Tuesday, April 4, 2017

4 March
ഓർമ്മയിൽ നിന്ന് ഒരു യാത്രയെ വീണ്ടെടുക്കുക , വീണ്ടും വായിക്കാനായി അതൊക്കെ കുറിച്ചിടുക , തൊട്ടു മുൻപത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ അനുഭവിച്ചറിഞ്ഞ അനർഘ നിമിഷങ്ങളെങ്കിൽ അത് സാധ്യമായേക്കും . ഇവിടെ പക്ഷെ , നീണ്ട പതിനാലു ദിവസങ്ങളുടെ ചരിത്ര വിവരണമാണ് . അതും ഷഷ്ടിപൂർത്തി കഴിഞ്ഞു പിന്നെയും ഏഴു വർഷം പിന്നിട്ടൊരു വൃദ്ധൻ സമയത്തോടും പ്രായത്തോടും യുദ്ധം ചെയ്തുകൊണ്ട് നടത്തിയ വിശ്രമമില്ലാത്ത ഓട്ടപ്പന്തയത്തിന്റെ ശേഷിപ്പുകളാണ് . എനിക്കതു എഴുതിയെ പറ്റൂ .
എവിടുന്നു തുടങ്ങണം ? ഒരു പാട് ചീത്തപ്പേര് കേൾപ്പിച്ച ദേശീയ 'പറവ'യിലായിരുന്നു യാത്ര. പകൽ പതിനൊന്നു മണിക്ക് കരിപ്പൂർ നിന്ന് ഷാർജക്കുള്ള വിമാനത്തിൽ കയറിയിരുന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല .പ്രവാസജീവിതത്തിലെ പതിനെട്ടു വർഷങ്ങളിലെ മുപ്പത്തിയാറിലധികം ആകാശ യാത്രകളിൽ പുതുമയുടെ മണം വറ്റാത്ത ഇത്തരമൊരു വിമാനത്തിൽ കയറാനൊത്തിട്ടില്ല . യാത്രക്കിടയിൽ സീറ്റിനു മുകളിലെ ലഗ്ഗേജ് കാരിയറിൽ നിന്ന് തട്ടിൻ പുറത്തു എലികൾ പായുന്ന ശബ്ദവും മേഘഗർത്തങ്ങളിൽ വഴുതിവീഴുമ്പോൾ ലോകമവസാനിക്കാൻ പോകുന്ന പ്രതീതി തോന്നിപ്പിച്ച ഭയാക്രാന്ത നിമിഷങ്ങളും മനസ്സിലുണ്ടായിരുന്നു ..അധികവും അന്നത്തെ ദേശീയ 'രോമാഞ്ച'മായിരുന്ന എയർഇന്ത്യ 'സമ്മാനിച്ചത്' !
ഇത് പക്ഷെ എക്സ്പ്രസ്സാണ് , ബജറ്റ് എയർലൈൻസ് ആണ് . കേട്ടറിവ് വെച്ചാണെങ്കിൽ റെന്റ് എ കാറിൽ നിന്ന് വാടകക്കെടുത്ത ഓടിത്തളർന്ന വാഹനങ്ങൾ പോലെ , , കീറിപ്പഴകിയ കുഷ്യനും നിറം മങ്ങിയ ഇന്ററ്റീരിയർ ബോഡിയും കലാബോധം തൊട്ടു തീണ്ടാത്ത ലോക്കൽ 'ഓമഞ്ചി' മാരുടെ (ഒരു ദേശത്തിന്റെ കഥയിലെ കഥാപാത്രം )കടും നിറത്തിലുള്ള പുറം പെയിന്റിങ്ങും ഒക്കെയായിരുന്നു മനസ്സിൽ .ദാഹിച്ചു വലഞ്ഞാൽ കുടിവെള്ളം പോലും തരാത്ത ദുഷ്ടന്മാരെന്ന പേരുദോഷം വേറെയും !
തെറ്റി , കാണാൻ വർക്കത്തള്ള , പ്രായവും മേദസ്സും അമിത മേക്കപ്പും കൊണ്ട് താടക രൂപം പൂണ്ടിട്ടില്ലാത്ത സുന്ദരി കൊച്ചു കുപ്പിയിൽ മിനറൽ വാട്ടറുമായി വരുന്നു .ഒരു മണിക്കൂർ കഴിഞ്ഞു , ആകാശപാതയിൽ അത്യുന്നതങ്ങളിൽ ഒഴുകി നീങ്ങുമ്പോൾ ട്രോളിവണ്ടിയിൽ സ്മാൾ റിഫ്രഷ്മെന്റ് . ചൂടുള്ളൊരു സമൂസ ,ത്രികോണാകൃതിയിൽ മുറിച്ചു വെച്ച നാല് കഷ്ണം ബ്രെഡിൽ ചെറിയൊരു വെജ് സാന്റ്‌വിച്ച് , കൂട്ടിനു വെണ്ണയും ജാമും , കനത്തിൽ മുറിച്ചെടുത്തൊരു കെയ്ക്ക് ഒരിക്കൽ കൂടി കുപ്പി വെളളം , ചായയോ കാപ്പിയോ എന്തെങ്കിലുമൊന്ന് !.
ഇത്രയൊക്കെപ്പോരേ അയ്യായിരം രൂപയ്ക്കു കടലിനപ്പുറത്തെത്തിക്കുന്ന ബജറ്റ് എയർ ലൈന്സിനു ! സമയത്തിന് മുൻപേ ഷാർജയിലിറങ്ങുന്നു , മൂന്നര മണിക്കൂർ യാത്രയുടെ ക്ഷീണമറിയാതെ .
ബാക്കി നാളെയാവട്ടെ ......ശുഭരാത്രി

No comments:

Post a Comment