടാക്കുന്ന മെഴുകല്ലെന്ന്
മനസ്സിലാക്കാനുള്ള സാമാന്യജ്ഞാനം
ഇന്നേത് കുട്ടിക്കുമുണ്ട്)
മെഴുകുതിരിയെപ്പറ്റി കവിതയെഴുതാനല്ല
ചൂടും വിങ്ങലുമുള്ള ഈ രാപ്പാതിയിലും
ഞാനുറങ്ങാതിരിക്കുന്നത്
മേശപ്പുറത്ത്
ഏറെ നിലവാരമുള്ളൊരു വാരികയുടെ

മുഖപ്പേജ്
'എന്റെ വോട്ട് - എന്റെ രാഷ്ട്രീയം'
കവര്‍ സ്റ്റോറി
കവര്‍പേജില്‍ കൊടുത്ത ചിത്രങ്ങളില്‍
കറുത്ത ഫ്രെയിം കണ്ണടയും കഷണ്ടിയുമുള്ള മുഖം
ഈ മുഖം എനിക്കപരിചിതമല്ലല്ലോ
ഓര്‍മകള്‍
എഴുപതുകളുടെ അവസാനത്തിലേക്ക്
വയനാട്ടില്‍ - എന്റെ വാടകമുറിയില്‍
ഉറക്കം അന്യംനിന്നൊരു ശരത്‍ക്കാല രാത്രി
നിറഞ്ഞ നിലാവില്‍
നനുത്ത മഞ്ഞില്‍
ദൂരെ അമ്പുകുത്തിമല
കാറ്റിന് കാപ്പിപ്പുക്കളുടെ സുഗന്ധം
ഏതു ശിലാഹൃദയത്തിലും കവിതയുറയുന്ന
ധന്യ നിമിഷങ്ങള്‍
..............................................
താടകയമ്പേറ്റേറെ അംഗഭംഗങ്ങള്‍ വന്നു
പാറയായ് കിടക്കുന്നു അമ്പുകുത്തിയായ് .. ദൂരെ
ജ്വലിച്ച കാമത്തിന്റെ രക്തസാക്ഷിയാമവള്‍
വിളിപ്പൂ മഞ്ഞിന്‍ വിരി പുതച്ചു മയങ്ങിടാന്‍
എന്നെ മദോന്‍മത്തനാക്കിയൊരിളം കാറ്റില്‍
എങ്ങനെത്തിരിച്ചെത്തീ വയല്‍നാടേ നിന്‍ഗന്ധം?
ആയിരം കാപ്പിപ്പൂക്കള്‍ തന്നുയിര്‍ കവര്‍ന്നെടു-
ത്താനന്ദ നൃത്തം ചെയ്ത മന്ദമാരുത ഗര്‍വ്വം!
എഴുതി മുഴുമിപ്പിച്ചില്ല
വാതിലില്‍ മുട്ടുന്നതാരെന്നൂഹിക്കാം
വൈകുന്നേരം അമ്പലവയലങ്ങാടിയില്‍ കണ്ടപ്പോള്‍
കവി സുഹൃത്ത് പറഞ്ഞിരുന്നു-
ഇന്നൊരതിഥി വരുമെന്ന്,
ആരെന്നുമെന്തിനെന്നും അന്വേഷിക്കേണ്ടെന്ന്,
പുലരും മുമ്പയാള്‍ പോകുമെന്നും
അകത്തേക്ക് കടന്നുവന്നതീമുഖം
വാരികയുടെ പുറംതാളില്‍ ഞാന്‍ കണ്ട അതേ മുഖം
ക്ഷീണിച്ചിരുന്നു
കണ്ണുകളില്‍ ഇപ്പോഴത്തേതിനേക്കാള്‍ തീക്ഷ്ണത
ഏറെ നേരം കവിത ചൊല്ലിത്തന്നു.
ഞാനെഴുതുന്ന പൊട്ടക്കവിതകള്‍ പോലെയല്ല
തപ്പും തുടിയും താളവുമീണവുമുള്ളവ
ശാന്ത - കിരാതവൃത്തം - കാട്ടാളന്‍
മുഴങ്ങുന്ന ശബ്ദത്തില്‍
മുഖത്തുനിന്ന് കണ്ണെടുക്കാതെ കേട്ടുനിന്നു
തീപ്പൊരികള്‍ കാട്ടുതീയാവുന്ന നാളുകള്‍
അന്നയാളുടെ സ്വപ്നമായിരുന്നു
കിഴക്കുദിച്ച ചുവന്ന നക്ഷത്രത്തെപ്പറ്റി
ഗ്രാമങളില്‍ വിമോചിത മേഖലകളുണ്ടാക്കി
നഗരങ്ങളെ വളയുന്നതിനെപ്പറ്റി
പറയാന്‍ തുടങ്ങുമ്പോഴേ ഞാന്‍ തടഞ്ഞു.
എനിക്കതിലൊന്നും വിശ്വാസമില്ലെന്ന്
ഇവിടെയിതൊന്നും നടക്കാന്‍ പോവില്ലെന്ന്
ഞാനെന്റെ
പൊട്ടക്കവിതകളും കൊച്ചു സ്വപ്നങ്ങളുമായി
കഴിഞ്ഞുകൊള്ളാമെന്ന്
ഇന്ന്
കവര്‍ സ്റ്റോറിയിലെ അവസാന പേജുകളില്‍
അയാള്‍ കുറിച്ചിട്ടതും ഇതൊക്കെത്തന്നെ
എനിക്ക്
സ്വപ്നം കാണാനൊരു രണ്ടാം പിറവിയെങ്കിലുമുണ്ട്
ഉരുകിയുരുകി
സ്വയം ഇല്ലാതാവുന്ന
മെഴുകുതിരികള്‍ പുനര്‍ജനിക്കാറുണ്ടോ ആവോ? 

1 comment: