Wednesday, October 17, 2012

1991 അന്ന് ഖത്തറില്‍ എമിഗ്രേഷന്‍ വകുപ്പില്‍ ടൈപിസ്റ്റ്‌ ആയി ജോലി. നോക്കുന്നു. മലയാളിയായി ഞാന്‍ ഒരുത്തന്‍ മാത്രം. സൂഖുല്‍ അലിയിലെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മാറി ഏറെ കഴിയും മുന്‍പ്, residens permit - ഇഖാമ - കമ്പ്യൂട്ടറില്‍ ആക്കുന്ന സംരംഭം . .ദിവസവും കൌണ്ടറില്‍ വാങ്ങി വെക്കുന്ന നൂറുക്കണക്കിനു പാസ്പോര്‍ട്ടില്‍ ഇഖാമ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ - അതും അറബി ഭാഷയില്‍ - ഞാനടക്കം അഞ്ചാറു പേര്
 മാത്രം,ബാക്കിയുള്ളവരൊക്കെ സുഡാനികള്‍....ആയിരക്കണക്കിന് പ്രവാസികളുടെ ജീവിതം കൊണ്ടുള്ള കളി .മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പാസ്പോര്‍ട്ട് എവിടെയാണെന്ന് പോലും അറിയാതെ , അത്യാവശ്യങ്ങള്‍ക്ക് നാട്ടിലൊന്നു പോവാന്‍ സാധിക്കാതെ നട്ടം തിരിയുന്നു പലരും ...ഉച്ചക്ക് ശേഷം ഓവര്‍ ടൈം ചെയ്യും. ..അങ്ങനെയിരിക്കുമ്പോള്‍ നാലഞ്ചു ദിവസം തുടര്‍ച്ചയായി ഓഫീസിന്റെ പടിക്കല്‍ മുഖത്ത്, ഖനീഭവിച്ച ദുഖവുമായി ഒരു മനുഷ്യനെ കാണുന്നു.എന്തൊക്കെയോ പറയണമെന്നുണ്ട് ആ പാവത്തിന്.ഒടുക്കം ഒരു വൈകുന്നേരം , ഞാന്‍ ചോദിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു..വിതുമ്പലിനിടയില്‍ അയാള്‍ പറഞ്ഞു തീര്‍ത്തു ....മൂന്നു മാസമായി പാസ്പോര്‍ട്ട് ഇവിടെ കൊടുത്തിട്ട് , ഇപ്പോള്‍ അച്ഛന് സുഖമില്ലെന്നും മരിക്കും മുന്പ് എന്നെയൊന്നു കാണണമെന്നും പറയുന്നു...സാര്‍ - ആ വിളി അന്നും ഇന്നും എനിക്ക് അരോചകമാണ് ....... ഞാനെന്റെ ഓഫീസറോട് സംസാരിച്ചു .ഹൃദയമുള്ള ആ മനുഷ്യന്‍ അയാളെ വിളിപ്പിച്ചു , ഒപ്പം അന്ന് ജോലിക്ക് ഹാജരായ മുഴുവന്‍ ആളും - കേണല്‍ റാങ്കിലുള്ള ഹസ്സന്‍ യാഖൂബ് എന്ന ആ വലിയ മനുഷ്യനടക്കം പരതി അവസാനം ആ പാവത്തിന്റെ പാസ്പോര്‍ട്ട് കണ്ടെത്തി. ഇഖാമ അടിച്ചു നിറഞ്ഞ കണ്ണുമായി ആ മനുഷ്യന്‍ പോയി .....പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ സൂഖ് ഫാലയില്‍ വെച്ച് ഒരു മനുഷ്യന്‍ എന്റെ കൈ പിടിച്ചു നിര്‍ത്തുന്നു - നിങ്ങളെന്നെ ഓര്‍ക്കുന്നോ ? അന്നും ഇന്നും ഒരാളെ പലവട്ടം കണ്ടു പരിചയപ്പെട്ടാലും എന്റെ ഓര്‍മ്മയില്‍ നില്‍ക്കില്ല .അധികം ..വിഷമിപ്പിക്കാതെ അയാള്‍ തന്നെ പറഞ്ഞു , അന്ന് എന്റെ ഇഖാമ അടിച്ചു തന്ന അന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു , അച്ഛനെ കണ്ടു , സംസാരിച്ചു , മരണ നേരത്ത് ഞാന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു , കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വന്ന അന്ന് മുതല്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു , നന്ദിയുണ്ട് .... സുഹൃത്തേ .........നന്ദി പറയേണ്ടത് ഞാനാണ് , വിചാരിക്കാത്ത ഇടങ്ങളില്‍ നിന്ന് സ്നേഹവും സഹായങ്ങളും വാരിക്കോരി ലഭിക്കുമ്പോള്‍ ഞാനും നന്ദിയോടെ ഓര്‍ക്കാറുണ്ട് , നിങ്ങളെ , നിങ്ങളെപ്പോലെ പലരെയും .അറുപതു കഴിഞ്ഞിട്ടും ഒരു വിധം ആരോഗ്യത്തോടെ ഞാന്‍ ജീവിക്കുന്നത് , കഷ്ടപ്പാടും ദുരിതങ്ങളും കൊണ്ടെന്നെ ദൈവം പരീക്ഷിക്കാതിരിക്കുന്നത് , നാളെ മറ്റൊരു ലോകത്തെ ശാശ്വതമായ ജീവിതത്തെ പ്പറ്റി സ്വപ്നം കാണാന്‍ എനിക്ക് ശക്തി തരുന്നത് നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ ആണ്

No comments:

Post a Comment