Tuesday, April 4, 2017

9 March at 10:42

·
റാസൽഖൈമയിലേക്കു നൂറോ നൂറ്റിപ്പത്തോ കിലോമീറ്റർ ദൂരമേയുള്ളൂ . പക്ഷെ UAE യിൽ എന്നെ ഏറെ പിടിച്ചുലച്ച , സംഭ്രമിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത യാത്രയായിരുന്നു ജബലുല്ലൈസിലേക്കുള്ള മല കയറ്റം .
ഇന്ത്യയിൽ പലയിടത്തും കാണുന്ന ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വൻ പർവതങ്ങളുടെ ശ്രുംഖല . ദൈവമെന്ന മഹാ കലാകാരൻ കാലവും വേനലും വർഷ പാതവും കൊണ്ട് കരിങ്കല്ലിൽ മെനഞ്ഞെടുത്ത കവിത !.
സാഹസികരായ പർവ്വതാരോഹകർ മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാഴ്ച കാണുന്നവരെ വീർപ്പു മുട്ടിക്കും .നമ്മൾ സഞ്ചരിക്കുന്നത് മൂന്നു വരിപ്പാതയിലൂടെയാണെന്നും അരയ്‌ക്കൊപ്പം ഉയരമുള്ള കൈവരികൾ -സുരക്ഷിതമായ മതിൽ തന്നെ - നമ്മെ രക്ഷിയ്ക്കുമെന്നും അറിയാമായിരുന്നിട്ടും, മലനിരകളിലേക്കു കണ്ണോടിക്കുമ്പോൾ ഉള്ളൊന്നു കാളും .
അഗാധമായ ഗർത്തങ്ങൾ! .രണ്ടര കിലോമീറ്ററോളം നേർരേഖയിൽ നീണ്ടു കിടക്കുന്ന നൂറു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന ചുരം റോഡ് ലോകത്തു ഇതൊന്നേയുള്ളു . ഇടയ്ക്കു വാഹനം വ്യൂ പോയിന്റുകളിൽ നിർത്തി താഴോട്ടും മുകളിലേക്കും കണ്ണോടിക്കുമ്പോൾ മനസ്സ് മന്ത്രിക്കും .........ഈശ്വരാ , നാം വന്ന വഴി ! , ഇനിയും കയറിപ്പോകാനുള്ള ദൂരം , ഉത്തുംഗത ! .
മലയുടെ ഉച്ചിയിൽ അയൽ രാജ്യമായ ഒമാൻെയും യു.എ.ഇയുടെയും .സൈനികത്താവളങ്ങളുണ്ട് . ഭാഗ്യക്കേട്‌ കൊണ്ട് അവസാനത്തെ രണ്ടു ചുരങ്ങളിലേക്കു സഞ്ചാരികളെ കടത്തി വിടുന്നില്ല .റോഡ് റിപ്പയർ നടക്കുകയാണെന്നും രണ്ടാഴ്ച കഴിഞ്ഞേ മലയുച്ചിയിലേക്കു വാഹനങ്ങൾക്ക് പ്രവേശിക്കാനാവൂ എന്നും അറിഞ്ഞു .
ജബലുല്ലൈസിൽ മഞ്ഞു വീണു താപ നില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നതും കരിങ്കൽ മലകൾ ഹിമപ്പുതപ്പ് കൊണ്ട് മൂടിയതും രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികൾ ഒഴുകിയെത്തിയതും ഈ വർഷം ഫെബ്രുവരി അഞ്ചാം തിയ്യതിയായിരുന്നു .

No comments:

Post a Comment