Tuesday, April 4, 2017

മൂന്നാം ദിവസം ....,യു.എ.ഇയിലെ ഒന്നാമത്തെ ശനിയാഴ്ച .....,രണ്ടു ശനിയാഴ്ചകളും മറ്റൊരു മോനുള്ളതാണ് . , ഇക്കാടെ മോന് , ഞാൻ അവിടെയുണ്ടാവുന്ന രണ്ടു ശനിയാഴ്ചകളും അവകാശം പോലെ അവൻ മുൻകൂട്ടി ചോദിച്ചു വാങ്ങിയതാണ്
പാം ഐലന്റിന്റെ അറ്റത്തു , രണ്ടു വർഷം മുൻപ് ദുബായിൽ വന്നപ്പോൾ കയറിയ മോണോ റെയിലിന്റെ അവസാന സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കണ്ട, വർണ്ണാഭമായ തെർമോകൂളിൽ പണിതു വെച്ച ഭീമാകാരമായ ചട്ടക്കൂട് പോലെ തോന്നിച്ച, 'അറ്റ്ലാന്റിസ്' ഒരു ഹോട്ടലാണെന്നും അവിടെ പത്തറുനൂറ് ആഡംബര മുറികളുണ്ടെന്നും എനിക്കറിയില്ലായിരുന്നു . കൗസർ പറഞ്ഞാണത് അറിഞ്ഞത് , ആ ഹോട്ടലിലെ ടിക്കറ്റിങ് കൗണ്ടറിലാണ് അവനു ജോലി . വെള്ളിയും ശനിയും ഒഴിവു ദിവസങ്ങളും .
.
വന്നന്ന് മുതൽ ശ്രദ്ധിച്ചതാണ് , ഞാൻ കാലു കുത്തിയത് മുതൽ പ്രകൃതി മുഖം കറുപ്പിച്ചിരിക്കുന്നു , രണ്ടു മൂന്നു വർഷം മഴ കണി കാണാൻ കിട്ടാത്തവർക്ക് മനസ്സിനാഹ്ലാദമാണ് . ദുബായിലെത്തിയപ്പോഴും മഴ ചാറുന്നുണ്ട് . എവിടെയെങ്കിലും ഒന്ന് ചേക്കേറിയേ പറ്റൂ.
ജുമൈറയിൽ ഒരു മാസം മുൻപ് മാത്രം തുറന്ന ഇത്തിഹാദ് (ഐക്യ) മ്യൂസിയത്തിൽ അഭയം തേടിയപ്പോൾ ഓർത്തില്ല ഏഴു നാട്ടു രാജ്യങ്ങളും ഏഴു നാട്ടു രാജാക്കന്മാരും എന്ന അവസ്ഥയിൽ നിന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന ഒറ്റ രാജ്യവും ഒരൊറ്റ പതാകയുമുള്ള സമ്പന്ന രാജ്യത്തിലേക്ക് ആദ്യ ചുവടു വെച്ച ചരിത്ര ഭൂമിയാണ് അതെന്നു ! .
കെട്ടിടം പുതിയതാണ് . ദുബായിലെ ഭരണാധികാരിയുടെ ആസ്ഥാനമന്ദിരത്തിൽ വ്യത്യസ്ത എമിറേറ്റുകളിലെ ഭരണാധികാരികൾ ഒന്നിച്ചിരുന്നു ഐക്യരേഖയിൽ ഒപ്പു ചാർത്തിയ മജ്‌ലിസും ഐക്യ അറബ് നാടുകളുടെ ത്രിവർണ്ണ പതാക ആദ്യം ഉയർത്തിയ സ്ഥലവും അതേ പോലെ നിലനിൽക്കുന്നു . എല്ലാം ഡിജിറ്റലായി കാണുകയും കേൾക്കുകയും ചെയ്യാനുള്ള സംവിധാനത്തോടെ ചരിത്ര മ്യൂസിയവും ..
ഞാനോർക്കുകയായിരുന്നു , ജനിച്ചു വീഴുന്ന ഓരോ പൗരനും വീടുവെക്കാൻ സ്ഥലവും സ്വന്തം പ്ലാൻ അനുസരിച്ചു വീട് പണിയാൻ ആവശ്യമുള്ള പണവും നൽകുന്ന ഷെയ്‌ഖുമാരെയും അമീറുമാരെയും പറ്റി. സമത്വ സുന്ദര ജനാധിപത്യ രാജ്യത്തു ഒരായിരം രാജാക്കൻമാരെ വാഴിക്കുകയും അവരുടെയൊക്കെ നെറികേടുകൾക്കു ഓശാന പാടുകയും ചെയ്യുന്ന 'സ്വതന്ത്ര ജനതയിൽ ' പെട്ട പലർക്കും അവരോടു പുച്ഛമായിരിക്കും..
മഴ തോർന്നിരിക്കുന്നു . ഇനിയത്തെ യാത്ര മിറാക്കിൾ ഗാർഡൻസിലേക്കു . വാക്കുകൾ വരച്ചെടുക്കാനാവാത്ത മഹാത്ഭുതം . വിശാലമായൊരു പ്രദേശം മുഴുവൻ പൂക്കൾ മാത്രം . മിറാക്കിൾ എന്ന വാക്കിൽ ഒതുക്കാൻ പറ്റാത്ത വർണ്ണ വിസ്മയം .
(ഫോട്ടോസ് താഴെയുണ്ട്, ഇന്നലെ പോസ്റ്റ് ചെയ്ത "മൂന്നാം ദിവസം" എന്ന തലക്കെട്ടിന് കീഴിൽ )
തൊട്ടടുത്താണ് ചിത്രശലഭങ്ങളുടെ കൊട്ടാരം . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശലഭങ്ങളുടെ കൊക്കൂണുകൾ കൊണ്ട് വന്നു വിരിയിച്ചെടുത്തത്. മനസ്സിനൊരു ഇഷ്ടക്കുറവ് . ചിത്രശലഭങ്ങൾ സ്വതന്ത്ര വിഹായസ്സിൽ പറന്നു നടക്കുന്നത് കാണാനാണ് എനിക്കിഷ്ടം ...അവയ്ക്കും അങ്ങിനെയായിരിക്കില്ലേ ?
അവസാനം നാല് മണിയോടടുത്തിട്ടും തിരക്കൊഴിയാത്ത , വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വന്നവരും സ്വദേശികളും എഴുപതും എൺപതും ദിർഹമിന് കിട്ടുന്ന മീൻ പൊരിച്ചതിനു ക്യൂ നിൽക്കുന്ന കോട്ടക്കൽ സ്വദേശികളുടെ ബൂ ഖാത്തിർ റെസ്റ്ററെന്റിൽ
നിന്നുള്ള 'ഉച്ച'ഭക്ഷണവും .
ഇനി മടങ്ങണം . ഓരോ വശത്തേക്കും ആറു വരിപ്പാതയുള്ള ..ദുബായ് - ഷാർജാ റൂട്ടിൽ ( മൂന്നു രാജപാതകളിലും ) ഒച്ചിഴയും പോലെയായിരിക്കും വാഹനങ്ങളുടെ പ്രയാണം .
നാളത്തെ പകൽ അജ്മാനിൽ...... 'ആയ കാലത്തെ ' ആത്മസുഹൃത്തായിരുന്ന , വർഷങ്ങളായി കുടുംബം മുഴുവൻ അജ്മാനിലേക്കു പറിച്ചു നട്ട് സസുഖം വാഴുന്ന റഷീദിനോടൊപ്പമായിരിക്കും ഒരു പക്ഷെ .

No comments:

Post a Comment