Friday, April 14, 2017

കൊന്നമരങ്ങൾ

രാവിലെ , ചെറിയ യാത്രയിലായിരുന്നു .
രാവിന്റെ തണുപ്പ് ഒരൽപം ബാക്കിയുണ്ട്
പാതവക്കത്തെ പൂമരങ്ങളിലൊക്കെയും
പൂത്താലമൊരുക്കി പ്രഭാതം ചിരിക്കുന്നുണ്ട്
മെയ് ഫ്ളവറും ഗുൽമോഹറും, പിന്നെ 
പേരറിയാത്ത ഏതൊക്കെയോ മരങ്ങളും

പാതയോരത്ത് പുരയിടങ്ങളിൽ
ഇനിയും മുറിച്ചു മാറ്റാത്ത അപൂർവ്വം കൊന്നമരങ്ങൾ
ഇലകൾ ഒന്നും ബാക്കിയില്ലെങ്കിലും
പൂത്തുലഞ്ഞു നിൽക്കുന്നു
സ്വപ്‌നങ്ങൾ വിറ്റു ജീവിതം വാങ്ങുന്ന തെരുവിലെ
പേരില്ലാ കൌമാരങ്ങളെപ്പോലെ

വേനലറുതിയിൽ തെരുവോരത്തെ മരങ്ങളിൽ നിന്ന്
 പൂക്കളൊക്കെ കൊഴിഞ്ഞു തീരും
 വീണ പുഷ്പങ്ങളിൽ ചവിട്ടി പഥികർ നടന്നു നീങ്ങും
 പുതുമഴയുടെ വരവോടെ വീണ്ടുമവ തളിർക്കും, പൂക്കും

എനിക്കിനിയൊരു കൊന്നമരം നട്ടു പിടിപ്പിക്കണം
കൊല്ലാതെ , മരിക്കാതെ , നോക്കി വളർത്തണം
ഇനിയൊരു വിഷുക്കാലത്ത്
എന്റെ പേരക്കുട്ടികൾക്ക്‌ കണികണ്ടുണരാൻ

No comments:

Post a Comment