Tuesday, April 4, 2017

Mohamood Kt March at 07:29


അബുദാബിയിലെ എന്റെ സൗഹൃദങ്ങളോട് ആദ്യമേ ഒഴിവുകഴിവു പറഞ്ഞതാണ് . ഗ്രാമക്കാരും അനിയന്മാരുമായതു കൊണ്ട് അവർക്കെന്നെ മനസ്സിലാക്കാൻ കഴിയും . പിന്നെ മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ ....... ഫോണിലും മെസ്സേജിലൂടെയും അവരെയും പറഞ്ഞു മനസ്സിലാക്കി .
......''അബുദാബി നഗരത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഗ്രാന്റ് മോസ്ക് കഴിഞ്ഞ വരവിൽ ഞാൻ കണ്ടതാണ് . ദുബായിലെ അതൃപ്പങ്ങൾ - ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ദുബായ് മാളും മാളിനുള്ളിലെ 'മഞ്ഞു വീഴുന്ന കുഞ്ഞു മലയും ' ബുർജ് ഖലീഫയും രാത്രിയിലെ ലൈറ്റ് ഷോയും - ഒക്കെ മുൻപ് അനുഭവിച്ചതുമാണ് .
കാണാൻ ബാക്കിയുള്ളത് അൽ- ഐനാണ് , അബുദാബിയിലെ മുൻ അമീറിന്റെ , യു.എ.ഇ യുടെ സ്ഥാപക പ്രസിഡണ്ടും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെ ജന്മസ്ഥലം . . മോന്റെയൊപ്പം ചിലവഴിക്കാൻ മറ്റൊരു വെള്ളിയാഴ്ച കൂടി . അടുത്ത വെള്ളിയാഴ്ച നാട്ടിലേക്കുള്ള മടക്കം .
ഒഴിവു ദിനമായിട്ടും അഞ്ചും ആറും വരിയുള്ള മൂന്നു രാജപാതകളുണ്ടായിട്ടും അജ്മാനിൽ നിന്ന് അബുദാബിയിലെത്തുമ്പോൾ ഉച്ചയോടടുത്തു .. കാഴ്ചബംഗ്ളാവ് കാണണം . അതിനകത്തെ പള്ളിയിൽ തന്നെ ജുമുഅ നമസ്കാരം . പിന്നെ മരുഭൂമിയിലായാലും കാശുള്ളവരുടെ നാട്ടിൽ മൃഗങ്ങളുടെ ജീവിതമെങ്ങനെയെന്നു കാണാനൊരു ഓട്ടപ്രദക്ഷിണം .
കണ്ടു , മൃഷ്ട്ടാന്നം മാംസം കഴിച്ചു എല്ലു മാത്രം ബാക്കിയാക്കി ഉച്ച മയക്കത്തിലാണ് അധിക പേരും .സിംഹവും കടുവയും നരിയും ഈറ്റപ്പുലിയും കരിമ്പുലിയും മുതൽ ചെന്നായ്ക്കൾ വരെ , വിവിധ വൻകരകളിൽ നിന്നെത്തിയ വിശിഷ്ടാതിഥികൾ . എന്തൊക്കെ ലഭിച്ചാലും കാടു ഭരിച്ചിരുന്ന തങ്ങളിപ്പോൾ കാരാഗ്രഹത്തിലാണെന്ന തിരിച്ചറിവു കൊണ്ട് അസ്വസ്ഥരാണ് പലരും.... വിശാലമായ തടങ്കൽ പാളയത്തിൽ ചുറ്റി നടക്കുന്നു കണ്ണുകളിൽ അമർശവുമായി
.
വെളുപ്പ് കലർന്ന ചാരനിറമുള്ള ആഫ്രിക്കൻ സിംഹത്തെ കണ്ടയുടൻ മകന്റെ കമെന്റ് ...'' ഈ നിറം ആഫ്രിക്കയിലെ മനുഷ്യർക്ക് ഇല്ലാതെ പോയല്ലോ '' കേട്ടപ്പോഴും പിന്നീട് ഓർത്തപ്പോഴും ഒരു പാട് ചിരിച്ചു പോയി ! നല്ല ഹ്യൂമർസെൻസുണ്ട് മോന് ..
നടന്നു കാലു കുഴഞ്ഞു . അല്ലെങ്കിലും കാഴ്ചബംഗ്ളാവ് കുട്ടികൾക്കുള്ളതല്ലേ ,?
വെള്ളിയാഴ്ചകളിൽ മൂന്നു മണി മുതലാണ് ഷെയ്ഖ് സായിദിന്റെ 'പഴയ കൊട്ടാരത്തിലെ ' സന്ദർശന സമയം . കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ 'സുർക്കി ' കൊണ്ട് പണിത 'കൊട്ടാരത്തിനു' ഈത്തപ്പനത്തടി കൊണ്ടുള്ള മച്ചും ജാലകങ്ങളും വാതിൽപ്പാളികളും . അവിടെയും കണ്ടു ഭരണാധിപൻ നാട്ടു മക്കളെയും നാട്ടു മുഖ്യരേയും കാണാറുണ്ടായിരുന്നു വ്യത്യസ്ത മജ്‌ലിസുകൾ . ഒരു നിമിഷം ചെങ്കോട്ടയിലെ മുഗൾ ചക്രവർത്തിമാരുടെ ദീവാനെ ആമും ദീവാനെ ഖാസും വെറുതേ ഓർമ്മിച്ചു പോയി .
തൊട്ടു പിന്നിലാണ് ഹെക്റ്ററുകൾ വിസ്തീർണ്ണമുള്ള കൃഷിത്തോട്ടങ്ങൾ . അമീറിന്റെ വകയല്ല , അബുദാബിയിലെ അഞ്ഞൂറോളം ധനാഢ്യരായ വ്യക്തികൾ കൂട്ടുകൃഷി മാതൃകയിൽ നട്ടു വളർത്തിയ പച്ചപ്പ്‌ . പ്രധാനമായും ഈത്തപ്പനകൾ .. മാവും നാരകങ്ങളും തുടങ്ങി അവിടെ ഇല്ലാത്തതൊന്നുമില്ല .
അല്ലെങ്കിലും അൽ ഐൻ ഇമാറാത്തുകളിലെ പൂന്തോട്ടമാണ് . വഴിയിലുടനീളം ഞാനാ പച്ചപ്പു കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട് . ഇരു വശങ്ങളിലും പ്രകൃതി കനിഞ്ഞു നൽകിയ ജലവും ജീവനും വിളിച്ചറിയിക്കുന്ന ഒയാസിസുകൾ . അത്തരമൊരു മരുപ്പച്ചയിൽ ഇത്തിരി നേരമിരിക്കാൻ ഒത്തിരി കൊതിച്ചതാണ് എത്രയോ വർഷങ്ങൾക്കു മുൻപ് തൊട്ടേ ...
നേരം സന്ധ്യയോടടുക്കുന്നു , ഇനിയത്തെ യാത്ര ജബൽ ഹഫീതിലേക്കു ... മല കയറും മുൻപേ താഴ്വരയിലെ ചുടുനീരൊഴുകുന്ന വറ്റാത്ത നീരുറവയും തടാകവും (അൽ-ഐൻ എന്ന വാക്കിന്റെ അർഥം തന്നെ ഉറവയെന്നാണ് ) .....വിശാലമായ പച്ചപ്പുൽ മൈതാനങ്ങൾ; നൂറുക്കണക്കിന് കുടുംബങ്ങൾ വാരാന്ത്യം ചിലവഴിക്കാനെത്തുന്ന സ്ഥലം വായുവിൽ കനലടുപ്പുകളിൽ ഇറച്ചി വേവുന്ന കൊതിപ്പിക്കുന്ന ഗന്ധം .
ഇത്തിരി വൈകിപ്പോയോ ജബൽ ഹഫീതിലെത്താൻ ! ഇവിടെ പർവ്വതങ്ങൾക്കു ജബലുൽ ജൈസിന്റെ ദൃഢതയില്ല . മലയുടെ നെറുകയിലെത്താൻ ഇനിയും കുറച്ചു ദൂരമേയുള്ളൂ . പക്ഷെ ട്രാഫിക് ബ്ലോക്കാണു . തണുപ്പ് തുടങ്ങി , ഉച്ചവെയിലും കൊണ്ട് കാഴ്ചബംഗ്ളാവിൽ കാതങ്ങൾ നടന്നതിന്റെ ക്ഷീണമുണ്ട് , താഴെ, കണ്ണെത്തും ദൂരത്ത് അൽ ഐൻ നഗരം നക്ഷത്രങ്ങൾ കൊളുത്തിയിരിക്കുന്നു .അജ്മാനിലെത്തുമ്പോൾ സമയം എത്രയാവുമോ എന്തോ ?.മടങ്ങാം

No comments:

Post a Comment