Tuesday, April 4, 2017

ഇനിയുള്ള മൂന്നു ദിവസങ്ങൾ അജ്‌മാൻ അങ്ങാടിയിലൂടെ അലഞ്ഞു നടക്കാം . അതിനു ഏതാണ് അജ്‌മാൻ ? ഷാർജ ? . ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പ്രഭാതത്തിന്റെ നനഞ്ഞ മുഖം പകർത്തുമ്പോൾ കാണുന്നത് ഷാർജയാണ് . അവിടെയുള്ള oxyjen ജിം ആണ് അജ്മാനിലെ എന്റെ റൂമിലേക്ക് വഴി പറഞ്ഞു കൊടുക്കാനുള്ള ലാൻഡ് മാർക്ക് .. ഒരേ റോഡിന്റെ രണ്ടു കരകളിലായി രണ്ടു രാജ്യങ്ങൾ - അല്ല രണ്ടു സംസ്ഥാനങ്ങൾ - രണ്ടു സംസ്കാരങ്ങൾ തന്നെ!
അജ്മാനിൽ ജീവിതത്തിനൊരു നാടൻ ടച്ചുണ്ട് .ടാർ ചെയ്തിട്ടില്ലാത്ത ഉൾനാടൻ റോഡുകൾ ,ഒരു മഴ പെയ്താൽ വെള്ളം തളം കെട്ടിക്കിടക്കും , വെയിലിൽ അത് വറ്റിത്തീരും വരെ . ഡ്രെയിനേജ് എന്നൊന്നില്ല ! പാതയോരത്തു നിർത്തി സർവ്വീസ് ചെയ്യുകയും പഞ്ചറടക്കുകയും ചെയ്യുന്ന വാഹനങ്ങൾ , കൊച്ചു കൊച്ചു കഫ്തീരിയകൾ നാട്ടിൽ പോലും കിട്ടാത്തത്ര രുചിയുള്ള ദോശയും വടയും പൂരിയും മസാലയും ചമ്മന്തിയും കിട്ടുന്ന തമിഴന്റെ കട , തമിഴ്‌നാട്ടിലെ ഏതോ ഗ്രാമ ചത്വരത്തിൽ എത്തിപ്പെട്ട പോലെ . ആരോ പറഞ്ഞറിഞ്ഞു വിലകുറഞ്ഞ മദ്യം കിട്ടുന്ന സൂപ്പർ മാർക്കറ്റുകളും കൊച്ചു ബാറുകളും വരെ അവിടെ സുലഭമാണെന്നു !
.
ഷാർജ ദുബായുടെ ഉപഗ്രഹ നഗരം പോലെ തോന്നിക്കും .ദുബായിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾക്ക് വേണ്ടി പണിത നൂറുക്കണക്കിന് അംബരചുംബികൾ , ഫ്‌ളാറ്റ്‌ സമുച്ഛയങ്ങൾ , വൃത്തിയുള്ള റോഡുകൾ , കുറ്റമറ്റ ഡ്രെയിനേജ് സംവിധാനം .അപരിചിതനായൊരാൾക്കു രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പോലെ .കാലത്തും വൈകുന്നേരത്തും രാത്രി ഏറെ വൈകും വരെയും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്ക് .
.
ഷാർജക്കു പക്ഷെ ഒരു ഇസ്‌ലാമിക പരിവേഷമുണ്ട് . മധ്യത്തിൽ ശിലാഫലകത്തിൽ വിശുദ്ധ ഗ്രന്ഥം നിവർത്തി വെച്ച പോലെ കാണപ്പെടുന്ന റൗണ്ടെബൗട്ടിന് പേര് തന്നെ ഖുർആൻ റൗണ്ടെബൗട്ട് . അതിനു തൊട്ടടുത്തായാണ് തുർക്കി /മുഗൾ വാസ്തുശില്പ മാതൃകയിൽ പണിത നിരവധി കെട്ടിടങ്ങൾ . പള്ളി , സാംസ്കാരിക നിലയം , വർഷം തോറും നടത്താറുള്ള അന്താരാഷ്‌ട്ര പുസ്തക പ്രദർശന മേളക്ക് വേണ്ടിയുള്ള സ്ഥിരം കെട്ടിടം തൊട്ടടുത്താണ് .
ഷാർജയിലെ അമീറിന് സാത്വികനായൊരു പണ്ഡിതന്റെ മുഖമാണ് . ഒന്നിലധികം ഡോക്റ്ററേറ്റുകൾ നേടിയ ആ മനുഷ്യൻ അറിവിന്റെ വാതായനങ്ങൾ തുറന്നു വെച്ച് ലോകമെങ്ങുമുള്ള പ്രശസ്ത യൂണിവേഴ്സിറ്റികൾക്കു ഷാർജയിൽ ശാഖകൾ സ്ഥാപിക്കാനുള്ള സൗകര്യം കൊടുത്തിരിക്കുന്നു .
മദ്യം വിളമ്പിയെങ്കിലേ ടൂറിസം വളരൂ എന്ന് വാചകമടിക്കുന്നവർക്കു അവിടെപ്പോയി സത്യം ഗ്രഹിക്കാം .
ഇസ്‌ലാമിക് മ്യൂസിയത്തിൽ എന്നെ എത്തിച്ചു നാട്ടിൽ നിന്നെത്തിയ പെങ്ങളെയും അളിയനെയും ദുബായിലെ അതൃപ്പങ്ങൾ കാണിക്കാൻ തിരക്കിട്ടു പോവേണ്ടി വന്ന റഷീദ് ഭായിയോട് നന്ദിയുണ്ട് .ഞാനും കള്ളു കുടിക്കാത്ത കുറേ സായിപ്പന്മാരും മദാമ്മമാരും മണിക്കൂറുകൾ അവിടെ ചിലവഴിച്ചു .
ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടു മുതൽ അബ്ബാസിയാ - അമവിയ്യാ ഭരണാധികാരികൾ അടിച്ചിറക്കിയ നാണയങ്ങളും രചയിതാവിന്റെ പേരും ഊരും അറിയാത്ത ഖുർആന്റെ കയ്യെഴുത്തു പ്രതികളും ഇസ്‌ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ സമഗ്ര മേഖലകളിലും കൈവരിച്ച പുരോഗതി കാണിക്കുന്ന ഭൗമ- ജ്യോതി ശാസ്ത്ര - ജ്യോമിതീയ ഉപകരണങ്ങളും വിവരണങ്ങളും .കഅബാ മന്ദിരത്തിൽ കൊല്ലം തോറും മാറ്റിയിടാറുള്ള സുവർണ്ണാക്ഷരങ്ങളിൽ ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്ത കില്ല പൊതിയുന്ന കറുത്ത പട്ടും ...........
ബുധനാഴ്ച ആസിഫിന് ഒഴിവാണ് . റാസൽ ഖൈമയിലേക്കു പ്രഭാതത്തിൽ തിരിക്കണം. ജബലുൽ ജീസ് - കരിങ്കല്ലിൽ പ്രകൃതിയെഴുതിയ മഹാകാവ്യം അവിടെയെന്നെ കാത്തിരിക്കുന്നു

No comments:

Post a Comment