Tuesday, April 4, 2017

ഒന്നാം ദിവസം , റൂമിലെത്തി രണ്ടു മണിക്കൂർ കഴിയും മുൻപ് കോവണിയിറങ്ങുമ്പോൾ എനിക്കറിയില്ലായിരുന്നു ഒരൊറ്റ രാത്രി കൊണ്ട് ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യാനാണീ പുറപ്പാടെന്നു !
.ആകാശം മുട്ടുന്ന കറങ്ങുന്ന തൊട്ടിലും(jiant wheel) ദീപങ്ങൾ കൊണ്ടലങ്കരിച്ച അറബ്- പേർഷ്യൻ - ഭാരതീയ വാസ്തുകലയുടെ സമ്മിശ്ര പ്രതീകമായ പ്രവേശന കവാടവും ദൂരെ നിന്നെ കാണാമായിരുന്നു . ടിക്കറ്റ് നിരക്ക് അമ്പതു രൂപയായിട്ടും മകന് മാത്രം ടിക്കറ്റും എനിക്ക് സീനിയർ സിറ്റിസനുള്ള കോംപ്ലിമെന്ററി പാസും കണ്ടപ്പോൾ ജീവിതത്തിലാദ്യമായി മറ്റൊരു രാജ്യത്തു വെച്ച് പ്രായത്തിന്റെ ആനുകൂല്യം പറ്റുമ്പോഴുള്ള അഹങ്കാരമായിരുന്നു
.
ഗ്ലോബൽ വില്ലേജിലും ഭൂമി മറ്റെവിടെയും പോലെ പരന്നു തന്നെയായിരുന്നു. എഴുപതോളം രാജ്യങ്ങളുടെ പ്രാതിനിധ്യം . അതാതു രാജ്യങ്ങളുടെ സംസ്കാരവും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന വിശാലമായ സ്റ്റാളുകൾ . ചെങ്കോട്ടയുടെ മാതൃകയിലുള്ള ഇന്ത്യയുടെ പവലിയൻ വലുപ്പം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടും. ഏഴു മണികഴിഞ്ഞാൽ , കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും മണിപ്പൂരി നൃത്തവുമടക്കം ഭാരതഭൂമിയിലെ വ്യത്യസ്ത സ്ഥലികളിലെ തനതു കലാരൂപങ്ങൾ അരങ്ങേറും .
ഘാനയും ഗാമ്പിയയും അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിച്ച 'ആഫ്രിക്ക ' എന്നെഴുതിയ വിശാലമായ പ്രദർശന നഗരിയിൽ ഇല്ലാത്തതൊന്നുമില്ല. കല്ലിലും മരത്തിലും പണിത ആഭരണങ്ങൾ , കാണ്ടാമൃഗത്തിന്റെയും കാട്ടുപോത്തിന്റെയും ആഫ്രിക്കൻ ആനകളുടെയും കൊമ്പുകൾ , ആഫ്രിക്കൻ വൻകരയിലെ അപരിഷ്കൃതരായ ജനതകൾ ഉപയോഗിക്കുന്ന 'തപ്പും തുടിയും വാദ്യോപകരണങ്ങളും '.ചുരുണ്ട മുടിയും മിനുങ്ങുന്ന തൊലിയുമുള്ള ആഫ്രിക്കൻ സ്ത്രീ - പുരുഷന്മാരുടെ വന്യ സൗന്ദര്യം . ഇടവേളകളിൽ പ്രകമ്പനം കൊള്ളിക്കുന്ന ബാന്റ് മേളത്തിൽ അവരവതരിപ്പിക്കുന്ന ചടുല നൃത്തങ്ങൾ .
ബോസ്നിയയുടെ ഏറെ വലുപ്പമില്ലാത്ത പ്രദർശന സ്റ്റാളിൽ മുസ്ലിം വേഷവിധാനം ധരിച്ച സ്ത്രീകളും പുരുഷന്മാരും . തൊട്ടടുത്ത് തന്നെ ഒരിക്കൽ അവരുടെ ശത്രുക്കളായിരുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമുണ്ട് . അൾജീരിയയുടെയും മൊറോക്കോയുടെയും ട്യുണീഷ്യയുടെയും ജനതക്കും അവരുടെ സംസ്കാര പൈതൃകങ്ങൾക്കും ഏറെക്കുറെ ഒരേ മുഖം .
ഈജിപ്ത് ഒരുങ്ങിത്തന്നെയാണ് വന്നത് . പിരമിഡിന്റെ മിനിയേച്ചർ മാതൃകയും യഥാർത്ഥ 'മമ്മി ' യും ഫറോവമാരുടെ വസ്ത്രാലങ്കാരങ്ങളും ജീവിച്ചിരിക്കുമ്പോഴും മരിച്ചു മമ്മിയായിട്ടും ധരിക്കുന്ന രാജകീയ വസ്ത്രങ്ങളും ഒക്കെ പ്രദർശിപ്പിച്ച ഒന്നാം തരം മ്യൂസിയം വരെ അവിടുണ്ട്.
സമയം കിട്ടിയില്ല , മുഴുവൻ കണ്ടു തീർക്കാൻ ഒരൊറ്റ ദിവസം മതിയാകില്ല . പ്രദർശന നഗരിയുടെ മധ്യത്തിൽ പൊതുവേദിയിൽ തണുത്ത കാറ്റേറ്റ് വിറച്ചു കൊണ്ട് സ്റ്റേജിൽ അരങ്ങേറിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കണ്ടു . രാമോജി സിറ്റിയിലെ സിനിമയ്ക്ക് പിന്നിലെ സിനിമ - തത്സമയ ചലച്ചിത്ര നിർമ്മാണവും പ്രദർശനവും കണ്ടു -
ഒരു കാര്യം വിട്ടു പോയി ....അവിടെയുള്ള തുർക്കിക്കാരന്റെ ഐസ്ക്രീം വിൽപ്പന കാണാതെ മാടങ്ങരുത് .സത്യമായും അതൊരു കലയാണ് , കണ്ടിട്ടുള്ളവർ ഒരിക്കലും മറക്കാത്ത മായക്കാഴ്ച !
ഇനി വയ്യ , വയസ്സ് അറുപത്തിയേഴായില്ലേ ? ഇനിയും ഒരുപാട് നടക്കാനും കാണാനും ഉണ്ട് ...നാളെ കോർഫക്കാൻ മലകളിലേക്കു നീണ്ടൊരു യാത്രയുണ്ട് .മടങ്ങാം.

No comments:

Post a Comment